ടെല്‍ അവീവ്: വെടിനിര്‍ത്തല്‍ തുടരുന്നതിനിടയിലും ഗസയില്‍ ഇസ്രഈല്‍ ആക്രമണം തുടരുന്നു. ഇന്നലെ നടന്ന വിവിധ ആക്രമണങ്ങളില്‍ മാധ്യമപ്രവര്‍ത്തകനുള്‍പ്പെടെ എട്ട് പേര്‍ കൊല്ലപ്പെടുകയും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായി അല്‍ ജസീറ റിപ്പോര്‍ട്ട് ചെയ്തു.
2023 ഒക്ടോബറിന് ശേഷം ഇസ്രഈല്‍ കൊലപ്പെടുത്തുന്ന 263-ാമത്തെ മാധ്യമപ്രവര്‍ത്തകനാണ് അല്‍-നജ്ജാര്‍. ഗസ സിറ്റിയിലെ തെക്കുപടിഞ്ഞാറന്‍ തല്‍ അല്‍-ഹവ മേഖലയില്‍ യാത്രക്കാരുമായി പോയ വാഹനത്തിന് നേരെയുണ്ടായ ഡ്രോണ്‍ ആക്രമണത്തിലാണ് ആറ് പേര്‍ കൊല്ലപ്പെട്ടത്.
ആക്രമണത്തില്‍ 13 പേര്‍ക്ക് പരിക്കേറ്റതായി ഫലസ്തീന്‍ റെഡ് ക്രസന്റ് അറിയിച്ചു. പരിക്കേറ്റവരില്‍ ചിലരുടെ നില ഗുരുതരമാണെന്നാണ് റിപ്പോര്‍ട്ട്.
അല്‍-ഷിഫ ആശുപത്രിക്ക് സമീപത്തെ താമസകെട്ടിടത്തിന് നേരെയുണ്ടായ മറ്റൊരു ആക്രമണത്തില്‍ ഒരു സ്ത്രീ കൊല്ലപ്പെട്ടു.
തെക്കന്‍ ഗസയിലെ കുടിയൊഴിപ്പിക്കപ്പെട്ടവരുടെ അഭയകേന്ദ്രത്തിന് നേരെയുണ്ടായ ഡ്രോണ്‍ ആക്രമണത്തില്‍ കുട്ടികളടക്കം നാല് പേര്‍ക്ക് പരിക്കേറ്റതായും റിപ്പോര്‍ട്ടുണ്ട്. ദെയര്‍ അല്‍-ബലാഹ്, ഖാന്‍ യൂനിസ് മേഖലകളിലും ആക്രമണങ്ങളും വെടിവെപ്പും റിപ്പോര്‍ട്ട് ചെയ്തു.
വെടിനിര്‍ത്തല്‍ പ്രാബല്യത്തില്‍ വന്നതിന് ശേഷം ഗസയില്‍ ഇസ്രയേല്‍ ആക്രമണങ്ങളില്‍ 1,431 പേര്‍ കൊല്ലപ്പെടുകയും 5,026 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായി ഗസ ആരോഗ്യ മന്ത്രാലയം അറിയിച്ചു.
Content Highlights: Israeli attacks continue in Gaza; eight people, including a journalist, killed.
