വിദ്യാര്‍ത്ഥിനികളോട് മോശമായി പെരുമാറി; യൂത്ത് ലീഗ് ജില്ലാ വൈസ് പ്രസിഡന്റായ അധ്യാപകനെതിരെ പോക്‌സോ കേസെടുത്തു
Child Rights
വിദ്യാര്‍ത്ഥിനികളോട് മോശമായി പെരുമാറി; യൂത്ത് ലീഗ് ജില്ലാ വൈസ് പ്രസിഡന്റായ അധ്യാപകനെതിരെ പോക്‌സോ കേസെടുത്തു
ജിതിന്‍ ടി പി
Monday, 26th November 2018, 9:42 am

മലപ്പുറം: വിദ്യാര്‍ത്ഥിനികളോട് മോശമായി പെരുമാറിയ അധ്യാപകനെതിരെ പോക്സോ കേസെടുത്തു. യൂത്ത് ലീഗ് മലപ്പുറം ജില്ലാ വൈസ് പ്രസിഡന്റും മലപ്പുറം ചെമ്മങ്കടവ് പി.എം.എസ്.എ.എം എച്ച്.എസ്.എസിലെ ഉറുദു അധ്യാപകനുമായ എന്‍.കെ ഹഫ്സല്‍ റഹ്മാനെതിരെയാണ് കേസെടുത്തത്.

കുട്ടിയെ സംരക്ഷിക്കാന്‍ ചുമതലയുള്ളയാള്‍ ലൈംഗിക ദുരുദ്ദേശത്തോടെ ശരീരഭാഗങ്ങളില്‍ സ്പര്‍ശിച്ചതിന് പോക്സോ ഒമ്പത്- 10 വകുപ്പ് പ്രകാരമാണ് കേസ്. ഐപിസി 396 -ാം വകുപ്പും ചേര്‍ത്തിട്ടുണ്ട്.

ALSO READ: കന്യാസ്ത്രീ സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച സ്‌കൂളിനെതിരെ സി.ബി.എസ്.ഇയും വിദ്യാഭ്യാസ വകുപ്പും

നേരത്തെ സ്‌കൂളിലെ 19 വിദ്യാര്‍ഥിനികള്‍ മാനസികവും ശാരീരികവുമായി ഹഫ്സല്‍ പീഡിപ്പിച്ചെന്ന് രേഖാമൂലം പ്രിന്‍സിപ്പലിന് പരാതി നല്‍കിയിരുന്നു. ഇയാള്‍ക്കെതിരെ ആരോപണം പുറത്തുവന്നെങ്കിലും നടപടിയെടുക്കാന്‍ അധികൃതര്‍ തയ്യാറായിരുന്നില്ല.

എന്നാല്‍ ശനിയാഴ്ച കുട്ടികള്‍ ക്ലാസില്‍ കയറാതെ പ്രതിഷേധിക്കുകയും എസ്.എഫ്.ഐ സ്‌കൂളിലേക്ക് മാര്‍ച്ചും നടത്തുകയും ചെയ്തോടെ പ്രിന്‍സിപ്പല്‍ പരാതികള്‍ പൊലീസിന് കൈമാറി.

ചൈല്‍ഡ് ലൈന്‍ ടോള്‍ ഫ്രീ നമ്പറില്‍ വിവരമറിയിച്ചതനുസരിച്ച് അധികൃതര്‍ സ്‌കൂളിലെത്തിയെങ്കിലും അപ്പോഴേക്കും ക്ലാസ് വിട്ടിരുന്നു. അധികൃതര്‍ തിങ്കളാഴ്ച സ്‌കൂളിലെത്തി കുട്ടികളെ കാണും.

ALSO READ: കഠിനം യുവതികളുടെ ശബരിമല കയറ്റം

അതേസമയം അധ്യാപകനെ സസ്‌പെന്‍ഡ് ചെയ്തിട്ടില്ലെന്നാണ് സ്‌കൂളുമായി ബന്ധപ്പെട്ടപ്പോള്‍ കിട്ടിയ മറുപടി. സസ്‌പെന്‍ഡ് ചെയ്യണമെന്ന് തീരുമാനിച്ചിട്ടുണ്ടെങ്കിലും ഔദ്യോഗികമായി അക്കാര്യം അധ്യാപകനെ അറിയിച്ചിട്ടുണ്ടോ എന്ന് അറിയില്ലെന്ന് സ്‌കൂള്‍ അധികൃതര്‍ ഡൂള്‍ന്യൂസിനോട് പറഞ്ഞു.

ആരോപണം ഉയര്‍ന്ന പശ്ചാത്തലത്തില്‍ അധ്യാപകന്‍ സ്‌കൂളില്‍ വരാറില്ല.

ഈ മാസം ആറിന് സ്‌കൂളില്‍ എന്‍.എസ്.എസ് യൂണിറ്റിന്റെ നേതൃത്വത്തില്‍ സംഘടിപ്പിച്ച ക്യാമ്പില്‍ മറ്റൊരു സ്‌കൂളില്‍നിന്നെത്തിയ വിദ്യാര്‍ഥിനിയെ മുറിയിലേക്ക് വിളിച്ചുവരുത്തി ഹഫ്സല്‍ ഉപദ്രവിച്ചെന്നാണ് പ്രധാന ആക്ഷേപം. എന്നാല്‍, കുട്ടി പരാതി നല്‍കിയിരുന്നില്ല.

അധ്യാപകന്‍ മോശമായി പെരുമാറിയത് സ്‌കൂളില്‍ അറിഞ്ഞതോടെ കൂടുതല്‍ വിദ്യാര്‍ഥിനികള്‍ അധ്യാപകനെതിരെ രംഗത്തെത്തുകയായിരുന്നു.

ALSO READ: മേമുണ്ട എച്ച്.എസ്.എസ്സിന്റെ കിതാബ് എന്ന നാടകം ഇസ്‌ലാം വിരുദ്ധതയുടെ കപട പുരോഗമന മുഖമെന്ന് മതസംഘടനകള്‍; രാഷ്ട്രീയ പ്രേരിതമെന്ന് നാടക സംവിധായകന്‍

അതേസമയം അധ്യാപകനെ രാഷ്ട്രീയ സ്വാധീനം ഉപയോഗിച്ച് സംരക്ഷിക്കാന്‍ ശ്രമം നടക്കുന്നുണ്ടെന്ന ആരോപണവും ശക്തമാണ്. അധ്യാപകനില്‍ നിന്ന് ദുരനുഭവുമുണ്ടായ കുട്ടിയുടെ ബന്ധുക്കള്‍ പ്രിന്‍സിപ്പലുമായി സംസാരിച്ചിരുന്നു. ലീഗ് നേതാവായ പഞ്ചായത്ത് പ്രസിഡന്റിന്റെ നേതൃത്വത്തില്‍ കേസ് ഒതുക്കാന്‍ ശ്രമം നടക്കുന്നുണ്ട്.

വിഷയം രാഷ്ട്രീയമായും ഏറ്റെടുത്തതോടെ പൊലീസിന് മേല്‍ സമ്മര്‍ദ്ദമേറുന്നുണ്ട്. പോക്‌സോ കേസായതിനാല്‍ നടപടിയ്ക്ക് വീഴ്ച വരുത്തുന്നത് പൊലീസിനും ക്ഷീണമാകും.

ഹഫ്‌സല്‍ റഹ്മാനെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് ഇടത് വിദ്യാര്‍ത്ഥി-യുവജന സംഘടനകളും രംഗത്തെത്തിയിട്ടുണ്ട്.

വിദ്യാര്‍ഥിനികളോട് അപമര്യാദയായി പെരുമാറിയ ഹഫ്‌സല്‍ റഹ്മാനെ അറസ്റ്റ് ചെയ്യണമെന്ന് ഡി.വൈ.എഫ്.ഐ ആവശ്യപ്പെട്ടു.
ഇത്തരം കാര്യങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ ഈ വിഷയത്തിലെ ഗൗരവം മനസ്സിലാക്കി തുടര്‍നടപടി വേഗത്തില്‍ പൂര്‍ത്തീകരിക്കണം. അധ്യാപക നിയമനം സംബന്ധിച്ചും നിരവധി ആരോപണം നിലവിലുണ്ട്.

ഇത്തരം നിയമവിരുദ്ധവും പ്രതിഷേധാര്‍ഹവുമായ പ്രവര്‍ത്തനങ്ങളെ പൊതുസമൂഹം ചോദ്യംചെയ്യണമെന്നും ഇതിനെതിരെ അടിയന്തര നടപടി സ്വീകരിക്കണമെന്നും ഡി.വൈ.എഫ്.ഐ ജില്ലാ സെക്രട്ടറിയറ്റ് പ്രസ്താവനയില്‍ അറിയിച്ചു.

നേരത്തെ എസ്.എഫ്.ഐയും അധ്യാപകനെതിരെ രംഗത്തെത്തിയിരുന്നു.

അതേസമയം അധ്യാപകന്റെ നിയമനവും വിവാദത്തിലാണ്. അനധികൃതമായി അനുവദിച്ച തസ്തികയിലാണ് ഹഫ്‌സല്‍ റഹ്മാന്റെ നിയമനം എന്നാണ് മറ്റൊരു ആരോപണം. രണ്ടാം ഭാഷയായി അനുവദിച്ച രണ്ട് വിഷയങ്ങള്‍ കൂടാതെ ഉറുദുകൂടി ക്രമവിരുദ്ധമായി അനുവദിച്ചാണ് ഹഫ്‌സല്‍ റഹ്മാനെ നിയമിച്ചതെന്നും പറയപ്പെടുന്നു.

ഹയര്‍സെക്കണ്ടറിയില്‍ നിയമന ഉത്തരവ് ഇറക്കേണ്ടത് റീജണല്‍ ഡെപ്യൂട്ടി ഡയറക്ടര്‍ ആണെന്നിരിക്കെ ഹഫ്‌സല്‍ റഹ്മാനെ അധ്യാപകനായി നിയമിച്ച് ഉത്തരവിറക്കിയത് വിദ്യാഭ്യാസ വകുപ്പ് സെക്രട്ടറിയാണെന്നതും ആക്ഷേപം ബലപ്പെടുത്തുന്നു.

2011 അധ്യയന വര്‍ഷാരംഭത്തില്‍ ഈ സ്‌കൂളില്‍ ഉറുദു കോഴ്‌സ് അനുവദിച്ചിട്ടില്ലായിരുന്നു. എന്നാല്‍, 2011 നവംബറില്‍ മലയാളം രണ്ടാം ഭാഷയായി തെരഞ്ഞെടുത്ത 12 പ്ലസ്വണ്‍ വിദ്യാര്‍ഥികളെ ഉറുദുവിലേക്ക് മാറ്റി. അന്ന് ട്യൂഷന്‍ അധ്യാപകനെന്നപേരില്‍ എത്തിയ ഹഫ്‌സലിനെ 2012ലാണ് മാനേജ്‌മെന്റ് നിയമിച്ചത്. ഹഫ്‌സല്‍ റഹ്മാന് 2011 മുതല്‍ മുന്‍കാല പ്രാബല്യത്തോടെ ശമ്പളം നല്‍കണം എന്നുപറഞ്ഞാണ് 2013ല്‍ സര്‍ക്കാര്‍ നിയമന ഉത്തരവ് ഇറക്കിയതെന്നും ആക്ഷേപമുണ്ട്.

WATCH THIS VIDEO:

ജിതിന്‍ ടി പി
ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും ബിരുദം, ജേര്‍ണലിസത്തില്‍ പി.ജി ഡിപ്ലോമ. 2017 മുതല്‍ ഡൂള്‍ന്യൂസില്‍ പ്രവര്‍ത്തിക്കുന്നു.