”പട്ടാപ്പകല്‍ ചൂട്ടും കത്തിച്ച് മനുഷ്യനെ തേടി നടന്നു.പക്ഷെ മനുഷ്യനെ കണ്ടില്ല”. ഏറെ ചിന്തകള്‍ക്ക് ഇടം നല്‍കിയ ഗാനത്തോടെയാണ് കോഴിക്കോട് ജില്ലാ കലോത്സവത്തില്‍ മേമുണ്ട എച്ച്.എസ്.എസിന്റെ കിത്താബെന്ന നാടകം ആരംഭിക്കുന്നത്. വ്യത്യസ്ഥമായ ആശയ ആവിഷ്‌കരണം നാടകത്തിന് ഒന്നാം സ്ഥാനം നേടികൊടുത്തു.
എന്നാലിപ്പോള്‍ നാടകത്തിന്റെ പശ്ചാത്തലം സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ചയായിരിക്കുകയാണ്. അനുകൂലിച്ചും പ്രതികൂലിച്ചും നിരവധിയാളുകളാണ് രംഗത്തെത്തിയത്.
ഇസ്‌ലാം മതത്തിലെ നിലപാടുകള്‍ ചര്‍ച്ച ചെയ്യുന്ന നാടകം പുരോഗനാത്മക സമൂഹത്തിന്റെ മുന്നോട്ട് നടത്തമാണെന്ന് ഒരു വിഭാഗം വാദിക്കുമ്പോള്‍ നാടകം മതത്തെ വക്രീകരിച്ച് ചിത്രീകരിക്കാനാണ് ശ്രമിച്ചതെന്നും ഇസ്‌ലാം വിരുദ്ധതയാണ് നാടകം മുന്നോട്ട് വെയ്ക്കുന്നതെന്നും മറുപക്ഷം വാദിക്കുന്നു.
നാടകത്തിനെതിരെ മുസ്‌ലിം യൂത്ത് ലീഗ്, എസ്.കെ.എസ്.എസ്.എഫ്, എസ്.ഐ.ഒ, സോളിഡാരിറ്റി അടക്കമുള്ള സംഘടനകള്‍ രംഗത്തെത്തിയിട്ടുണ്ട്. ആവിഷ്‌കാര സ്വാതന്ത്രത്തിന്റെ മറവില്‍ മതമൂല്യങ്ങളെ ചവിട്ടിമെതിക്കാനാവില്ലെന്ന തലക്കെട്ടില്‍ എസ്.കെ.എസ്.എസ്.എഫ് പ്രതിഷേധ സംഗമം സംഘടിക്കുമ്പോള്‍ സ്‌കൂളിന്റെ മതവിരുദ്ധത തിരിച്ചറിയുകയെന്ന ടാഗ്‌ലൈനിലാണ് യൂത്ത് ലീഗ് പ്രതിഷേധം സംഘടിപ്പിക്കുന്നത്.
നാടകത്തിനെതിരെ എസ്.ഡി.പി.യും രംഗത്തെത്തിയിരുന്നു. വിദ്യാര്‍ഥകളുടെ സര്‍ഗാത്മക കഴിവുകള്‍ പ്രകടിപ്പിക്കുന്ന വേദികളെപ്പോലും സങ്കുചിത രാഷ്ട്രീയ താല്‍പര്യങ്ങള്‍ക്ക് ഉപയോഗിക്കുന്നത് മോശമായ കാര്യമാണെന്നാണ് എസ്.ഡി.പി.ഐ.യുടെ നിലപാട്. മുസ്‌ലിം സമുദായത്തെയും ആശയങ്ങളേയും തെറ്റായ രീതിയില്‍ പ്രേക്ഷകരിലേക്ക് എത്തിക്കുകയെന്ന ലക്ഷ്യം മാത്രമാണ് നാടകത്തിന് ഉള്ളതെന്നും എസ്.ഡി.പി.ഐ. നേതൃത്വം അഭിപ്രായപ്പെട്ടു.
ALSO READ: സഖാക്കളേ, നിങ്ങളെന്തു നവോത്ഥാനത്തെക്കുറിച്ചാണ് പറഞ്ഞുകൊണ്ടിരിക്കുന്നത്?
മേമുണ്ട സ്‌കൂള്‍ അവതരിപ്പിച്ച നാടകത്തിനെതിരെ ജമാഅത്തെ ഇസ്‌ലാമിയുടെ യുവജന സംഘടനയായ സോളിഡാരിറ്റിയും രംഗത്തെത്തി. ആവിഷ്‌കാര സ്വാതന്ത്രത്തിന്റെ മറവില്‍ മതവിശ്വാസങ്ങളെ അവഹേളിക്കുന്ന നിലപാട് അംഗീകരിക്കാന്‍ ആകില്ലെന്നാണ് സോളിഡാരിറ്റി വടകര ഏരിയയുടെ നിലപാട്. സര്‍ഗവസന്തങ്ങളാണ് കലാമേളയില്‍ ഉണ്ടാകേണ്ടത്. അവിടെ മതവിശ്വാസങ്ങളെ അവഹേളിക്കാനുള്ള വേദിയാകരുത്. നാടകം വിദ്യാര്‍ഥികള്‍ക്കിടയില്‍ വികലമായ മതവിരദ്ധുത സൃഷ്ടിക്കാനുള്ള ശ്രമം മാത്രമാണ്. നാടകത്തിനെതിരെ നടപടി സ്വീകരിക്കണമെന്നും സംസ്ഥാനതലത്തില്‍ നാടകത്തെ അയോഗ്യമാക്കണമെന്നും സോളിഡാരിറ്റി ആവശ്യപ്പെട്ടു.
കഴിഞ്ഞ വര്‍ഷം ഇതേ സ്‌കൂളില്‍ ഇംഗ്ലീഷ് സ്‌കിറ്റ് പഠിപ്പിച്ച പോയ ഷെഫീര്‍ കായുവിന്റെ നിലപാട് വ്യത്യസ്ഥമാണ്. നാടകരചയിതാവായ റഫീഖിനെ വ്യക്തിപരമായി അറിയുന്ന ഷെഫീഖ് കായു ഫേസ്ബുക്കിലൂടെ പറയുന്നത് കിതാബിലൂടെ റഫീഖ് ഉദ്ദേശിക്കുന്നത് പൊതുബോധത്തെ തൃപ്തിപ്പെടുത്തുന്ന സൃഷ്ടികള്‍ നിര്‍മിക്കുകയും അതിലൂടെ ജനശ്രദ്ധയാകര്‍ഷിക്കലുമാണ്.
എന്നാല്‍ സമൂഹത്തിലും മതത്തിലും സ്ത്രീ നേരിടുന്ന സമത്വമില്ലായ്മയെ വരച്ചുകാട്ടുകയാണ് കിതാബിന്റെ ലക്ഷ്യമെന്ന് നാടക സംവിധായകനായ റഫീഖ് മംഗലശ്ശേരി പറയുന്നു. ഒരു പ്രത്യേക മതത്തെ അവഹേളിക്കാനോ നാണം കെടുത്താനോ ശ്രമിച്ചട്ടില്ലെന്നും നിലവില്‍ നടക്കുന്ന പ്രതിഷേധങ്ങള്‍ രാഷ്ട്രീയ പ്രേരിതമാണെന്നും റഫീക് ഡൂള്‍ ന്യൂസിനോട് പറഞ്ഞു.
നിലവിലുണ്ടായിട്ടുള്ള തെറ്റിദ്ധാരണ സ്‌കൂളിന് ബോധ്യപ്പെട്ടെന്ന് എച്ച്.എസ്.എസ് ഹയര്‍സെക്കണ്ടറി മലയാളം അധ്യാപകന്‍ കൃഷ്ണദാസ് ഡൂള്‍ ന്യൂസിനോട് പറഞ്ഞു. അവരുമായി ചര്‍ച്ച നടത്താന്‍ തയ്യാറാണ്. ചര്‍ച്ചയിലൂടെ നാടകത്തിന്റെ ആത്മാവ് നഷ്ടപ്പെടാതെ പുനക്രമീകരിക്കാന്‍ സ്‌കൂള്‍ തയ്യാറാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ആരേയും വ്രണപ്പെടുത്തി മുന്നോട്ട് പോകാന്‍ താല്‍പര്യമില്ലെന്നാണ് അദ്ദേഹത്തിന്റെ അഭിപ്രായം.
ഉപജില്ലാതലത്തിലും ഞങ്ങള്‍ ഈ നാടകം അവതരിപ്പിച്ചു. അന്നൊന്നും പ്രശ്‌നമുണ്ടായില്ല. ഇപ്പോള്‍ പ്രശ്‌നമുണ്ടാക്കുന്നവരില്‍ ഭൂരിഭാഗവും നാടകം കാണാത്തവരാണെന്ന് അദ്ദേഹം ആരോപിച്ചു. എന്നാല്‍ നാടകത്തിന്റെ ചിത്രങ്ങള്‍ പേജില്‍ അപ്‌ലോഡ് ചെയ്തതിന് ശേഷം അശ്‌ളീലപരവും പ്രകോപനപരവുമായ നിരവധി കമന്റുകള്‍ വന്നെന്ന് അദ്ദേഹം പറഞ്ഞു.
ഇസ്‌ലാമില്‍ എവിടേയും പുരുഷനേക്കാള്‍ ബുദ്ധികുറവാണ് സ്ത്രീക്കെന്ന് പറയുന്നില്ല. പുരുഷന്‍ കഴിച്ചതിന്റെ ബാക്കി മാത്രമേ സ്ത്രീ കഴിക്കാവൂ എന്നും പറയുന്നില്ല. നാടകത്തില്‍ ഇത്തരം രംഗങ്ങള്‍ കുത്തിക്കയറ്റി ഇസ്‌ലാം മതം സ്ത്രീ വിരുദ്ധമാണെന്നും സ്ത്രീകള്‍ മതത്തിനകത്ത് സുരക്ഷിതരല്ലെന്ന തെറ്റിദ്ധാരണ പരത്തലാണ് നാടകത്തിലൂടെ ഉദ്ദേശിക്കുന്നതെന്ന് എസ്.കെ.എസ്.എസ്.എഫ് ജനറല്‍ സെക്രട്ടറി സത്താര്‍ പന്തല്ലൂര്‍ ഡൂള്‍ ന്യൂസിനോട് പറഞ്ഞു.
എന്നാല്‍ നാടകത്തിലൂടെ ഇസ്‌ലാം മതത്തെ അവഹേളിക്കാനല്ല സ്‌കൂള്‍ ശ്രമിച്ചതെന്നാണ് മേമുണ്ട എച്ച്.എസ്.എസ് ഹയര്‍സെക്കണ്ടറി മലയാളം അധ്യാപകന്‍ കൃഷ്ണദാസിന്റെ അഭിപ്രായം. മുപ്പത് കൊല്ലത്തെ നാടക പാരമ്പര്യം ഈ സ്‌കൂളിനുണ്ട്. ഒരുതവണ പോലും ഒരുമതത്തേയും താറടിക്കാന്‍ ശ്രമിച്ചിട്ടില്ല. ഇപ്പോഴുണ്ടായിരിക്കുന്നത് തെറ്റിദ്ധാരണയാണെന്നും കൃഷ്ണദാസ് പറഞ്ഞു.
അതേസമയം നാടകത്തിന്റെ തിരക്കഥ കയ്യില്‍ കിട്ടിയതിന് ശേഷമേ നിയമനടപടികള്‍ സ്വീകരിക്കുകയുള്ളുവെന്ന് സത്താര്‍ പന്തല്ലൂര്‍ കൂട്ടിച്ചേര്‍ത്തു. ഇത്തരം വിഷയങ്ങളില്‍ പ്രാദേശികമല്ലാതെ ചാടിക്കേറി നിലപാട് പറയാനും നാടകത്തിന് ഇത്തരത്തില്‍ ജനശ്രദ്ധ നേടിക്കൊടുക്കാനും എസ്.കെ.എസ്.എസ്.എഫ് ആഗ്രഹിക്കുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
‘രചനകള്‍ എഴുത്തുകാരന്റെ സ്വാതന്ത്രമാണ്. വന്ദിക്കാനുള്ള അവകാശം പോലെ നിന്ദിക്കാനും അവകാശമുണ്ട്. അതുകൊണ്ട് തന്നെ ആശയ സംവാദത്തിനുള്ള സാഹചര്യമാണ് ഒരുങ്ങേണ്ടത്. അതാണ് ജനാധിപത്യ മര്യാദ അല്ലാതെ ഒരു പ്രത്യേക വിഭാഗത്തിന്റെ ആശയങ്ങളെ പരിഹസിക്കുന്ന സൃഷ്ടികളെ ഇല്ലാതാക്കുന്ന പ്രവണത ജനാധിപത്യ കമ്മിത്തരമാണെന്ന്’ എഴുത്തുകാരനായ കെ.ഇ.എന്‍. അഭിപ്രായപ്പെട്ടു.
‘കിതാബില്‍ മുസ്‌ലിം വിരുദ്ധത നിലനില്‍ക്കുന്നുണ്ടെങ്കില്‍ അതിനെ ആശയപരമായി നേരിടണം. കിതാബ് ഇസ്‌ലാമോഫോബിയയുടെ സൃഷ്ടിയാണെങ്കില്‍ സംവാദത്തിലൂടെ ജനാധിപത്യപരമായി നേരിടാന്‍ ശ്രമിക്കണമെന്നും’ അദ്ദേഹം അഭിപ്രായപ്പെട്ടു.
നാടകം തീര്‍ത്തും ഇസ്‌ലാമിക വിരുദ്ധമാണെന്നാണ് മുസ്‌ലിം പണ്ഡിതരുടെ അഭിപ്രായം. നാല് കെട്ടിയ മുക്രിമാരെ ചിത്രീകരിക്കുന്നതിലൂടെ സമുദായം പുരോഗമനമല്ലെന്ന് ചിത്രീകരിക്കാനുള്ള ശ്രമം ആണെന്ന് അവര്‍ പറയുന്നു.
മതനിരാസത്തിന്റെ കുടുസ്സായ ജീവിത കാഴ്ചപ്പാടില്‍ നിന്ന് കൊണ്ട് ശരിയായ വിശ്വാസത്തേയും മതദര്‍ശനത്തേയും മനസ്സിലാക്കാനുള്ള കഴിവുകേടാണ് പലപ്പോഴും ഇസ്‌ലാം സ്ത്രീ വിരുദ്ധമാണെന്നും കാലഹരണപ്പെട്ടതാണെന്നുമുള്ള വിലയിരുത്തലുകള്‍ക്ക് പിന്നിലെന്ന് എസ്.ഐ.ഒ.സംസ്ഥാന പ്രസിഡന്റ് സി.ടി.സുഹൈബ് അഭിപ്രായപ്പെട്ടു.
കേരളത്തിന്റെ പുരോഗമന സാംസ്‌കാരിക ഇടങ്ങളില്‍ ഇസ്‌ലാമിനേയും മുസ്‌ലീങ്ങളേയും കുറിച്ചുള്ള പ്രതിലോമകരമായ ചിത്രീകരണത്തിന്റെ തുടര്‍ച്ചയാണ് കിതാബ് എന്ന നാടകമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.