സ്വന്തം പാര്‍ലമെന്റ് മണ്ഡലമായ വാരാണസിയില്‍ നടത്തിയ പൊതുയോഗത്തിനിടെയായിരുന്നു മോദിയുടെ പരാമര്‍ശം. 


വാരണാസി: പാക്ക് ഭീകര കേന്ദ്രങ്ങളില്‍ ഇന്ത്യന്‍ സൈന്യം മിന്നലാക്രമണം നടത്തിയ സംഭവത്തില്‍ ജനം ചെറിയ ദീപാവലി (ഛോട്ടി ദീവാലി) ആഘോഷിച്ചു കഴിഞ്ഞെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി.

സ്വന്തം പാര്‍ലമെന്റ് മണ്ഡലമായ വാരാണസിയില്‍ നടത്തിയ പൊതുയോഗത്തിനിടെയായിരുന്നു മോദിയുടെ പരാമര്‍ശം. യു.പി അടക്കം അഞ്ചു സംസ്ഥാനങ്ങളില്‍ അടുത്ത വര്‍ഷമാദ്യം നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ ഇന്ത്യന്‍ സൈന്യം നടത്തിയ മിന്നലാക്രമണം സജീവമായി നിലനിര്‍ത്തുകയാണ്  പ്രധാനമന്ത്രി.

അതിര്‍ത്തിയില്‍ വെടിയുണ്ടകളുടെയും ഷെല്ലുകളുടെയും ശബ്ദമില്ലാത്തപ്പോഴും നമ്മുടെ സൈനികരെ കുറിച്ച് ഓര്‍ക്കണമെന്ന് മോദി ജനത്തോട് ആവശ്യപ്പെട്ടു. സൈന്യം മിന്നലാക്രമണം നടത്തിയശേഷം ശേഷം വാരാണസിയിലെ ജനം ചെറിയ ദീപാവലി ആഘോഷിച്ചത് ടെലിവിഷനില്‍ കാണുകയും പത്രത്തില്‍ വായിക്കുകയും ചെയ്തു. മണ്ഡലത്തിലെ ചിലര്‍ ഇക്കാര്യം തന്നോട് പറഞ്ഞുവെന്നും മോദി പറഞ്ഞു.

സൈനികരുടെ ശൗര്യത്തിനു ജനം നല്‍കിയ സ്വീകരണത്തിന് നിങ്ങളുടെ എം.പിയെന്ന നിലയില്‍ അഭിമാനമുണ്ടെന്നും മോദി വ്യക്തമാക്കി. തന്റെ സര്‍ക്കാര്‍ പദ്ധതികള്‍ക്ക് തറക്കല്ലിടുക മാത്രമല്ല ചെയ്യുക, അവ യാഥാര്‍ഥ്യമാക്കുകയും ചെയ്യും. ഗ്യാസ് പൈപ്പ് ലൈന്‍ പദ്ധതിയുള്‍പ്പെടെ ഏഴ് പദ്ധതികള്‍ അദ്ദേഹം പ്രഖ്യാപിച്ചു.