ന്യൂദല്‍ഹി: കോണ്‍ഗ്രസിനും ബി.ജെ.പിക്കുമെതിരെ രൂക്ഷ വിമര്‍ശനവുമായി സാമൂഹിക പ്രവര്‍ത്തകനായ സോനം വാങ്ചുക്കിന്റെ പങ്കാളി ഗീതാജ്ഞലി ആങ്‌മോ. ബി.ജെ.പി- കോണ്‍ഗ്രസ് അനുയായികള്‍ സാഹചര്യത്തിനനുസരിച്ച് തനിക്കും പങ്കാളിക്കും വ്യത്യസ്ത ലേബലുകള്‍ നല്‍കുകയാണെന്ന് ആങ്‌മോ പറഞ്ഞു.
പതാകകള്‍ വ്യത്യസ്തമാണെങ്കിലും ഇരു പാര്‍ട്ടികളുടെയും രീതികള്‍ ഒന്ന് തന്നെയാണെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. വാങ്ചുക്കിനെ കസ്റ്റഡിയിലെടുത്തപ്പോള്‍ ബി.ജെ.പി തങ്ങളെ ദേശവിരുദ്ധര്‍, ചൈനീസ് ഏജന്റുമാര്‍, വിദേശ ഫണ്ടുള്ളവര്‍, അങ്ങനെ അവര്‍ക്ക് പറയാന്‍ കഴിയുന്ന എല്ലാ ലേബലുകളും വിളിച്ചുവെന്നും ആങ്‌മോ പറഞ്ഞു.
അത് പോലെ തന്നെ പ്രധാനമന്ത്രിയുടെ വസതിക്ക് മുന്നില്‍ നടത്തിയ കോണ്‍ഗ്രസിന്റെ ധര്‍ണ ആത്മാര്‍ത്ഥതയില്ലാത്തതാണ് എന്ന് പറഞ്ഞിന് കോണ്‍ഗ്രസും തങ്ങളെ കടന്നാക്രമിക്കുകയാണെന്ന് അവര്‍ കൂട്ടിച്ചേര്‍ത്തു.
‘കോണ്‍ഗ്രസ് ട്രോളുകള്‍ ഞങ്ങളെ ആര്‍.എസ്.എസ് ബി.ജെ.പി തെമ്മാടികള്‍ എന്ന് വിളിക്കുന്നു. കൊടികള്‍ വ്യത്യസ്തമാണെങ്കിലും രീതികള്‍ ഒന്നുതന്നെ. അതിന്റെ ജീര്‍ണത നമ്മുടെ മുഴുവന്‍ രാഷ്ട്ര സംസ്‌കാരത്തെയും ബാധിച്ചു. കേവലം ഭരണമാറ്റമല്ല രാജ്യത്തിന് ആവശ്യം മറിച്ച് രാഷ്ട്രത്തിന്റെ അടിസ്ഥാന വ്യാകരണത്തില്‍ തന്നെ മാറ്റം വരണം,’ ആങ്‌മോ പറഞ്ഞു.
വിയോജിപ്പികളെ അപരവത്ക്കരണത്തിലൂടെയല്ലാതെ സംവാദങ്ങളിലൂടെ നേരിടുന്ന, പാര്‍ട്ടിയോടുള്ള കൂറിന് പകരം സത്യസന്ധതയെ ദേശസ്‌നേഹത്തിനുള്ള അളവ് കോലായി കാണുന്ന രാഷ്ട്രീയ സംസ്‌കാരമാണ് രാഷ്ട്രത്തിന് വേണ്ടതെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
Content Highlight: Only the flags differ; the methods are the same: Geetanjali Angmo criticizes Congress and BJP.
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. വാദി ഹുദ കോളേജില്‍ നിന്നും ബി.എ ഇംഗ്ലീഷില്‍ ബിരുദം. കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും ജേണലിസത്തില്‍ പി.ജി ഡിപ്ലോമ.