ലണ്ടന്‍: ആര്‍.എ.എഫ് ഫെയര്‍ഫോര്‍ഡ് സംഭവത്തില്‍ ബ്രിട്ടന്‍ രഹസ്യാന്വേഷണവിഭാഗത്തിന് വിവരങ്ങള്‍ നേരത്തേ നല്‍കിയിരുന്നെന്ന് ഇസ്രഈല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു. തെളിവുകളൊന്നും നല്‍കാതെയാണ് നെതന്യാഹു അവകാശവാദമുന്നയിച്ചത്.

ബ്രിട്ടീഷ് സര്‍ക്കാര്‍ ഇസ്ലാമിക്-മാര്‍ക്‌സിസ്റ്റ് സഖ്യത്തിന് കീഴടങ്ങിയെന്ന് ഇസ്രഈല്‍ പ്രധാനമന്ത്രി ആരോപിച്ചു.

അഭയാര്‍ഥി പദ്ധതികളുടെ പേരില്‍ ബ്രിട്ടീഷ് സ്റ്റേറ്റ് സെക്രട്ടറി ഷബാന മഹമൂദിനെ ഇസ്രഈല്‍ മന്ത്രി അമിച്ചായി ചിക്‌ലി ഇസ്‌ലാമിസ്റ്റ് എന്നു വിളിച്ചതിന് പിന്നാലെയാണ് നെതന്യാഹുവിന്റെ പ്രസ്താവന.

ഫലസ്തീനികളെ ഇസ്രഈല്‍ കൈകാര്യം ചെയ്യുന്നതിനെതിരെ തന്റെ ഭരണകൂടത്തിന് ഇപ്പോഴും സമ്മര്‍ദം ചെലുത്തുന്ന യു.കെ സര്‍ക്കാരിനെ നെതന്യാഹു അപലപിച്ചു.

ബുധനാഴ്ച ഫോക്‌സ് ന്യൂസിനോട് സംസാരിക്കുകയായിരുന്നു നെതന്യാഹു.

ഇംഗ്ലണ്ടിലെ സൈനിക വ്യോമ താവളമായ ആര്‍.എ.എഫ് ഫെയര്‍ഫോര്‍ഡിനു സമീപം തീവ്രവാദ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടെന്ന സംശയത്തില്‍ യു.കെ ഇറാന്‍ ഇരട്ട പൗരത്വമുള്ള ഒരാളെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.

ഇറാനെതിരായ യുദ്ധത്തില്‍ യു.എസ് സേന ഉപയോഗിക്കുന്ന ആര്‍.എ.എഫ് വിമാനത്താവളത്തിന് സമീപം ഇറാന്‍ സംശയാസ്പദമായ പ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടിരിക്കുന്നതായി ശക്തമായ സൂചനകള്‍ ഉണ്ടെന്ന് പ്രധാനമന്ത്രി ആന്‍ഡി ബേണ്‍ഹം ബുധനാഴ്ച പറഞ്ഞിരുന്നു.

എയര്‍ബേസിനു സമീപത്തുനിന്ന് സംശയാസ്പദമായ സാഹചര്യങ്ങളില്‍ കണ്ട മൂന്ന് കാറുകളില്‍ നിന്നും അഞ്ച് പേരെ അറസ്റ്റ് ചെയ്തിരുന്നു. എന്നാല്‍ കാറുകളില്‍ നിന്നും സംശയാസ്പദമായ ഒന്നും കണ്ടെത്താത്തതിനാല്‍ അവരെ പൊലീസ് ജാമ്യത്തില്‍ വിട്ടിരുന്നു.

എന്നാല്‍ സംഭവത്തില്‍ ഇറാന് പങ്കുണ്ടെന്ന ഊഹാപോഹങ്ങളെ കണിശമായി തള്ളിക്കളയുകയും ശക്തമായി അപലപിക്കുകയും ചെയ്യുന്നുമെന്ന് ലണ്ടണിലെ ഇറാന്‍ എംബസി പറഞ്ഞിരുന്നു.

Content  Highlight: Benjamin Netanyahu claims Britain ‘warned of Iranian attack’ before RAF Fairford incident.