അജി ജോൺ സംവിധാനം ചെയ്ത ‘നല്ലവൻ’ എന്ന ചിത്രത്തിലൂടെയായിരുന്നു താരത്തിന്റെ സിനിമാ അരങ്ങേറ്റം. പിന്നീട് ജീത്തു ജോസഫിന്റെ സംവിധാനത്തിൽ പുറത്തിറങ്ങിയ ‘ദൃശ്യം’ എന്ന ചിത്രത്തിലെ അനുവെന്ന കഥാപാത്രമാണ് താരത്തെ മലയാളി പ്രേക്ഷകർക്ക് കൂടുതൽ പ്രിയങ്കരിയാക്കിയത്.

ഇപ്പോഴിതാ മലയാള സിനിമയിൽ സ്ത്രീ കഥാപാത്രങ്ങളുടെ അവതരണത്തിൽ അടുത്തകാലത്ത് വലിയ മാറ്റങ്ങൾ ഉണ്ടായിട്ടുണ്ടെങ്കിലും, സിനിമകൾ പലപ്പോഴും പഴയ സ്റ്റീരിയോടൈപ്പുകളിലേക്ക് തിരിച്ചുപോകുന്നുണ്ടെന്ന് തോന്നാറുണ്ടെന്ന് പറയുകയാണ് നടി എസ്തർ അനിൽ. ‘ഉള്ളൊഴുക്ക്’ പോലുള്ള സിനിമകളിൽ സ്ത്രീ കഥാപാത്രങ്ങളെ വ്യത്യസ്തമായ രീതിയിൽ അവതരിപ്പിച്ചത് ശ്രദ്ധേയമാണെന്നും ഗൃഹലക്ഷ്മിക്ക് നൽകിയ അഭിമുഖത്തിൽ എസ്തർ പറഞ്ഞു.

എസ്തർ അനിൽ. Photo. Screen Grab/ Youtube

‘അടുത്ത കാലത്ത് ഏറ്റവും സ്പർശിച്ച സ്ത്രീ കഥാപാത്രങ്ങൾ ‘ഉള്ളൊഴുക്ക്’ എന്ന സിനിമയിലേതാണ്. രണ്ട് സ്ത്രീകൾ തമ്മിലുള്ള ബന്ധത്തിന്റെ ഡൈനാമിക്സ് വളരെ മനോഹരമായി അതിൽ അവതരിപ്പിച്ചിട്ടുണ്ട്. എന്നാൽ പലപ്പോഴും നമ്മുടെ സിനിമകൾ പഴയ ചില സ്റ്റീരിയോടൈപ്പുകളിലേക്ക് തിരിച്ചുപോകുന്നുണ്ടോ എന്ന് തോന്നാറുണ്ട്,’ എസ്തർ പറഞ്ഞു.

സ്ത്രീകളെക്കുറിച്ച് പറയുമ്പോൾ ആർത്തവം, പീഡനം, അതിൽനിന്നുള്ള അതിജീവനം, അതിനോടുള്ള പ്രതികരണം തുടങ്ങിയ വിഷയങ്ങളിലാണ് പലപ്പോഴും കഥകൾ കേന്ദ്രീകരിക്കുന്നതെന്നും എസ്തർ ചൂണ്ടിക്കാട്ടി. ഇത്തരം കഥകൾ തീർച്ചയായും ആവശ്യമാണെങ്കിലും സ്ത്രീജീവിതത്തിന്റെ കൂടുതൽ തലങ്ങളിലേക്ക് സിനിമകൾ കടന്നുചെല്ലേണ്ടതുണ്ടെന്നും താരം പറഞ്ഞു.

‘സ്ത്രീകളുടെ അനുഭവങ്ങൾ, ആഗ്രഹങ്ങൾ, ബന്ധങ്ങൾ, വ്യക്തിത്വം തുടങ്ങിയ കാര്യങ്ങളെക്കുറിച്ചും സിനിമകൾ ആഴത്തിൽ അന്വേഷിക്കേണ്ടതുണ്ട്. അതുപോലെ സ്ത്രീ സൗഹൃദങ്ങളും വളരെ കുറച്ച് മാത്രം സംസാരിക്കപ്പെട്ടിട്ടുള്ള വിഷയമാണ്. എന്റെ ജീവിതത്തിലെ ഏറ്റവും വലിയ കരുത്ത് ഇത്തരം സൗഹൃദങ്ങളാണ്,’ എസ്തർ പറഞ്ഞു.

‘സ്ത്രീകൾ തന്നെയാണ് സ്ത്രീകളുടെ ശത്രുക്കൾ’ എന്ന മിഥ്യാധാരണയെയും എസ്തർ പൂർണമായും തള്ളിക്കളഞ്ഞു. സ്ത്രീകൾ എപ്പോഴും പരസ്പരം എതിർനിൽക്കുന്നവരാണെന്ന ധാരണ ശരിയല്ലെന്നും സ്ത്രീകൾ തമ്മിലുള്ള സൗഹൃദവും പരസ്പരം ശക്തിയാകുന്ന ബന്ധങ്ങളും സിനിമയിൽ കൂടുതലായി കാണണമെന്നും എസ്തർ പറഞ്ഞു.

അന്താരാഷ്ട്ര സീരീസുകളിലെ വൈവിധ്യവും എസ്തർ ചൂണ്ടിക്കാട്ടി. ‘ഗെയിം ഓഫ് ത്രോൺസ് ’, ‘സ്ട്രെജർ തിങ്ങ്സ്’, ‘മണി ഹീസ്റ്റ്’ തുടങ്ങിയ സീരീസുകൾ വ്യത്യസ്തമായ കഥകളും അവതരണരീതികളും പരീക്ഷിക്കുന്നുണ്ട്. അതേസമയം, വലിയ ബജറ്റിന്റെയും ഫണ്ടിങ്ങിന്റെയും പരിമിതികൾ ഇന്ത്യൻ സിനിമകൾക്കുണ്ടെന്നും എസ്തർ പറഞ്ഞു.

എസ്തർ അനിൽ. Photo. Facebook.com

‘നമ്മുടെ സിനിമയ്ക്ക് അത്ര വലിയ ബജറ്റോ ഫണ്ടിങ്ങോ ഇല്ലെന്നത് യാഥാർഥ്യമാണ്. അതുകൊണ്ട് അതേ രീതിയിൽ എല്ലാം ചെയ്യാൻ കഴിയണമെന്നില്ല. പക്ഷേ ഇനിയും ഒരുപാട് സാധ്യതകൾ ബാക്കിയുണ്ട് എന്നാണ് തോന്നുന്നത്,’ എസ്തർ അനിൽ കൂട്ടിച്ചേർത്തു.

Content Highlight: Esther Anil opens up about female characters in Malayalam cinema