തൃശൂര്‍: കേരളീയം മാസികയെ ലക്ഷ്യം വെച്ച് വീണ്ടും പോലീസ് നടപടി. മാസികയുടെ 18ാം വാര്‍ഷികത്തോടനുബന്ധിച്ച് ഡിസംബര്‍ 23 ന് സംഘടിപ്പിച്ച നിലാവ് കൂട്ടായ്മ എന്ന പരിപാടി അകാരണമായി തടസപ്പെടുത്താന്‍ പോലീസ് ശ്രമിച്ചതായി കേരളീയം തങ്ങളുടെ ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു.

തൃശൂര്‍ നഗരാതിര്‍ത്തിയിലുള്ള പുഴയ്ക്കല്‍ വില്ലേജില്‍ (അടാട്ട് ഗ്രാമപഞ്ചായത്ത്) വച്ച് നടത്തിയ പരിപാടിയാണ് പ്രദേശത്തെ എസ്.ഐയുടെ നേതൃത്വത്തിലുള്ള പോലീസ്  സംഘം തടസപ്പെടുത്താന്‍ ശ്രമിച്ചത്. സ്ഥലം എസ്.ഐയുടെ അനുമതി വാങ്ങാതെ ഇത്തരത്തിലൊരു പരിപാടി നടത്താന്‍ കഴിയില്ലെന്നും  ഒരിക്കല്‍ റെയ്ഡ് നടന്ന സ്ഥാപനമായതിനാലും വ്യക്തമായ നിയമലംഘനം നടക്കുന്നുണ്ടെന്നുമുള്ള ഇന്റലിജന്‍സ് റിപ്പോര്‍ട്ട് ഉള്ളതിനാലുമാണ് അന്വേഷിച്ചു വന്നതെന്നുമായിരുന്നു പോലീസ് വിശദീകരണം.

കഴിഞ്ഞ വര്‍ഷം ഡിസംബര്‍ 22ന് രാത്രി കേരളീയം മാസികയ്‌ക്കെതിരെ സമാനമായ നീക്കം പോലീസിന്റെ ഭാഗത്ത് നിന്നും ഉണ്ടായിരുന്നു. മാവോയിസ്റ്റ് ബന്ധം ആരോപിച്ച് അന്ന് പോലീസ് കേരളീയം ഓഫീസില്‍ റെയ്ഡ് നടത്തി മൂന്ന് പേരെ കസ്റ്റഡിയിലെടുക്കുകയും ചെയ്തിരുന്നു. മുപ്പതില്‍പരം സായുധരായ പോലീസ് സംഘമാണ് തൃശ്ശൂര്‍ റെയില്‍വേ സ്റ്റേഷനു സമീപം പ്രവര്‍ത്തിക്കുന്ന കേരളീയത്തിന്റെ ഓഫീസില്‍ എത്തിയത്.

മൈക്ക് ഒന്നും ഉപയോഗിക്കാതെ, ആര്‍ക്കും ശല്യമില്ലാതെ നടത്തുന്ന പരിപാടിക്ക് അനുമതിയുടെ ആവശ്യമില്ലെന്നാണ് തങ്ങളുടെ അറിവെന്നും നാട്ടില്‍ കല്ല്യാണം മുതല്‍ വീടുകൂടല്‍ വരെയുള്ള എത്രയോ കൂടിച്ചേരലുകള്‍ നടക്കുന്നു, അതൊന്നും പോലീസ് സ്റ്റേഷനില്‍ അറിയിക്കാറില്ലല്ലോ, അതുപോലെ ക്ഷണിക്കപ്പെട്ട അതിഥികളുള്ള ഒരു ഇന്‍ഹൗസ് പരിപാടിയാണ് ഇതെന്നും പത്ത് വര്‍ഷമായി ഇത് നടത്താറുണ്ടെന്നും ഞങ്ങള്‍ പറഞ്ഞപ്പോള്‍. കല്ല്യാണം പോലല്ലല്ലോ ഇത്, അതൊക്കെ അന്തസ്സുള്ള പരിപാടികളല്ലേ എന്നായിരുന്നു എസ്.ഐ.യുടെ മറുപടിയെന്നും കേരളീയത്തിന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു.

എന്നാല്‍ ഏറെനേരത്തെ വാഗ്വാദത്തിന് ശേഷം പോലീസ് മടങ്ങിപ്പോവുകയായിരുന്നുവെന്നും പരിപാടി തുടര്‍ന്ന് 11 മണി വരെ നടത്തിയെന്നും ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നുണ്ട്.