ഗസയില്‍ നിരപരാധികളായ ആരുമില്ലെന്നും രണ്ടാഴ്ച പ്രായമുള്ള കുഞ്ഞുങ്ങളെയും കൊല്ലണമെന്ന് ഇസ്രഈലിലെ യുവാക്കള്‍ തന്നോട് പറഞ്ഞിരുന്നതായി പ്രതിപക്ഷനേതാവും മുന്‍ പ്രധാനമന്ത്രിയുമായ യെര്‍ ലാപിഡ്.
ഒരു പോഡ്കാസ്റ്റില്‍ സംസാരിക്കുകയായിരുന്നു ലാപിഡ്.
‘ഒരു കൂട്ടം യുവാക്കളുമായി വളരെ വേദനാജനകമായ ഒരു കൂടിക്കാഴ്ച എനിക്കുണ്ടായി. ആരും നിരപരാധികളല്ലെന്നും എല്ലാവരെയും കൊല്ലണമെന്നും അവര്‍ ആവശ്യപ്പെട്ടു. അവരോട് കുഞ്ഞുങ്ങളെപ്പോലും എന്ന് ഞാന്‍ ചോദിച്ചു,’ ലാപിഡ് പറയുന്നു.
അവര്‍ വളര്‍ന്ന് കഴിയുമ്പോള്‍ തീവ്രവാദികള്‍ ആകുമെന്നും കുഞ്ഞുങ്ങളെയും കൊല്ലണമെന്നുമാണ് മറുപടി തന്നതെന്ന് ലാപിഡ് പറഞ്ഞു.
2023 ഒക്ടോബര്‍ മുതല്‍ ഇസ്രഈല്‍ നടത്തുന്ന ആക്രമണത്തില്‍ ഗസയില്‍ കൊല്ലപ്പെട്ടത് 74,000 ലധികം പേരാണ്.
നിരവധി ഇസ്രഈലി ഉദ്യോഗസ്ഥരും പ്രമുഖരും ഫലസ്തീനില്‍ കൂടുതല്‍ ബലപ്രയോഗം നടത്തണമെന്നും പൊതുജനങ്ങളും പോരാളികളും തമ്മില്‍ വ്യത്യാസമില്ലെന്നും പറഞ്ഞിരുന്നു.
ഇസ്രഈലിനെ വിമര്‍ശിക്കുന്നവരെ ബഹിഷ്‌കരിക്കുന്നത് സര്‍ക്കാര്‍ ചെയ്യുന്ന ഏറ്റവും വലിയ തെറ്റാണെന്ന് ലാപിഡ് പറഞ്ഞു. അയര്‍ലണ്ടിലും സ്‌പെയിനിലുമെല്ലാം ഇസ്രഈലിനെതിരെ നടക്കുന്ന ചര്‍ച്ചകള്‍ അംഗീകരിക്കാന്‍ കഴിയില്ലെങ്കിലും നയതന്ത്രപ്രതിനിധികളെ തിരിച്ചുവിളിക്കുന്നത് എങ്ങനെ സഹായിക്കാനാണെന്ന് ലാപിഡ് ചോദിച്ചു.
‘ലോകത്തിലെ ഏറ്റവും ന്യായമായ യുദ്ധമാണ് ഇസ്രഈല്‍ നടത്തുന്നത്. എന്നാല്‍ അതിനിടയില്‍ ദുരന്തങ്ങള്‍ സൃഷ്ടിക്കുകയാണ്.
ഗസയില്‍ അണുബോംബ് വര്‍ഷിക്കണമെന്നും, ഗസയിലെ കുട്ടികളെ പട്ടിണിക്കിടുന്നത് യുദ്ധതന്ത്രമാണെന്നും മന്ത്രിമാര്‍ പറയുകയും അവരെ പുറത്താക്കാതിരിക്കുകയും ചെയ്താല്‍ അതില്‍ നിന്നും ഒരിക്കലും കരകയറാനാവില്ല’, ലാപിഡ് കൂട്ടിച്ചേര്‍ത്തു.
Content Highlight: Lapid says young Israelis told him ‘even babies’ in Gaza should be killed.
