ന്യൂദല്‍ഹി: കുല്‍ഭൂഷണ്‍ ജാദവിന്റെയും കുടുംബത്തിന്റെയും സംഭാഷണങ്ങള്‍ പാക് മാധ്യമങ്ങള്‍ പുറത്തു വിട്ടു. താന്‍ മരണത്തെ ഭയക്കുന്നില്ലെന്ന് കുല്‍ഭൂഷണ്‍ പറഞ്ഞു.

താനൊരു നാവികസേനാ ഉദ്യോഗസ്ഥനാണെന്നും നുണ പറയാന്‍ ശീലിച്ചിട്ടില്ലെന്നും കുല്‍ഭൂഷണ്‍ കൂട്ടിച്ചേര്‍ത്തു.

നേരത്തെ കുല്‍ഭൂഷണ്‍ ജാദവിനെ സന്ദര്‍ശിക്കാനെത്തിയ കുടുംബത്തെ അപമാനിക്കുന്ന തരത്തിലായിരുന്നു പാകിസ്ഥാന്റെ പെരുമാറ്റം. സുരക്ഷാ പ്രശ്നങ്ങള്‍ ചൂണ്ടിക്കാട്ടി ജാദവിന്റെ ഭാര്യയുടെ താലി ഉള്‍പ്പെടെയുള്ള ആഭരണങ്ങളും വളകളും ഊരി മാറ്റാന്‍ പാകിസ്ഥാന്‍ ആവശ്യപ്പെട്ടിരുന്നു.

സന്ദര്‍ശനത്തിനുശേഷം പാക് മാധ്യമങ്ങളും മര്യാദയില്ലാത്ത ചോദ്യങ്ങളായിരുന്നു ഇരുവര്‍ക്കു നേരെയും ഉന്നയിച്ചത്. അതേസമയം കുല്‍ഭൂഷണ്‍ ജാദവിനെ സന്ദര്‍ശിക്കാനെത്തിയ അമ്മയേയും ഭാര്യയേയും പാകിസ്ഥാന്‍ അപമാനിച്ചെന്ന് വിദേശകാര്യ മന്ത്രി സുഷമാ സ്വരാജ് പറഞ്ഞു.

ഇരുവരുടെയും താലിയും ചെരുപ്പും ഊരിവാങ്ങുകയും ഭാര്യയുടെ ചെരുപ്പില്‍ ചിപ്പുണ്ടെന്ന് പറഞ്ഞ നടപടിയും ശുദ്ധ അസംബന്ധമാണെന്നും സുഷമ പറഞ്ഞു. രാജ്യസഭയിലായിരുന്നു സുഷമയുടെ പ്രതികരണം.