കൊച്ചി: ആലുവയില്‍ ഇനിയും തുറന്ന് പ്രവര്‍ത്തനമാരംഭിക്കാത്ത പുസ്തകക്കടയുടെ ചിത്രം പങ്കുവെച്ച് പ്രശസ്ത എഴുത്തുകാരന്‍ പൗലോ കൊയ്‌ലോ. പുസ്തകക്കടയുടെ ഡിസൈനില്‍ ആകൃഷ്ടനായാണ് പൗലോ കൊയ്‌ലോ ഇങ്ങ് കേരളത്തിലെ പുസ്‌കതക്കടയുടെ ചിത്രം പങ്കുവെച്ചത്.

എറണാകുളം ആലുവയില്‍ തുറക്കാനിരിക്കുന്ന ‘വണ്‍സ് അപോണ്‍ എ ടെെം’ പുസ്തകക്കടയാണ് കഥയിലെ താരം. പൗലോ കൊയ്‌ലോയുടെ ഏറെ പ്രശസ്തമായ, കോടിക്കണക്കിന് വായനക്കാരുടെ ഏറ്റവും പ്രിയപ്പെട്ട പുസ്തകങ്ങളിലൊന്നായ ‘ദ ആല്‍കെമിസ്റ്റു’ള്‍പ്പെടെ നാല് പുസ്തകങ്ങളുടെ വലിയ ത്രിമാനാകൃതിയിലുള്ള രൂപങ്ങളേന്തിയാണ് ഈ കട തലയുയര്‍ത്തി നില്‍ക്കുന്നത്.


അന്താരാഷ്ട്രതലത്തില്‍ ഏറെ വായനക്കാരുള്ള ജെ.കെ. റൗളിങ്ങിന്റെ ഹാരിപോട്ടര്‍, ഹെര്‍മന്‍ മെല്‍വിലിന്റെ മോബിഡിക്, മലയാളികളുടെ പ്രിയപ്പെട്ട എഴുത്തുകാരന്‍ ബെന്യാമിന്റെ ആടുജീവിതം എന്നിവയാണ് മറ്റു പുസ്തകങ്ങള്‍.

കടയുടെ മുകളിലുള്ള, ഷെല്‍ഫിലടുക്കിവെച്ചതുപോലുള്ള ഡിസൈനാണ് ഏവരുടേയും ശ്രദ്ധയാകര്‍ഷിക്കുന്നത്. ആലുവ-പെരുമ്പാവൂര്‍ റൂട്ടില്‍ അസീസി ബസ് സ്‌റ്റോപ്പിനുസമീപമാണ് ഈ പുസ്തകക്കട.