ടി-20യിൽ '500' ചരിത്ര നേട്ടത്തിൽ തിളങ്ങി ലങ്കൻ സിംഹം
Cricket
ടി-20യിൽ '500' ചരിത്ര നേട്ടത്തിൽ തിളങ്ങി ലങ്കൻ സിംഹം
സുദേവ് എ
Tuesday, 5th May 2026, 9:57 pm

ഐ.പി.എല്ലില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിനെതിരെ ദല്‍ഹി ക്യാപ്പിറ്റല്‍സിന് 156 റണ്‍സ് വിജയലക്ഷ്യം. ദല്‍ഹിയുടെ തട്ടകമായ അരുണ്‍ ജെയ്റ്റ്‌ലി സ്റ്റേഡിയത്തില്‍ നടക്കുന്ന മത്സരത്തില്‍ ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത അക്സര്‍ പട്ടേലും സംഘവും ആറ് വിക്കറ്റ് നഷ്ടത്തിലാണ് 155 റണ്‍സ് സ്വന്തമാക്കിയത്.

മത്സരത്തില്‍ ഒരു പുതിയ മൈല്‍സ്റ്റോണും ശ്രീലങ്കന്‍ താരം പാത്തും നിസ്സങ്ക സ്വന്തമാക്കി. കുട്ടിക്രിക്കറ്റില്‍ 500 ഫോറുകള്‍ പൂര്‍ത്തിയാക്കിയാണ് താരം റെക്കോര്‍ഡിട്ടത്. മത്സരത്തില്‍ 15 പന്തില്‍ 19 റണ്‍സാണ് ലങ്കന്‍ താരം നേടിയത്. മൂന്ന് ഫോറുകളും ഒരു സിക്‌സുമാണ് താരത്തിന്റെ ബാറ്റില്‍ നിന്നും പിറന്നത്.

ടി-20യില്‍ 500 ഫോറുകള്‍ അടിച്ചെടുക്കുന്ന ആറാമത്തെ ലങ്കന്‍ താരമാണ് നിസ്സങ്ക. കുമാര്‍ സംഗക്കാര, മഹേല ജയവര്‍ധനെ, തിലകരത്‌ന ദില്‍ഷന്‍, കുശാല്‍ മെന്‍ഡീസ്, കുശാല്‍ പെരേര എന്നിവരാണ് ഇതിന് മുമ്പ് ഈ നേട്ടത്തിലെത്തിയത്.

പാതും നിസങ്ക. Photo: IndianPremierLeague/x.com

മത്സരത്തില്‍ ദല്‍ഹിക്ക് വേണ്ടി സമീര്‍ റിസ്വിയും ട്രിസ്റ്റണ്‍ സ്റ്റബ്‌സുമാണ് മികച്ച പ്രകടനം നടത്തിയത്. റിസ്വി 24 പന്തില്‍ 40 റണ്‍സ് നേടിയാണ് തിളങ്ങിയത്. നാല് സിക്‌സുകളാണ് താരം സ്വന്തമാക്കിയത്. സ്റ്റബ്‌സ് 31 പന്തില്‍ ഒരു ഫോറും രണ്ട് സിക്‌സുകളും അടക്കം 38 റണ്‍സും സ്വന്തമാക്കി.

സി.എസ്.കെ ബൗളിങ്ങില്‍ നൂര്‍ അഹമ്മദ് രണ്ട് വിക്കറ്റും ഗുര്‍ജ്നീത് സിങ്, ജെയ്മി ഓവര്‍ട്ടണ്‍, അകീല്‍ ഹൊസൈന്‍, മുകേഷ് ചൗദരി എന്നിവര്‍ ഓരോ വിക്കറ്റും സ്വന്തമാക്കി.

അതേസമയം പ്ലേ ഓഫ് സാധ്യതകള്‍ നിലനിര്‍ത്തണമെങ്കില്‍ ഇരു ടീമുകള്‍ക്കും വിജയം അനിവാര്യമാണ്. കഴിഞ്ഞ മത്സരത്തില്‍ മുംബൈ ഇന്ത്യന്‍സിനെ വീഴ്ത്തിയാണ് സി.എസ്.കെ ദല്‍ഹിയെ നേരിടാനെത്തുന്നത്. മറുഭാഗത്ത് രാജസ്ഥാന്‍ റോയല്‍സിനെ തകര്‍ത്താണ് ദല്‍ഹി ക്യാപ്പിറ്റല്‍സ് എത്തുന്നത്.

Content Highlight: Pathum Nissanka Create a New Milestone in T20 Cricket

സുദേവ് എ
കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം. നിലവില്‍ ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി.