കോട്ടയം: രാജ്യസ്‌നേഹം എന്നത് ആര്‍.എസ്.എസിന്റെ മാത്രം സ്വത്തല്ലെന്ന് ആര്യസമാജം പ്രവര്‍ത്തകന്‍ സ്വാമി അഗ്നിവേശ്. തോക്കിന്‍ മുനയില്‍ നിര്‍ത്തി വന്ദേമാതരം പാടണം എന്ന് ശാഠ്യം പിടിക്കുന്ന സംഘപരിവാറിന് മുന്നില്‍ മുട്ട് മടക്കില്ലെന്നും അദ്ദേഹം പറഞ്ഞു.

കോട്ടയം ചങ്ങനാശ്ശേരിയില്‍ ജനാരോഗ്യപ്രസ്ഥാനം സംഘടിപ്പിച്ച ഉപവാസത്തില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. രാജ്യത്ത് വെറുപ്പിന്റെ രാഷ്ട്രീയത്തിന് എതിരെ താന്‍ ഇനിയും പോരാടുമെന്നും മുസ്‌ലിംങ്ങളും ക്രിസ്ത്യാനികളും രാജ്യത്ത് വേട്ടയാടപ്പെടുകയാണെന്നും അദ്ദേഹം പറഞ്ഞു.

Also Read മുസ്‌ലിം യുവാക്കളെ ഇവിടെ വെച്ചുപൊറുപ്പിക്കാനാവില്ല; താമസസ്ഥലത്തുനിന്നും ഇറക്കിവിട്ടെന്ന പരാതിയുമായി മെഡിക്കല്‍ വിദ്യാര്‍ത്ഥികള്‍

ജാര്‍ഖണ്ഡിലെ ബി.ജെ.പി സര്‍ക്കാരിന്റെ ഒത്താശയൊടെയാണ് തന്നെ യുവമോര്‍ച്ച പ്രവര്‍ത്തകര്‍ ആക്രമിച്ചതെന്നും കേരളത്തില്‍ താന്‍ പൂര്‍ണ സുരക്ഷിതനാണെന്നും അദ്ദേഹം പറഞ്ഞു.

കഴിഞ്ഞ ദിവസം വസുധൈവ കുടുംബകമെന്ന വിഷയത്തില്‍ താനുമായി തുറന്ന സംവാദത്തിനു തയ്യാറുണ്ടോയെന്ന് ആര്‍.എസ്.എസിനെ സ്വാമി അഗ്‌നിവേശ് വെല്ലുവിളിച്ചിരുന്നു. ഹിന്ദുത്വത്തെയും ഹൈന്ദവധര്‍മത്തെയും പ്രോത്സാഹിപ്പിക്കാനെന്ന വ്യാജേന രാജ്യത്ത് അസഹിഷ്ണുതയും മതവിദ്വേഷവും പ്രചരിപ്പിക്കുന്ന ആര്‍.എസ്.എസ് അജണ്ടയ്ക്കെതിരായ വെല്ലുവിളിയാണ് ആര്‍.എസ്.എസ് തലവന്‍ മോഹന്‍ ഭഗവതിനെ തുറന്ന സംവാദത്തിനു ക്ഷണിക്കുന്നതു വഴി താന്‍ മുന്നോട്ടു വയ്ക്കുന്നതെന്ന് സ്വാമി അഗ്‌നിവേശ് പറഞ്ഞിരുന്നു.