കല്‍പ്പറ്റ: വയനാട് ജില്ലയില്‍ ഒരാള്‍ക്കു കൂടി കുരങ്ങ് പനി സ്ഥിരീകരിച്ചു. ഇതോടെ ഈ വര്‍ഷം സംസ്ഥാനത്ത് കുരങ്ങ് പനി 13 പേര്‍ക്ക് സ്ഥിരീകരിച്ചു. നിലവല്‍ നാലുപേരാണ് പനി ബാധിച്ച് ചികിത്സയിലുള്ളത്.

ഞായറാഴ്ച കുരങ്ങ് പനി ബാധിച്ച് ഒരു സ്ത്രീ മരിച്ചിരുന്നു. കഴിഞ്ഞ വര്‍ഷം രണ്ട് പേര്‍ രോഗം ബാധിച്ചു മരിച്ചിരുന്നു. ഹീമോഫൈസാലിസ് വിഭാഗത്തില്‍പെട്ട ചെള്ളു പ്രാണിയാണ് കുരങ്ങു പനിക്ക് കാരണം.

പ്രധാനമായും കുരങ്ങന്റെ ശരീരത്തില്‍ ജീവിക്കുന്ന ഈ പ്രാണി കുരങ്ങന്‍ ചാകുന്നതോടെ മൃഗങ്ങളിലേക്കും മനുഷ്യരിലേക്കും രോഗം പടര്‍ത്തുകയാണ് ചെയ്യുന്നത്.

കുരങ്ങുമായുള്ള സമ്പര്‍ക്കം ചുരുക്കണമെന്നും കരിച്ചോ അല്ലെങ്കില്‍ രാസവസ്തുക്കള്‍ തളിച്ചോ ചെള്ളിനെ നശിപ്പിക്കണമെന്നും ആരോഗ്യവകുപ്പ് നേരത്തെ നിര്‍ദേശം നല്‍കിയിരുന്നു.

ശക്തമായ പനി ഇടവിട്ട് വരുന്നതും, തലകറക്കവും, ഛര്‍ദ്ദിയും കുരങ്ങുപനിയുടെ ലക്ഷണമാണ്. കൂടെ കടുത്ത ക്ഷീണവും രോമങ്ങളില്‍ നിന്ന് രക്തവും ചൊറിച്ചിലും ഉണ്ടാകും

ആരോഗ്യ വകുപ്പിന്റെ കണക്കുകള്‍ പ്രകാരം ജില്ലയില്‍ 2013ല്‍ നൂല്‍പ്പുഴയിലാണ് കുരങ്ങുപനി സ്ഥിരീകരിച്ചത് 2014ല്‍ പുല്‍പള്ളിയില്‍ ഒരു കേസ് റിപ്പോര്‍ട്ട് ചെയ്തു. 2015ല്‍ 102 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. ഇതില്‍ നൂറും പുല്‍പള്ളിയിലായിരുന്നു.