രണ്ടാം വരവിലെ ആദ്യ ദിനം നേടാനായത് അഞ്ചര ലക്ഷം മാത്രം; റീ റിലീസ് തീരുമാനം തെറ്റായിപോയെന്ന് അഭിപ്രായം
Malayalam Cinema
രണ്ടാം വരവിലെ ആദ്യ ദിനം നേടാനായത് അഞ്ചര ലക്ഷം മാത്രം; റീ റിലീസ് തീരുമാനം തെറ്റായിപോയെന്ന് അഭിപ്രായം
അശ്വിന്‍ രാജേന്ദ്രന്‍
Saturday, 11th July 2026, 3:45 pm

സമീപകാലത്തായി വലിയ ട്രെന്‍ഡായി മാറിയ സംഭവമാണ് പഴയ ചിത്രങ്ങളുടെ റീ റിലീസുകള്‍. പല ചിത്രങ്ങളും ലക്ഷങ്ങള്‍ ചെലവഴിച്ച് 4കെ ദൃശ്യമികവേടെ തിയേറ്ററുകളിലേക്കെത്തുമ്പോള്‍ വലിയ ആവേശത്തോടെയാണ് പ്രേക്ഷകര്‍ ഈ ചിത്രങ്ങളെ സ്വീകരിക്കുന്നത്. മോഹന്‍ലാലിന്റെ തന്നെ ദേവദൂതന്‍, മണിച്ചിത്രത്താഴ്, ഛോട്ടാ മുംബൈ, സ്ഫടികം തുടങ്ങിയ ചിത്രങ്ങളെല്ലാം ഇത്തരത്തില്‍ തിയേറ്ററുകളിലെത്തി വലിയ നേട്ടം കൊയ്ത ചിത്രങ്ങളാണ്. എന്നാല്‍ ഏവരെയും ഞെട്ടിച്ച് കൊണ്ടായിരുന്നു അല്ലു അര്‍ജുന്‍ നായകനായ മൊഴിമാറ്റ ചിത്രം ഹാപ്പി ബി ഹാപ്പി തിയേറ്ററുകളിലേക്കെത്തിയത്. രണ്ട് കോടിയ്ക്കടുത്തായിരുന്നു ചിത്രം കേരളത്തിലെ തിയേറ്ററുകളില്‍ നിന്നും സ്വന്തമാക്കിയത്.

കിരീടം. Photo: X.com

ഈ സാഹചര്യത്തിലാണ് മലയാളത്തിലെ ക്ലാസിക്കുകളിലൊന്നായ കിരീടം കഴിഞ്ഞ ദിവസം റീ റിലീസ് ചെയ്തത്. ലോഹിതദാസ്-സിബിമലയില്‍ കൂട്ടുകെട്ടില്‍ 1989ല്‍ പുറത്തിറങ്ങിയ ചിത്രം മോഹന്‍ലാലിന്റെ കരിയറിലെ തന്നെ ബെസ്റ്റ് പെര്‍ഫോമന്‍സുകളിലൊന്നാണ്. ദശാബ്ദങ്ങള്‍ക്കിപ്പുറവും മലയാളി മനസുകളില്‍ ജീവിക്കുന്ന ചിത്രം കൂടുതല്‍ ദൃശ്യഭംഗിയോടെ പുതിയ തലമുറയ്ക്കും തിയേറ്ററുകളില്‍ കാണാനുള്ള അവസരമാണ് റീ റിലീസിലൂടെ സാധ്യമായിരിക്കുന്നത്.

എന്നാല്‍ ആദ്യ ദിനത്തിലെ ചിത്രത്തിന്റെ കളക്ഷന്‍ റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ സിനിമാ പേജുകളില്‍ ചര്‍ച്ചയാകുന്നത്. കേരളത്തിന് പുറത്ത് നിന്നും നേടിയ ഇരുപത്തയ്യായിരം രൂപയടക്കം 5.65 ലക്ഷം രൂപയാണ് ചിത്രം സ്വന്തമാക്കിയിരിക്കുന്നത്. ഓപ്പണിങ് ഡേ കളക്ഷനില്‍ മലയാളത്തില്‍ നിന്നും റീ റിലീസ് ചെയ്യുന്ന ചിത്രങ്ങളുടെ ലിസ്റ്റില്‍ പന്ത്രണ്ടാം സ്ഥാനമാണ് ചിത്രം സ്വന്തമാക്കിയിരിക്കുന്നത്. കണക്കുകള്‍ പുറത്തുവന്നതോടെ വീണ്ടും റിലീസ് ചെയ്യാനുള്ള തീരുമാനം തെറ്റായിപ്പോയോ എന്ന ചര്‍ച്ചകളിലാണ് സിനിമാലോകം.

കിരീടം. Photo: X.com

മലയാളി പ്രേക്ഷക ഹൃദയത്തില്‍ സ്ഥാനം നേടിയ ചിത്രമാണെങ്കിലും മറ്റ് ചിത്രങ്ങള്‍ പോലെ തിയേറ്ററില്‍ ആഘോഷിക്കാന്‍ സാധിക്കുന്നതോ ഫീല്‍ ഗുഡ് അനുഭവം ലഭിക്കുന്നതോ ആയ ചിത്രമല്ല കിരീടമെന്നും അതിനാല്‍ തന്നെ കളക്ഷന്‍ കാര്യമായി പ്രതീക്ഷിക്കേണ്ടതില്ലെന്നും പലരും അഭിപ്രായപ്പെടുന്നു. എന്നാല്‍ വരും ദിവസങ്ങളില്‍ ചിത്രത്തിന് കൂടുതല്‍ സ്വീകാര്യ ലഭിക്കുമെന്ന് ഉറച്ച് വിശ്വസിക്കുന്നവരും കൂട്ടത്തിലുണ്ട്. മലയാളത്തിലെ എക്കാലത്തെയും മികച്ച മാസ്റ്റര്‍പീസുകളിലൊന്ന് തിയേറ്ററില്‍ കാണാന്‍ അവസരം ലഭിച്ചതില്‍ സന്തോഷിക്കുന്നവരെയും കൂട്ടത്തില്‍ കാണാം.

Content Highlight: Opening Day Collection Report Of Kireedam Movie Starring Mohanlal

അശ്വിന്‍ രാജേന്ദ്രന്‍
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും ഇംഗ്ലീഷില്‍ ബിരുദം. കര്‍ണാടക കേന്ദ്രസര്‍വ്വകലാശാലയില്‍ നിന്നും എം.എ. മാസ് കമ്യൂണിക്കേഷന്‍ ആന്‍ഡ് ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം.