തിരുവനന്തപുരം: ആര്‍. ശ്രീലേഖയ്ക്ക് ആരോഗ്യപ്രശ്‌നങ്ങളാണെന്നും അവര്‍ രാജിവെച്ചുവെന്ന വാര്‍ത്ത മാധ്യമ സൃഷ്ടിയാണെന്നും ബി.ജെ.പി സംസ്ഥാന ജനറല്‍ സെക്രട്ടറി എസ്. സുരേഷ്.
ആരോഗ്യപ്രശ്‌നങ്ങള്‍ കാരണം ജനപ്രതിനിധി എന്ന നിലയിലുള്ള കടമകള്‍ നിര്‍വഹിക്കാന്‍ കഴിയില്ല എന്ന ചിന്തയും ഉത്കണ്ഠയും ശ്രീലേഖയ്ക്കുണ്ടന്നും സുരേഷ് പറഞ്ഞു. ഫേസ്ബുക്ക് പേജിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
‘ശ്രീലേഖ ചേച്ചിയെ ആശുപത്രിയില്‍ സന്ദര്‍ശിച്ചു. കുറച്ചു ദിവസങ്ങളായി ശാരീരിക അസ്വാസ്ഥ്യം അവരെ അലട്ടുന്നു. അതുകാരണം ജനപ്രതിനിധി എന്ന നിലയിലുള്ള ചുമതല വേണ്ടവണ്ണം നിര്‍വ്വഹിക്കാന്‍ കഴിയില്ലേ എന്ന ചിന്ത യും ഉത്കണ്ഠയും ഉണ്ട്, അത് ഏറ്റവും വേണ്ടപ്പെട്ടവരുടെ ശ്രദ്ധയില്‍പ്പെടുത്തി എന്നു മാത്രം, ദൗര്‍ഭാഗ്യവശാല്‍ അത് മാധ്യമ ചര്‍ച്ചക്ക് കാരണമായി. ശ്രീലേഖ രാജിവച്ചു എന്ന വാര്‍ത്ത ശരിയല്ല.
അവര്‍ മറ്റു രാഷ്ട്രീയപാര്‍ട്ടികളില്‍ ചേര്‍ന്നേക്കും, എന്തോ പോസ്റ്റ് കിട്ടാത്തതുകൊണ്ടാണ് , പാര്‍ട്ടിയുമായി വിലപേശുകയാണ് എന്ന നിലയിലൊക്കെ ചിലമാധ്യമങ്ങള്‍ കഥകളുണ്ടാക്കിയത് സമാന്യമര്യാദക്ക് നിരക്കുന്നതല്ല,’ ബി.ജെ.പി നേതാവ് കുറിച്ചു.
ചിലര്‍ ബി.ജെ.പിയുടെ കോര്‍പ്പറേഷന്‍ ഭരണം ഇപ്പോതാഴെ പോകും എന്നൊക്കെ ദിവാസ്വപ്നം കണ്ടുതുടങ്ങിയെന്നും ആ വെള്ളം വാങ്ങിവച്ചോളൂ അഞ്ച് വര്‍ഷം മാത്രമല്ല തുടര്‍ന്നും തിരുവനന്തപുരം ബി.ജെ.പി തന്നെ ഭരിക്കുമെന്നും എസ്. സുരേഷ് പറഞ്ഞു.
‘കേരളത്തിലെ ആദ്യവനിത ഐ.പി.എസുകാരിയും ഡി.ജി.പിയും എന്ന നിലക്ക് അവരെ കെ. സുരേന്ദ്രന്‍ ആണ് ബി.ജെ.പിയില്‍ ചേര്‍ത്തത്. തുടര്‍ന്ന് പാര്‍ട്ടിയോടുള്ള പ്രതിബദ്ധത അവര്‍ എപ്പോഴും കാത്ത് സൂക്ഷിച്ചിട്ടുണ്ട്. പാര്‍ട്ടി സംസ്ഥാന വൈസ് പ്രസിഡന്റ് എന്ന നിലയില്‍ മികവുറ്റ പ്രവര്‍ത്തനമാണ് നടത്തുന്നത്.
പാര്‍ട്ടി ആവശ്യപ്പെട്ടപ്പോള്‍ കൗണ്‍സിലര്‍ സ്ഥാനാര്‍ത്ഥിയായി മത്സരിക്കാന്‍ തയ്യാറായതും അവര്‍ക്ക് പാര്‍ട്ടിയോടുള്ള വിധേയത്വം തെളിയിക്കുന്നു. പാര്‍ട്ടിയുടെ മൂന്ന് ദിവസം നീണ്ടു നിന്ന ജില്ലാതല പഠനശിബിരത്തില്‍ ഒരു സാധാരണ പ്രവര്‍ത്തകയെ പോലെ ശ്രീലേഖയുണ്ടായിരുന്നു അഴിമതിക്കെതിരെ എന്നും പോരാടിയിട്ടുള്ള ആര്‍.ശ്രീലേഖക്ക് അനധികൃത സമ്പാദ്യമൊന്നുമില്ല, സ്വന്തം പെന്‍ഷന്‍ പണമെടുത്താണ് അവര്‍ വാര്‍ഡിലെ ജനങ്ങളെ സേവിക്കുന്നത്,’ ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു.
Content Highlight: Sreelekha is facing health issues and is concerned that she cannot function as a public representative; everything else is a media creation: S. Suresh.
