എട്ട് മാസത്തിനിടെ മൂന്ന് പടങ്ങള്‍, ഒരെണ്ണം പോലും ഹിറ്റായില്ല, ഇതാണ് പവറില്ലാത്ത പവര്‍ സ്റ്റാര്‍
Indian Cinema
എട്ട് മാസത്തിനിടെ മൂന്ന് പടങ്ങള്‍, ഒരെണ്ണം പോലും ഹിറ്റായില്ല, ഇതാണ് പവറില്ലാത്ത പവര്‍ സ്റ്റാര്‍
അമര്‍നാഥ് എം.
Sunday, 29th March 2026, 5:44 pm

ഒരുകാലത്ത് തെലുങ്ക് ഇന്‍ഡസ്ട്രിയിലെ മുന്‍നിര താരമായിരുന്നു പവന്‍ കല്യാണ്‍. ചിരഞ്ജീവിയുടെ സഹോദരനെന്ന ലേബലില്‍ സിനിമാജീവിതം ആരംഭിച്ച പവന്‍ കല്യാണ്‍ പിന്നീട് വളരെ വേഗത്തില്‍ വലിയൊരു ഫാന്‍ ബേസ് സൃഷ്ടിച്ചു. രാഷ്ട്രീയ പ്രവേശനത്തിന് ശേഷം സിനിമയില്‍ അത്ര നല്ല കാലമല്ല താരത്തിന്. പഴയ പ്രതാപം പവന് നഷ്ടമായെന്നാണ് പലരും അഭിപ്രായപ്പെടുന്നത്.

കഴിഞ്ഞ എട്ടുമാസത്തിനിടെ പവന്‍ നായകനായ മൂന്ന് സിനിമകളാണ് തിയേറ്ററുകളിലെത്തിയത്. ഇതില്‍ ഒരെണ്ണം പോലും നിര്‍മാതാവിന് ലാഭമുണ്ടാക്കിയില്ലെന്നാണ് ബോക്‌സ് ഓഫീസ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. ഏറ്റവുമൊടുവില്‍ പുറത്തിറങ്ങിയ ഉസ്താദ് ഭഗത് സിങ് 100 കോടി പോലും നേടാനാകാതെ കിതക്കുകയാണ്. ഇതോടെ ആരാധകര്‍ ആവേശത്തോടെ വിളിക്കുന്ന പവര്‍ സ്റ്റാര്‍ എന്ന ടൈറ്റിലും ചോദ്യചിഹ്നമായെന്നാണ് പലരും അഭിപ്രായപ്പെടുന്നത്.

പവന് അവസാനമായി വലിയൊരു ഹിറ്റ് ലഭിച്ചത് 2012ലാണ്. അത്തരിന്‍ടികി ദാരേദി എന്ന ചിത്രത്തിന് ശേഷം പവന്റെ ഒരു സിനിമ പോലും ബോക്‌സ് ഓഫീസില്‍ നിലം തൊട്ടിട്ടില്ല. അവസാനമായിറങ്ങിയ മൂന്ന് സിനിമകളുടെ ബോക്‌സ് ഓഫീസ് റിപ്പോര്‍ട്ട് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായിരിക്കുകയാണ്. 2025 ജൂണില്‍ പുറത്തിറങ്ങിയ ഹരിഹര വീരമല്ലു ഇന്‍ഡസ്ട്രിയില്‍ ഡിസാസ്റ്ററായി മാറി.

300 കോടി ബജറ്റിലൊരുങ്ങിയ ചിത്രം 110 കോടി മാത്രമാണ് നേടിയത്. പവന്റെ തെരഞ്ഞെടുപ്പ് പ്രഖ്യാപനവും അതിനെത്തുടര്‍ന്നുണ്ടായ കാലതാമസവും ചിത്രത്തിന് തിരിച്ചടിയായി. ഒ.ടി.ടി റിലീസിന് ശേഷം പവന്‍ ട്രോള്‍ മെറ്റീരിയലായി മാറി. കഴിഞ്ഞ വര്‍ഷം പുറത്തിറങ്ങിയ ഒ.ജി 295 കോടിയാണ് ബോക്‌സ് ഓഫീസില്‍ നിന്ന് നേടിയത്.

എന്നാല്‍ 250 കോടി ബജറ്റിലൊരുങ്ങിയ ചിത്രത്തിന് ഈ കളക്ഷന്‍ മതിയാകുമായിരുന്നില്ല. ഗംഭീര മേക്കിങ്ങാണെങ്കിലും പവന്‍ കല്യാണാണ് ചിത്രത്തിന്റെ നെഗറ്റീവെന്ന് പലരും അഭിപ്രായപ്പെട്ടു. സഹോക്ക് ശേഷം സുജീത് സംവിധാനം ചെയ്ത ചിത്രം ശരാശരിക്ക് മുകളില്‍ മാത്രമാണെന്നായിരുന്നു പലരും അഭിപ്രായപ്പെട്ടത്.

പവന്റെ കരിയറിലെ വലിയ ഹിറ്റുകളിലൊന്നായ ഗബ്ബര്‍ സിങ് അണിയിച്ചൊരുക്കിയ ഹരീഷ് ശങ്കറുമായി വീണ്ടും കൈകോര്‍ത്ത ഉസ്താദ് ഭഗത് സിങ്ങിന്റെ ബോക്‌സ് ഓഫീസ് സ്ഥിതിയും വ്യത്യസ്തമല്ല. 58 വയസുള്ള പവന്‍ കല്യാണും 21 വയസുള്ള ശ്രീലീലയും തമ്മിലുള്ള റൊമാന്‍സും കോളേജ് സ്റ്റുഡന്റായിട്ടുള്ള പവന്റെ ഗെറ്റപ്പും ട്രോള്‍ മെറ്റീരിയലായി മാറി.

രാഷ്ട്രീയ പ്രവേശനത്തിന് ശേഷം പവന്‍ സിനിമകളെ സമീപിക്കുന്ന രീതിയെ പല നിര്‍മാതാക്കളും വിമര്‍ശിക്കുന്നുണ്ട്. സെറ്റിലെത്താതെ പല സീനുകളും ഡ്യൂപ്പിനെ ഉപയോഗിച്ച് ഷൂട്ട് ചെയ്യുന്നതും ഗ്രീന്‍ മാറ്റില്‍ ഷൂട്ട് ചെയ്യുന്നതുമെല്ലാം ട്രോളിനിരയാകുന്നുണ്ട്. ഇനിയങ്ങോട്ട് സിനിമാലോകത്ത് പവന്റെ ഭാവി എന്താകുമെന്നാണ് പലരും ഉറ്റുനോക്കുന്നത്.

Content Highlight: Pawan Kalyan’s last three movies in Eight months became flop

അമര്‍നാഥ് എം.
ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം