ഇന്ത്യന്‍ ടീം സൂപ്പര്‍താരം അഭിഷേക് ശര്‍മയെ അമിതമായി ആശ്രയിക്കുന്നുണ്ടെന്ന് പാകിസ്ഥാന്‍ ക്രിക്കറ്റ് കമന്റ് റമീസ് രാജ. അഭിഷേക് ശര്‍മ ടി-20 ക്രിക്കറ്റിലെ അസാമാന്യ ബാറ്ററാണെന്നും താരത്തെ ടീമില്‍നിന്ന് മാറ്റിനിര്‍ത്തിയാല്‍ സിംബാബ്‌വേയ്ക്ക് പോലും ഇന്ത്യയെ പരാജയപ്പെടുത്താന്‍ കഴിയുമെന്ന് റമീസ് രാജ പറഞ്ഞു.

‘നിലവില്‍ ലോക ക്രിക്കറ്റില്‍ തോല്‍പ്പിക്കാന്‍ ഏറ്റവും ബുദ്ധിമുട്ടുള്ള ടീമായി ഇന്ത്യന്‍ ടീം മാറിയിരിക്കുകയാണ്. അവരുടെ വെടിക്കെട്ട് ബാറ്റര്‍മാര്‍ എപ്പോഴും ശ്രദ്ധാകേന്ദ്രമാണ്. എന്നാല്‍ ഇന്ത്യന്‍ ടീമിന് ഒരു വലിയ പരിമിതിയുണ്ടെന്നാണ് എനിക്ക് തോന്നുന്നത്. അവര്‍ അഭിഷേക് ശര്‍മയെ അമിതമായി ആശ്രയിക്കുന്നു.

അഭിഷേക് ശര്‍മ ടി-20 ക്രിക്കറ്റിലെ അസാമാന്യ ബാറ്ററാണ്. ഏഷ്യന്‍ ഗെയിംസ് ഫൈനലില്‍ പാകിസ്ഥാനെതിരായ വിജയം അദ്ദേഹത്തിന്റെ ബാറ്റിങ്ങിന്റെ കരുത്തിലായിരുന്നു. വെസ്റ്റ് ഇന്‍ഡീസിനെതിരായ കഴിഞ്ഞ ടി-20 മത്സരത്തിലും അദ്ദേഹത്തിന്റെ വെടിക്കെട്ട് ബാറ്റിങ്ങാണ് ഇന്ത്യക്ക് വിജയം നേടിക്കൊടുത്തത്.

മിക്കപ്പോഴും ഇരു ടീമുകളും തമ്മിലുള്ള പ്രധാന വ്യത്യാസം അഭിഷേക് ശര്‍മയാണ്. ഇഷാന്‍ കിഷന്‍, സഞ്ജു സാംസണ്‍, ശ്രേയസ് അയ്യര്‍ തുടങ്ങിയ മറ്റു ബാറ്റര്‍മാരുടെ പ്രകടനത്തില്‍ സ്ഥിരതയില്ല. അവര്‍ ചില മത്സരങ്ങളില്‍ തിളങ്ങും, മറ്റു ചിലതില്‍ പരാജയപ്പെടും.

അഭിഷേക് ശര്‍മ

ഈ ടീമില്‍നിന്ന് അഭിഷേക് ശര്‍മയെ മാറ്റിനിര്‍ത്തിയാല്‍ സിംബാബ്‌വേക്കുപോലും ഇന്ത്യയെ തോല്‍പ്പിക്കാന്‍ കഴിയുമെന്നാണ് എന്റെ അഭിപ്രായം. അയര്‍ലന്‍ഡിനും ഇംഗ്ലണ്ടിനുമെതിരെ അദ്ദേഹം മോശം പ്രകടനം കാഴ്ചവെച്ചപ്പോള്‍ ഇന്ത്യക്ക് ഒരു മത്സരം പോലും ജയിക്കാനായില്ല.

അതുകൊണ്ട്, അമിതമായി പുകഴ്ത്തപ്പെടുന്ന ഈ ഇന്ത്യന്‍ ബാറ്റിങ് നിരയിലെ ഒരേയൊരു എക്‌സ്-ഫാക്ടര്‍ അഭിഷേക് ശര്‍മ മാത്രമാണെന്നാണ് എന്റെ വിലയിരുത്തല്‍,’ റമീസ് രാജ പറഞ്ഞു.

വെസ്റ്റ് ഇന്‍ഡീസിനെതിരായ മൂന്നാം മത്സരത്തില്‍ ഇന്ത്യയെ വിജയത്തിലെത്തിച്ചതില്‍ വലിയ പങ്കാണ് അഭിഷേക് ശര്‍മ വഹിച്ചത്. ബാറ്റിങ്ങില്‍ 30 പന്തില്‍ അഞ്ച് സിക്സറും ആറ് ഫോറും അടക്കം 69 റണ്‍സാണ് താരം നേടിയത്. 230.00 എന്ന സ്‌ട്രൈക്ക് റേറ്റിലാണ് താരം ബാറ്റ് വീശിയത്.

അതേസമയം വെസ്റ്റ് ഇന്‍ഡീസും ഇന്ത്യയും തമ്മിലുള്ള ടി-20 പരമ്പരയിലെ ആദ്യ മൂന്ന് മത്സരം അവസാനിച്ചപ്പോള്‍ ഇന്ത്യ 2-1ന് മുമ്പിലാണ്. നാളെയാണ് (ഒക്ടോബര്‍ 14ന്) പരമ്പരയിലെ നാലാം മത്സരം. ഹൈദരാബാദാണ് വേദി.

Content Highlight: Pakistan Cricket Commentator Ramiz Raja Talking About Abhishek Sharma