കൊല്‍ക്കത്ത: പശ്ചിമ ബംഗാളിലെ ബങ്കുരയില്‍ തങ്ങള്‍ക്ക് വോട്ട് ചെയ്യാത്തതിന്റെ പേരില്‍ മുസ്‌ലിം സ്ത്രീകള്‍ക്ക് സഹായം നല്‍കാന്‍ വിസമ്മതിച്ച് ബി.ജെ.പി എം.എല്‍.എ. നിലാദ്രി ശേഖര്‍ ദാനയ്‌ക്കെതിരെയാണ്‌പരാതി ഉയര്‍ന്നിരിക്കുന്നത്. ഒക്ടോബര്‍ രണ്ട് വെള്ളിയാഴ്ച എം.എല്‍.എയെ സന്ദര്‍ശിച്ച തങ്ങളെ അദ്ദേഹം അപമാനിച്ചതായും സഹായം നിഷേധിച്ചതായും പ്രദേശവാസികളായ സ്ത്രീകള്‍ പറയുന്നു.
‘അന്നപൂര്‍ണ യോജന’ പദ്ധതി പ്രകാരമുള്ള പ്രതിമാസ ധനസഹായമായ 3,000 രൂപ ലഭിക്കാത്തതിനെ തുടര്‍ന്നാണ് സ്ത്രീകള്‍ സഹായം തേടി എം.എല്‍.എയുടെ ഓഫീസിലെത്തിയത്. അര്‍ഹരായ സ്ത്രീകള്‍ക്ക് നേരിട്ട് അക്കൗണ്ടിലേക്ക് പണം നല്‍കുന്ന ഈ ക്ഷേമപദ്ധതി സുവേന്ദു അധികാരി സര്‍ക്കാരാണ് അവതരിപ്പിച്ചത്.
ഓണ്‍ലൈനായും ഓഫ്‌ലൈനായും അപേക്ഷിച്ചിട്ടും തുക ലഭിക്കാത്തതിനെ തുടര്‍ന്ന് സ്ത്രീകള്‍ ആദ്യം സബ് ഡിവിഷണല്‍ ഓഫീസറെ സമീപിച്ചിരുന്നു.
ജനങ്ങള്‍ക്ക് നേരിട്ട് പരാതി നല്‍കാനുള്ള ‘സേബാ സേതു അഭിയാന്‍’ പരിപാടിയില്‍ പങ്കെടുക്കാന്‍ അദ്ദേഹം നിര്‍ദേശിച്ചതനുസരിച്ച് ഒക്ടോബര്‍ രണ്ടിന് സ്ത്രീകള്‍ അവിടെ എത്തിയെങ്കിലും ഫലമുണ്ടായില്ല. തുടര്‍ന്നാണ് അവര്‍ ഭൈരബ്സ്ഥാന് സമീപമുള്ള എം.എല്‍.എയുടെ ഓഫീസിലേക്ക് പോയത്.
തങ്ങളെ കണ്ടയുടന്‍ എം.എല്‍.എ ‘ജയ് ശ്രീറാം’ വിളികള്‍ തുടങ്ങിയതായി സ്ത്രീകള്‍ പറയുന്നു. എന്നാല്‍ പണത്തെക്കുറിച്ച് ചോദിച്ചപ്പോള്‍, ആദ്യം ഹിന്ദു സ്ത്രീകള്‍ക്ക് പണം ലഭിക്കുമെന്നും അതിനുശേഷമേ മുസ് ലിം സ്ത്രീകള്‍ക്ക് നല്‍കൂ എന്നും അദ്ദേഹം പറഞ്ഞതായി രേഷ്മ ബീബി എന്ന സ്ത്രീ പറയുന്നു.
‘മുസ്‌ലിം വോട്ടുകള്‍ കൊണ്ടല്ല ഞങ്ങള്‍ ജയിച്ചത്, അതിനാല്‍ നിങ്ങളുടെ വിഷയം പിന്നീട് പരിഗണിക്കും’ എന്ന് എം.എല്‍.എ പറഞ്ഞതായി മറ്റൊരു സ്ത്രീയായ ഷരീഫി ബീബിയും ആരോപിക്കുന്നു. അതേസമയം, താന്‍ ‘ജയ് ശ്രീറാം’ വിളിച്ച കാര്യം എം.എല്‍.എ നിലാദ്രി ശേഖര്‍ ദാന സമ്മതിച്ചെങ്കിലും സ്ത്രീകളെ അപമാനിച്ചെന്ന ആരോപണം അദ്ദേഹം നിഷേധിച്ചു.
‘ഞാന്‍ ജയ് ശ്രീറാം എന്ന് പറഞ്ഞിട്ടുണ്ട്, പക്ഷേ സ്ത്രീകളോട് അപമാനകരമായി ഒന്നും സംസാരിച്ചിട്ടില്ല. വിഷയം പരിശോധിക്കാമെന്നാണ് ഞാന്‍ അവരോട് പറഞ്ഞത്. കൂടെയുണ്ടായിരുന്ന മറ്റാരെങ്കിലും എന്തെങ്കിലും പറഞ്ഞിട്ടുണ്ടെങ്കില്‍ അതിന്റെ ഉത്തരവാദിത്തം എനിക്കില്ല,’ എം.എല്‍.എ പറഞ്ഞു.
ഈ സംഭവത്തില്‍ വലിയ മാനസിക വിഷമമുണ്ടായതായും പ്രദേശത്തെ ആളുകള്‍ക്ക് അന്ന് ഭക്ഷണം പോലും കഴിക്കാന്‍ തോന്നിയില്ലെന്നും ദുരിതബാധിതരായ സ്ത്രീകള്‍ മാധ്യമങ്ങളോട് പറഞ്ഞു.
Content Highlight: We did not win because of Muslim votes: BJP MLA denies government financial aid to women in Bengal.
