വെടിക്കെട്ട് ലിസ്റ്റില്‍ സഞ്ജു രണ്ടാമന്‍; മുന്നില്‍ അഭിഷേക് മാത്രം!
Cricket
വെടിക്കെട്ട് ലിസ്റ്റില്‍ സഞ്ജു രണ്ടാമന്‍; മുന്നില്‍ അഭിഷേക് മാത്രം!
ഫസീഹ പി.സി.
Monday, 11th May 2026, 2:30 pm

ഐ.പി.എല്ലില്‍ കഴിഞ്ഞ ദിവസത്തെ മത്സരത്തില്‍  മലയാളി താരം സഞ്ജു സാംസണിന് വലിയ സ്‌കോര്‍ നേടാനായിരുന്നില്ല. എന്നാലും ലഖ്നൗ സൂപ്പര്‍ ജയന്റസിനെതിരെ ചെന്നൈ സൂപ്പര്‍ കിങ്‌സിന് മികച്ച തുടക്കം നല്‍കിയായിരുന്നു താരത്തിന്റെ മടക്കം.

14 പന്തുകള്‍ നേരിട്ട സഞ്ജു മത്സരത്തില്‍ 28 റണ്‍സാണ് എടുത്തത്. 200.00 സ്‌ട്രൈക്ക് റേറ്റിലായിരുന്നു താരത്തിന്റെ ബാറ്റിങ്. ഈ ഇന്നിങ്‌സിനിടെ വിക്കറ്റ് കീപ്പറുടെ ബാറ്റില്‍ നിന്ന് പിറന്നത് മൂന്ന് ഫോറുകളും രണ്ട് സിക്‌സറുകളുമാണ്.

സഞ്ജു സാംസൺ. Photo: IndianPremierLeague/x.com

ഇതോടെ ഒരു വെടിക്കെട്ട് ലിസ്റ്റിലും സഞ്ജു ഇടം പിടിച്ചു. ഐ.പി.എല്ലില്‍ 200+ റണ്‍ ചെയ്സിങ്ങില്‍ ഏറ്റവും സിക്‌സ് നേടുന്ന രണ്ടാമത്തെ ഇന്ത്യന്‍ താരമെന്ന നേട്ടമാണ് മലയാളി ബാറ്റര്‍ തന്റെ പേരില്‍ കുറിച്ചത്. 40 സിക്‌സറുകളുമായാണ് ഈ ലിസ്റ്റില്‍ താരത്തിന്റെ കുതിപ്പ്.

ഈ നേട്ടത്തില്‍ ഒന്നാമത് സണ്‍റൈസേഴ്സ് ഹൈദരാബാദ് ഓപ്പണര്‍ അഭിഷേക് ശര്‍മയാണ്. താരത്തിന് 41 സിക്‌സറുകളാണുള്ളത്. ഒരു സിക്‌സിന്റെ വ്യത്യാസത്തിലാണ് സഞ്ജുവിന് ഒന്നാം സ്ഥാനം നഷ്ടമായത്.

ഐ.പി.എല്ലില്‍ 200+ റണ്‍ ചെയ്സുകളില്‍ ഏറ്റവും കൂടുതല്‍ സിക്‌സ് നേടിയ ഇന്ത്യന്‍ താരങ്ങള്‍, സിക്സുകള്‍

അഭിഷേക് ശര്‍മ – 41

സഞ്ജു സാംസണ്‍ – 40

കെ.എല്‍. രാഹുല്‍ – 36

ശ്രേയസ് അയ്യര്‍ – 34

ഇഷാന്‍ കിഷന്‍ – 34

നിതീഷ് റാണ – 33

സഞ്ജു സാംസണ്‍. Photo: IndianPremierLeague/x.com

ഈ സീസണില്‍ സ്വപ്ന കുതിപ്പാണ് സഞ്ജു നടത്തുന്നത്. താരം 11 മത്സരങ്ങളില്‍ കളിച്ച് ഇതുവരെ 430 റണ്‍സ് നേടിയിട്ടുണ്ട്. രണ്ട് സെഞ്ച്വറികളും ഒരു അര്‍ധ സെഞ്ച്വറിയുമാണ് ചെന്നൈ കുപ്പായത്തിലെ ആദ്യ സീസണില്‍ മലയാളി വിക്കറ്റ് കീപ്പര്‍ അടിച്ചത്.  ദല്‍ഹി ക്യാപിറ്റല്‍സിനെതിരെ നേടിയ 115* ആണ് ഉയര്‍ന്ന സ്‌കോര്‍.  53.75 ശരാശരിയിലും 169.29 സ്‌ട്രൈക്ക് റേറ്റിലുമാണ് താരത്തിന്റെ ബാറ്റിങ്.

Content Highlight: IPL 2026: Sanju Samson became second batter in most IPL sixes by Indian player while chasing 200+ runs

ഫസീഹ പി.സി.
കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്ന് മാസ് കമ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം. ഡൂള്‍ന്യൂസില്‍ സബ്എഡിറ്റര്‍ ട്രെയ്‌നി