'ഫലസ്തീന്‍ തീവ്രവാദികളെ ഒന്നൊന്നായി കൊല്ലണം'; ഗസയില്‍ ദിവസവും 30 മുതല്‍ 40വരെ ആളുകളെ കൊല്ലണമെന്ന് ഇസ്രഈല്‍ മന്ത്രി ബെന്‍ ഗ്വിര്‍
World
'ഫലസ്തീന്‍ തീവ്രവാദികളെ ഒന്നൊന്നായി കൊല്ലണം'; ഗസയില്‍ ദിവസവും 30 മുതല്‍ 40വരെ ആളുകളെ കൊല്ലണമെന്ന് ഇസ്രഈല്‍ മന്ത്രി ബെന്‍ ഗ്വിര്‍
അഞ്ജു ചന്ദ്രന്‍
Monday, 17th August 2026, 3:15 pm

ജെറുസലേം: ഗസയില്‍ ദിവസവും 30 മുതല്‍ 40വരെ ആളുകളെ കൊല്ലണമെന്ന് ഇസ്രഈല്‍ ദേശീയ സുരക്ഷ മന്ത്രി ഇറ്റാമര്‍ ബെന്‍ ഗ്വിര്‍. റോം ബ്രാസ്ലാവ്‌സ്‌കിയുമായി നടത്തിയ പോഡ്കാസ്റ്റിലാണ് ഗ്വിര്‍ ഇക്കാര്യം പറഞ്ഞത്.

അടുത്തിടെ ഇസ്രഈലിന്റെ ആക്രമണങ്ങള്‍ ഗസയില്‍ കുറഞ്ഞതിനെതിനെ ഗ്വിര്‍ വിമര്‍ശിച്ചതായി അറബ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു. ഹമാസ് അംഗങ്ങളെ ലക്ഷ്യംവെച്ച് നടത്തുന്ന ആക്രമണത്തില്‍ ദിവസവും 30 മുതല്‍ 40 വരെ ആളുകളെ കൊല്ലണമെന്ന് ഗ്വിര്‍ പറഞ്ഞു.

‘ഇത് രഹസ്യമല്ല, പ്രധാനമന്ത്രിയോട് ഞാന്‍ വിയോജിക്കുന്നു. ഗസയെ ലക്ഷ്യം വെച്ചുള്ള കൊലപാതകങ്ങള്‍ നടത്തണമെന്ന് ഞാന്‍ കരുതുന്നു. എല്ലാ രാത്രിയിലും 30 മുതല്‍ 40 വരെ ആളുകള്‍ കൊല്ലപ്പെടണം. ജീവന് അര്‍ഹതയില്ലാത്ത ആളുകളും അവിടെയുണ്ട്. അവര്‍ ജീവിക്കാന്‍ പാടില്ല, അവര്‍ മനുഷ്യരല്ല,’ ഗ്വിര്‍ പറഞ്ഞു.

ബെന്‍ ഗ്വിറിന്റെയും മറ്റ് ഇസ്രഈല്‍ ഉദ്യോഗസ്ഥരുടെയും സമാനമായ പ്രസ്താവനകള്‍ മുമ്പും വ്യാപകമായി വിമര്‍ശിക്കപ്പെട്ടിരുന്നു. ഗസയില്‍ വംശഹത്യാ ഉദ്ദേശമുണ്ടെന്നതിന് തെളിവായി ഇത്തരം പ്രസ്താവനകള്‍ അന്താരാഷ്ട്ര നീതിന്യായ കോടതിയിലും ഉന്നയിക്കപ്പെട്ടിട്ടുണ്ട്. എന്നാല്‍ ഗസയില്‍ വംശഹത്യ നടത്തിയെന്ന ആരോപണം ഇസ്രഈല്‍ നിഷേധിക്കുന്നു. ഗസയില്‍ ഇസ്രഈല്‍ കുടിയേറ്റം വേണമെന്നും ബെന്‍-ഗ്വിര്‍ പറഞ്ഞതായി റിപ്പോര്‍ട്ടുണ്ട്.

അതേ സംഭാഷണത്തില്‍ ഗസയിലെ ഫലസ്തീനികളെ കൂട്ടത്തോടെ മറ്റ് രാജ്യങ്ങളിലേക്ക് പോകാന്‍ പ്രോത്സാഹിപ്പിക്കണമെന്നും ബെന്‍-ഗ്വിര്‍ ആവശ്യപ്പെട്ടു. ഗസ മുഴുവനും ഇസ്രഈലിന്റേതാണെന്നും അവിടെ വീണ്ടും ജൂത കുടിയേറ്റങ്ങള്‍ സ്ഥാപിക്കണമെന്നുമാണ് ഗ്വിര്‍ പറഞ്ഞത്. ഫലസ്തീനികളെ പരമാവധി പുറത്തേക്ക് പോകാന്‍ പ്രോത്സാഹിപ്പിക്കണമെന്നും ഹമാസ് അംഗങ്ങളെ കൊന്നൊടുക്കണമെന്നും ഗ്വിര്‍ പറഞ്ഞു.

പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന്റെ സര്‍ക്കാരിലെ ഏറ്റവും സ്വാധീനമുള്ള വലതുപക്ഷ നേതാക്കളില്‍ ഒരാളാണ് ഗ്വിര്‍. ഇസ്രഈല്‍ സൈന്യത്തിന്മേല്‍ ഗ്വിറിന് നേരിട്ട് ആക്രമണ ഉത്തരവ് നല്‍കാനുള്ള അധികാരമില്ല. എന്നാല്‍ ഇസ്രഈല്‍ പൊലീസിന്റെയും ജയിലുകളുടെയും ചുമതല അദ്ദേഹത്തിനാണ്.

അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് മുന്നോട്ടുവച്ച പുതിയ വെടിനിര്‍ത്തല്‍ നിര്‍ദേശത്തില്‍ ഹമാസ് ആയുധങ്ങള്‍ ഉപേക്ഷിക്കുകയും ഇസ്രഈല്‍ ആക്രമണം നിര്‍ത്തി ഗസയില്‍ നിന്ന് പിന്മാറുകയും ചെയ്യണമെന്നാണ് വ്യവസ്ഥ. എന്നാല്‍ ഹമാസ് പൂര്‍ണമായി നിരായുധീകരിക്കപ്പെടുന്നതുവരെ ഗസയെ ആക്രമിക്കുന്നതില്‍ നിന്ന് പിന്മാറില്ലെന്നാണ് നെതന്യാഹുവിന്റെ നിലപാട്.

Content Highlights: Palestinian terrorists must be killed one by one’; Israeli Minister Ben-Gvir says 30 to 40 people should be killed daily in Gaza.

അഞ്ജു ചന്ദ്രന്‍
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയിനി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും പൊളിറ്റിക്കല്‍ സയന്‍സില്‍ ബിരുദം. കാലിക്കറ്റ് പ്രസ്‌ക്ലബില്‍ നിന്നും ജേണലിസത്തില്‍ പി.ജി ഡിപ്ലോമ.