54 വയസുള്ള പവന് 24 വയസുകാരി ശ്രീലീല നായിക, റൊമാന്‍സ് ചെയ്ത് നടക്കാന്‍ നാണമില്ലേയെന്ന് ചോദിച്ച് സോഷ്യല്‍ മീഡിയ
Indian Cinema
54 വയസുള്ള പവന് 24 വയസുകാരി ശ്രീലീല നായിക, റൊമാന്‍സ് ചെയ്ത് നടക്കാന്‍ നാണമില്ലേയെന്ന് ചോദിച്ച് സോഷ്യല്‍ മീഡിയ
അമര്‍നാഥ് എം.
Thursday, 19th March 2026, 10:52 pm

ഒരുകാലത്ത് തെലുങ്ക് ഇന്‍ഡസ്ട്രിയില്‍ ഏറ്റവും വലിയ ഫാന്‍ ഫോളോയിങ്ങുള്ള നടനായിരുന്നു പവന്‍ കല്യാണ്‍. എന്നാല്‍ രാഷ്ട്രീയ പാര്‍ട്ടി രൂപികരിച്ചതും സിനിമയില്‍ നിന്ന് ഇടവേളയെടുത്തതുമെല്ലാം തിരിച്ചടിയായി. കുറേക്കാലമായി പവന്‍ നായകനാകുന്ന സിനിമകളെല്ലാം നിര്‍മാതാവിന് നഷ്ടം മാത്രമാണ് സമ്മാനിക്കുന്നത്.

താരത്തിന്റെ ഏറ്റവും പുതിയ ചിത്രമായ ഉസ്താദ് ഭഗത് സിങ് റിലീസായിരിക്കുകയാണ്. പ്രതീക്ഷിച്ചതുപോലെ തന്നെ ബോക്‌സ് ഓഫീസില്‍ ഉഗ്ര പ്രഹരശേഷിയുള്ള ബോംബ് തന്നെ പവന്‍ കല്യാണ്‍ ഇട്ടിട്ടുണ്ടെന്നാണ് ട്രാക്കര്‍മാര്‍ വിലയിരുത്തുന്നത്. 100 കോടി പോലും നേടാനാകാതെയാകും ഇത്തവണ പവര്‍ സ്റ്റാറിന് കളം വിടേണ്ടി വരികയെന്നും പലരും പ്രവചിക്കുന്നു.

ചിത്രത്തില്‍ എല്ലാവരും ഒരുപോലെ വിമര്‍ശിക്കുന്ന ഒന്നാണ് നായികയായ ശ്രീലീലയും പവന്‍ കല്യാണും തമ്മിലുള്ള റൊമാന്‍സ്. 54 വയസുള്ള പവന് ശ്രീലീലയെ നായികയായി കാസ്റ്റ് ചെയ്യാന്‍ സംവിധായകന് എങ്ങനെ തോന്നിയെന്നാണ് പലരും ചോദിക്കുന്നത്. ഈ പ്രായത്തിലും ഇങ്ങനെ റൊമാന്‍സ് ചെയ്ത് നടക്കാന്‍ നാണമില്ലേയെന്നും ചിലര്‍ ചോദ്യം പങ്കുവെച്ചു.

ആന്ധ്രയുടെ ഡെപ്യൂട്ടി ചീഫ് മിനിസ്റ്റര്‍ എന്ന ഉത്തരവാദിത്തമുള്ള സ്ഥാനത്തിലിരിക്കുന്ന പവന്‍ ഇങ്ങനെയെല്ലാം ചെയ്യുന്നത് ആ സ്ഥാനത്തോട് ചെയ്യുന്ന നീതികേടാണെന്നും ചിലര്‍ അഭിപ്രായപ്പെടുന്നുണ്ട്. പവനും ശ്രീലീലയും തമ്മിലുള്ള വിവാഹരംഗം തിയേറ്ററില്‍ കണ്ട അവസ്ഥ പരിതാപകരമായിരുന്നെന്നും പറഞ്ഞുകൊണ്ട് ചിലര്‍ പോസ്റ്റുകള്‍ പങ്കുവെച്ചു.

മറ്റ് ഇന്‍ഡസ്ട്രിയിലെ നായകനടന്മാര്‍ അവരുടെ പ്രായത്തിന് ചേര്‍ന്ന വേഷങ്ങളും നായികമാരെയും തെരഞ്ഞെടുക്കുമ്പോള്‍ പകുതി പോലും പ്രായമില്ലാത്ത നായികമാരുമായി റൊമാന്‍സ് ചെയ്യുന്നതിന്റെ പേരില്‍ തെലുങ്ക് ഇന്‍ഡസ്ട്രി വലിയ വിമര്‍ശനങ്ങള്‍ നേരിടുന്നുണ്ട്. പവന്‍ കല്യാണിനൊപ്പം രവി തേജയും ഈ ലിസ്റ്റില്‍ മുന്‍പന്തിയിലുണ്ട്.

ബോളിവുഡ് ചിത്രം ധുരന്ധര്‍ 2മായിട്ടാണ് ഉസ്താദ് ഭഗത് സിങ്ങിന്റെ ക്ലാഷ്. ധുരന്ധര്‍ 2ന് അതിഗംഭീര റിപ്പോര്‍ട്ടുകള്‍ ലഭിക്കുന്നതിനാല്‍ ഈ വീക്കെന്‍ഡ് അവസാനിക്കുമ്പോഴേക്ക് ഉസ്താദ് ഭഗത് സിങ് കളംവിട്ടേക്കുമെന്നാണ് ബോക്‌സ് ഓഫീസ് വിദഗ്ധര്‍ അഭിപ്രായപ്പെടുന്നത്. ഈ ചിത്രവും പരാജയപ്പെട്ടാല്‍ തുടര്‍ച്ചയായി മുടക്കുമുതല്‍ തിരിച്ചുകിട്ടാത്ത അഞ്ചാമത്തെ ചിത്രമായി ഉസ്താദ് ഭഗത് സിങ് മാറും. കഴിഞ്ഞവര്‍ഷം വന്‍ ഹൈപ്പിലെത്തിയ ഒ.ജി 200 കോടിയിലേറെ നേടിയെങ്കിലും നിര്‍മാതാവിന് ചിത്രം നഷ്ടമായിരുന്നു.

Content Highlight: Pawan Kalyan getting criticisms for the romance portions with Sreeleela in new movie

സിനിമാലോകം ഇനി നിങ്ങളുടെ വാട്സ്ആപ്പിലും. അം​ഗമാകാം MOVIE DAY വാട്സ്ആപ്പ് ചാനലിൽ

അമര്‍നാഥ് എം.
ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം