കൊല്‍ക്കത്ത: പശ്ചിമ ബംഗാളിലെ കൊല്‍ക്കത്തയില്‍ ആലിയ സര്‍വകലാശാലയിലെ മൂന്ന് വിദ്യാര്‍ത്ഥികള്‍ക്ക് നേരെ വര്‍ഗീയ അധിക്ഷേപവും ക്രൂരമായ മര്‍ദനവും ഉണ്ടായതായി പരാതി. സെപ്റ്റംബര്‍ 24നാണ് സംഭവം നടന്നത്.

സര്‍വകലാശാലയുടെ താല്‍തല കാമ്പസിലെ ഇസ്‌ലാമിക് തിയോളജി വിഭാഗം വിദ്യാര്‍ത്ഥികളായ എം.ഡി ആഷിഖ് ബില്ലാ, മൊയാജ്ജം ഹൊസൈന്‍, ഹസനൂര്‍ ജമാന്‍ എന്നിവരാണ് ആക്രമിക്കപ്പെട്ടത്.
ക്ലാസ് കഴിഞ്ഞ് റെയില്‍വേ സ്റ്റേഷനിലേക്ക് മടങ്ങുകയായിരുന്ന വിദ്യാര്‍ത്ഥികളെ സ്‌കൂട്ടറിലെത്തിയ രണ്ട് മധ്യവയസ്‌കര്‍ തടഞ്ഞുനിര്‍ത്തുകയായിരുന്നു.

നെറ്റിയില്‍ കുറി തൊട്ട ഇവര്‍ വിദ്യാര്‍ത്ഥികളോട് മനപൂര്‍വ്വം വഴക്കുണ്ടാക്കാന്‍ ശ്രമിക്കുകയും ഹിന്ദിയില്‍ അസഭ്യം പറയുകയും ചെയ്തതായി വിദ്യാര്‍ത്ഥികള്‍ പറഞ്ഞു. വിദ്യാര്‍ത്ഥികളുടെ താടിയും തൊപ്പിയും നോക്കി ഇവര്‍ ‘ജിഹാദി’, ‘ജംഗി’ എന്ന് വിളിച്ച് അധിക്ഷേപിക്കുകയും ചെയ്തതായി പരാതിയില്‍ പറയുന്നു.

വിദ്യാര്‍ത്ഥികള്‍ പ്രതികരിക്കാതിരുന്നിട്ടും അക്രമികള്‍ സ്‌കൂട്ടറില്‍ നിന്നിറങ്ങി ഇവരെ ക്രൂരമായി മര്‍ദിക്കുകയായിരുന്നു. ആഷിഖിനെ അടുത്തുള്ള ഒരു ഇടവഴിയിലേക്ക് വലിച്ചിഴച്ചു കൊണ്ടുപോയി മര്‍ദിക്കുകയായിരുന്നു.

തടയാന്‍ ശ്രമിച്ച മറ്റ് രണ്ട് വിദ്യാര്‍ത്ഥികള്‍ക്കും മര്‍ദനമേറ്റു. ആക്രമണത്തില്‍ ഹസനൂറിന്റെ മുഖത്ത് പരിക്കേല്‍ക്കുകയും വസ്ത്രങ്ങള്‍ കീറുകയും ചെയ്തു. മുമ്പും ഈ പ്രദേശത്ത് വെച്ച് മുസ് ലിം വിദ്യാര്‍ത്ഥിനികള്‍ക്ക് നേരെ സമാനമായ രീതിയില്‍ അധിക്ഷേപങ്ങള്‍ ഉണ്ടായിട്ടുണ്ടെന്ന് വിദ്യാര്‍ത്ഥി പ്രതിനിധികള്‍ ആരോപിക്കുന്നു.

സംഭവത്തിന് ശേഷം വിദ്യാര്‍ത്ഥികള്‍ താല്‍താല പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കാന്‍ എത്തിയെങ്കിലും അനുകൂലമായ നിലപാടല്ല പൊലീസിന്റെ ഭാഗത്ത് നിന്ന് ഉണ്ടായതെന്ന് ആരോപണമുണ്ട്.

എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്യാതിരിക്കാന്‍ പൊലീസ് ശ്രമിച്ചതായും, ആരോപണവിധേയനായ വ്യക്തി പൊലീസ് സ്റ്റേഷനില്‍ വെച്ചും തങ്ങളെ ഭീഷണിപ്പെടുത്തിയതായും വിദ്യാര്‍ത്ഥികള്‍ പറഞ്ഞു എന്നാല്‍ ഇയാള്‍ക്ക് മാനസിക അസ്വാസ്ഥ്യമുണ്ടെന്ന് പറഞ്ഞ് പൊലീസ് കേസ് ഒതുക്കിത്തീര്‍ക്കാന്‍ ശ്രമിക്കുകയാണുണ്ടായതെന്നും വിദ്യാര്‍ത്ഥികള്‍ പറഞ്ഞതായാണ് റിപ്പോര്‍ട്ട്.

ഇതിന് പുറമേ, ഒരു പ്രാദേശിക ബി.ജെ.പി നേതാവ് തങ്ങള്‍ക്കെതിരെ കൗണ്ടര്‍ കേസ് കൊടുക്കുമെന്ന് ഭീഷണിപ്പെടുത്തിയതായും, വലിയ സാമ്പത്തിക ചിലവുള്ള നിയമപോരാട്ടത്തിന് തങ്ങള്‍ക്കില്ലാത്തതിനാല്‍ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്യുന്നതില്‍ നിന്ന് പിന്മാറുകയായിരുന്നുവെന്നും വിദ്യാര്‍ത്ഥികള്‍ വ്യക്തമാക്കി.

 

Content Highlight: Assault on Aliah University students in Kolkata: Complaint alleges they were beaten after being called ‘Jihadis’.