ശരിക്കും ഇപ്പോള്‍ ആരാണ് കേരളം ഭരിക്കുന്നത്; വഖഫ് വിഷയത്തില്‍ നടപ്പാക്കുന്നത് സംഘപരിവാര്‍ അജണ്ടയെന്ന് പ്രതിപക്ഷം
Kerala
ശരിക്കും ഇപ്പോള്‍ ആരാണ് കേരളം ഭരിക്കുന്നത്; വഖഫ് വിഷയത്തില്‍ നടപ്പാക്കുന്നത് സംഘപരിവാര്‍ അജണ്ടയെന്ന് പ്രതിപക്ഷം
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 21st July 2026, 10:21 pm

തിരുവനന്തപുരം: വഖഫ് ബോര്‍ഡ് വിഷയത്തില്‍ സംസ്ഥാന സര്‍ക്കാരിനെതിരെ വിമര്‍ശനവുമായി പ്രതിപക്ഷ നേതാവ് പിണറായി വിജയനും മുന്‍ മന്ത്രി പി. രാജീവും. വഖഫ് ബോര്‍ഡില്‍ അഡ്മിനിസ്‌ട്രേറ്റര്‍ ഭരണം ഏര്‍പ്പെടുത്തിയ ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ് സുപ്രീംകോടതി റദ്ദാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് ഈ വിഷയത്തില്‍ പ്രതിപക്ഷത്ത് നിന്നുള്ള നേതാക്കള്‍ സംസ്ഥാന സര്‍ക്കാരിനെതിരെ വിമര്‍ശനമുന്നയിച്ചത്.

സുപ്രീംകോടതിയില്‍ സംസ്ഥാന സര്‍ക്കാര്‍ സ്വീകരിച്ച നിലപാടിലാണ് സി.പി.ഐ.എം നേതാക്കളുടെ വിമര്‍ശനം. അഡ്മിനിസ്‌ട്രേറ്റര്‍ ഭരണം ഏര്‍പ്പെടുത്തിയ ഹൈക്കോടതി ഉത്തരവ് സുപ്രീംകോടതി റദ്ദാക്കിയത് ആശ്വാസകരമാണെന്നും നേതാക്കള്‍ അഭിപ്രായപ്പെട്ടു.

വഖഫ് നിയമത്തിലെ 14-ാം വകുപ്പ് അക്ഷരാര്‍ത്ഥത്തില്‍ നടപ്പിലാക്കുമെന്ന ഹൈക്കോടതിയില്‍ കഴിഞ്ഞ ആഴ്ച സംസ്ഥാന സര്‍ക്കാര്‍ സ്വീകരിച്ച നിലപാട് അതേപടി സുപ്രീംകോടതിയിലും ഇന്ന് ആവര്‍ത്തിച്ചത് ആശങ്കാകരമാണെന്ന് പിണറായി വിജയന്‍ ഫേസ്ബുക്ക് പോസ്റ്റില്‍ പറഞ്ഞു.

‘വഖഫ് ബോര്‍ഡില്‍ അനുചിതമായി ഇടപെടാനുള്ള സംസ്ഥാന സര്‍ക്കാരിന്റെ ശ്രമത്തിന്റെ ഭാഗമായി ഹൈക്കോടതിയില്‍ ഹര്‍ജിക്കാരുമായി ഒത്തുകളിച്ച് നേടിയെടുത്ത ഇടക്കാല ഉത്തരവ് ഭേദഗതി ചെയ്തുകൊണ്ട് സുപ്രീം കോടതി പുറപ്പെടുവിച്ച ഉത്തരവ് ആശ്വാസകരമാണ്,’ അദ്ദേഹം അഭിപ്രായപ്പെട്ടു.

പുതിയ നിയമത്തിലെ സെക്ഷന്‍ 14 പ്രകാരമാണ് വഖഫ് ബോര്‍ഡ് രൂപീകരിക്കേണ്ടത്. ഇതില്‍ ബാര്‍ കൗണ്‍സില്‍ തെരഞ്ഞെടുപ്പ് നടക്കുന്നതിനാല്‍ അവിടെ നിന്നുള്ള ഒരംഗത്തേയും ഇതിനോടകം വിവാദമായ അമുസ്‌ലിം അംഗങ്ങളെയും എല്‍.ഡി.എഫ് സര്‍ക്കാര്‍ ബോര്‍ഡില്‍ ഉള്‍പ്പെടുത്തിയിരുന്നില്ലെന്നും പിണറായി പറഞ്ഞു.

‘ഭേദഗതി ചെയ്ത പുതിയ വഖഫ് നിയമം ഭരണഘടനാപരമായി നിലനില്‍ക്കുന്നതല്ലെന്ന ശക്തമായ വാദമാണ് എല്‍.ഡി.എഫ് സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ സ്വീകരിച്ചത്. ഈ കേസിന്റെ വാദം പൂര്‍ത്തിയായിട്ടില്ല. അതുകൊണ്ട് തന്നെ സെക്ഷന്‍ 14 പ്രകാരമുള്ള മുഴുവന്‍ അംഗങ്ങളെയും നിയമിക്കേണ്ട ഒരു അത്യാവശ്യഘട്ടവും സംസ്ഥാന സര്‍ക്കാരിന് മുമ്പിലില്ലാത്തതിനാല്‍ എല്‍.ഡി.എഫ് സര്‍ക്കാര്‍ അമുസ്‌ലിങ്ങളായ അംഗങ്ങളെ വഖഫ് ബോര്‍ഡില്‍ നിയമിച്ചില്ല.


കേസ് നിലവിലിരിക്കെ അമുസ്‌ലിം അംഗങ്ങളെ കൂടി നിയമിച്ചാല്‍ കേസ് തന്നെ ദുര്‍ബ്ബലപ്പെട്ടുപോകും. ഇതറിയാത്തവരല്ല നിയമത്തിനെതിരെ സുപ്രീംകോടതിയെ സമീപിച്ച മുസ്‌ലിംലീഗ് അടക്കമുള്ളവര്‍. എന്നാല്‍ ഇപ്പോഴത്തെ ഈ നയം മാറ്റം സുപ്രീംകോടതിയില്‍ നിലനില്‍ക്കുന്ന റിട്ട് ഹര്‍ജികള്‍ മൊത്തത്തില്‍ ദോഷകരമായി ബാധിക്കും. ന്യൂനപക്ഷ താല്‍പ്പര്യങ്ങള്‍ ബലികഴിക്കപ്പെടും,’ പിണറായി ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചു.

കേരളത്തില്‍ അധികാരമാറ്റം നടന്ന ഉടന്‍ തന്നെ ബി.ജെ.പി ഭരിക്കുന്ന കേന്ദ്രസര്‍ക്കാരിനെതിരായ എല്ലാ പ്രതിരോധവും അവസാനിച്ചുപോകുന്നത് ആശങ്കാജനകമാണ്. ന്യൂനപക്ഷ സംരക്ഷകരെന്ന് നടിക്കുകയും അതേസമയം സംഘപരിവാര്‍ അജണ്ടയ്ക്കനുസരിച്ച് ന്യൂനപക്ഷങ്ങളെ ഒറ്റുകൊടുക്കുകയും ചെയ്യുകയാണ് യു.ഡി.എഫ് സര്‍ക്കാരെന്നും പിണറായി അഭിപ്രായപ്പെട്ടു.

നിലവിലെ വഖഫ് ബോര്‍ഡ് അംഗങ്ങള്‍ക്ക് എന്തോ ചില അയോഗ്യത ഉണ്ടെന്നാണ് യു.ഡി.എഫ് കേന്ദ്രങ്ങള്‍ പ്രചരിപ്പിക്കുന്നത്. ഹൈക്കോടതിയില്‍ സംസ്ഥാന സര്‍ക്കാരിന് വേണ്ടി ഫയല്‍ ചെയ്ത സ്റ്റേറ്റ്‌മെന്റിലും അത്തരത്തില്‍ ചില നിരീക്ഷണങ്ങള്‍ നടത്തിയിട്ടുണ്ടെന്നും പിണറായി പറഞ്ഞു.

വഖഫ് ബോര്‍ഡ് അംഗങ്ങള്‍ക്ക് അയോഗ്യതയുണ്ടെങ്കില്‍ നിയമപ്രകാരം നടപടി സ്വീകരിക്കുവാന്‍ സര്‍ക്കാരിന് അധികാരവും ബാധ്യതയുമുണ്ട്. എന്നാല്‍ അത്തരത്തില്‍ നിയമം അനുശാസിക്കുന്ന ഒരു നടപടിയും ഇതുവരെ സ്വീകരിച്ചിട്ടില്ല. പകരം മാധ്യമങ്ങളിലൂടെയും കോടതിയടക്കമുള്ള ഫോറങ്ങളെ തെറ്റിദ്ധരിപ്പിച്ചും പുകമറ സൃഷ്ടിക്കുകയാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

പുതിയ വഖഫ് നിയമത്തിനെ എതിര്‍ക്കുന്ന എല്ലാ വിഭാഗം ആള്‍ക്കാരും സംഘടനകളും അമുസ്ലീങ്ങളുടെ നിയമനത്തെ തള്ളിക്കളയുകയാണ്. എന്നാല്‍ അതടക്കം നടപ്പിലാക്കുമെന്നാണ് യു.ഡി.എഫ് സര്‍ക്കാര്‍ പ്രഖ്യാപിക്കുന്നത്. അധികാരമാറ്റത്തിന് ശേഷം വഖഫ് ബോര്‍ഡ് പിടിച്ചടക്കാനുള്ള ഗൂഡനീക്കമാണ് ഇതിനെല്ലാം പിറകിലുള്ളതെന്നും പിണറായി പറഞ്ഞു.

ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് പി. രാജീവും ഈ വിഷയത്തില്‍ വിമര്‍ശനം ഉന്നയിച്ചത്. സുപ്രീം കോടതിയില്‍ സംസ്ഥാന സര്‍ക്കാര്‍ അഭിഭാഷകന്‍ വാദിക്കുന്നതിന്റെ വീഡിയോയും ഈ പോസ്റ്റിനൊപ്പം രാജീവ് പങ്കുവച്ചു.

14-ാം വകുപ്പ് പൂര്‍ണ്ണമായും അനുസരിച്ച് വഖഫ് ബോര്‍ഡ് പുനസംഘടിപ്പിക്കുമെന്ന് ലീഗ് ഉള്‍പ്പെടുന്ന യുഡിഎഫ് സര്‍ക്കാര്‍ സുപ്രീംകോടതിയെ കൂടി ആധികാരികമായി അറിയിക്കുന്നുവെന്ന് പി. രാജീവ് ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചു.

14-ാ വകുപ്പ് ഭരണഘടനവിരുദ്ധവും ഇസ്ലാമിക വിശ്വാസങ്ങള്‍ക്ക് എതിരാണെന്ന് നേരത്തെ കേരളം നിലപാട് അറിയിച്ച അതേ സുപ്രീംകോടതിയില്‍ തന്നെ പുതിയ നിലപാട് അറിയിച്ചു. സംഘപരിവാരം നല്‍കുന്ന പേരുകാരെ കൂടി നിയമിക്കാനുള്ള ഉത്തരവിന്റെ കരട്കൂടി തയ്യറാക്കിയിട്ടാരിക്കും നാളെ ഹൈക്കോടതിയില്‍ വാദിക്കുന്നതെന്നേ അറിയാനുള്ളുവെന്നും രാജീവ് പറഞ്ഞു. ‘ശരിക്കും ഇപ്പോള്‍ ആരാണ് കേരളം ഭരിക്കുന്നത്?’ എന്ന് ചോദിച്ചാണ് രാജീവ് ഫേസ്ബുക്ക് പോസ്റ്റ് അവസാനിപ്പിക്കുന്നത്.

Content Highlight: Pinarayi Vijayan and P Rajeev Of CPIM slams VD Satheesan Government on Waqf Board Issue