ന്യൂദൽഹി: ഗ്രാമീണ മേഖലയിലെ സർക്കാർ സ്കൂളുകളുടെ അറ്റകുറ്റപ്പണികൾക്കും അടിസ്ഥാന സൗകര്യ വികസനത്തിനുമായി പി.എം കെയേഴ്സ് ഫണ്ട് ഉപയോഗിക്കണമെന്ന് ആവശ്യപ്പെട്ട സി.ജെ.പി സ്ഥാപകൻ അഭിജീത് ദിപ്കെയ്ക്കെതിരെ ബി.ജെ.പി രംഗത്ത്. ദിപ്കെ ആം ആദ്മി പാർട്ടിയുടെ ‘പെറ്റ് പ്രോജക്ട്’ ആണെന്ന് ബി.ജെ.പി ഗോവ ഘടകം സമൂഹമാധ്യമ പോസ്റ്റിലൂടെ പരിഹസിച്ചു.
പി.എം കെയേഴ്സ് ഫണ്ട് അടിയന്തര സാഹചര്യങ്ങൾക്കും ദുരന്തനിവാരണത്തിനുമായി ഉദ്ദേശിച്ചിട്ടുള്ളതാണെന്നും ദിപ്കെയെ കെജ്‌രിവാൾ ‘നാടകീയ പ്രകടനങ്ങൾ’ നടത്താൻ മാത്രമാണ് പഠിപ്പിച്ചതെന്നും അടിസ്ഥാന വസ്തുതകൾ പഠിപ്പിച്ചില്ലെന്നും ബി.ജെ.പി വിമർശിച്ചു.
ഗ്രാമീണ ഇന്ത്യയിലെ സർക്കാർ സ്കൂളുകളുടെ അവസ്ഥ മെച്ചപ്പെടുത്താൻ പി.എം കെയേഴ്സ് ഫണ്ടിലെ പണം ഉപയോഗിക്കണമെന്നായിരുന്നു ദിപ്കെയുടെ ആവശ്യം. പി.എം കെയേഴ്സ് ഫണ്ടിൽ ഏകദേശം 8,500 കോടി രൂപ ഉപയോഗിക്കാതെ കിടക്കുന്നതായി റിപ്പോർട്ടുകളുണ്ടെന്നും അദ്ദേഹം പറഞ്ഞു.
‘സ്കൂൾ ഠീക് കരോ’ ക്യാമ്പയിന്റെ ഭാഗമായി ഗ്രാമങ്ങളിലെ സർക്കാർ സ്കൂളുകൾ സന്ദർശിക്കുന്നതിനിടെയായിരുന്നു ദിപ്കെയുടെ പരാമർശം.
പല സ്കൂളുകളിലും കുടിവെള്ളം ഉൾപ്പെടെയുള്ള അടിസ്ഥാന സൗകര്യങ്ങൾ പോലും ലഭ്യമല്ലെന്നും പുതിയ സ്കൂളുകൾ നിർമിക്കാനും നിലവിലുള്ളവയുടെ അറ്റകുറ്റപ്പണികൾക്കുമായി ഫണ്ട് ഉപയോഗിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
‘ഒരു വശത്ത് സ്കൂളുകൾക്ക് ഫണ്ടില്ലെന്ന് പറയുന്നു. മറുവശത്ത് 8,500 കോടി രൂപ പി.എം കെയേഴ്സ് ഫണ്ടിൽ കിടക്കുകയാണ്,’ദിപ്കെ ചൂണ്ടിക്കാട്ടി.
Content Highlight:PM CARES Fund Row: CJP-BJP Clash Escalates; BJP Challenges Dipke to Visit Punjab.