കൊല്ലം: സംസ്ഥാനത്ത് ഇന്ന് ഒരു കൊവിഡ് മരണം കൂടി റിപ്പോര്‍ട്ട് ചെയ്തു. കരുനാഗപ്പള്ളി കുലശേഖരം സ്വദേശിനി റഹിയാനത്താണ് മരിച്ചത്. ഇവര്‍ക്ക് 55 വയസ്സായിരുന്നു. ഇതോടെ സംസ്ഥാനത്ത് ആകെ കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 48ആയി.

റഹിയാനത്ത് ഇന്നലെ രാവിലെ വീട്ടില്‍ കുഴഞ്ഞുവീണതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ഇവരുടെ രോഗ ഉറവിടം വ്യക്തമല്ല.

സ്രവ പരിശോധനയില്‍ കൊവിഡ് സ്ഥിരീകരിക്കുകയായിരുന്നു. ബന്ധുക്കളുടെ സ്രവ പരിശോധന നടത്തിയതില്‍ മകന്റെ പരിശോധനാ ഫലവും പോസിറ്റീവാണ്.

സംസ്ഥാനത്ത് ഇന്ന് രണ്ട് കൊവിഡ് മരണങ്ങള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തിരുന്നു. കാസര്‍ഗോഡ് സ്വദേശിയായ ഖൈറുന്നീസ, കോഴിക്കോട് സ്വദേശിയായ കോയ എന്നിവരാണ് മരിച്ചത്.

കാസര്‍ഗോഡ് അണങ്കൂര്‍ സ്വദേശിയായ ഖൈറുന്നീസയ്ക്ക് തിങ്കളാഴ്ചയാണ് കൊവിഡ് സ്ഥിരീകരിച്ചത്. 48 കാരിയായ ഇവര്‍ ഇന്ന് പുലര്‍ച്ചയോടെയാണ് മരിച്ചത്.

പരിയാരം മെഡിക്കല്‍ കോളെജില്‍ ചികിത്സയിലായിരുന്ന ഖൈറുന്നീസയ്ക്ക് കടുത്ത ന്യൂമോണിയയും ഉണ്ടായിരുന്നു. കൊവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്നാണ് പരിയാരം മെഡിക്കല്‍ കോളെജിലേക്ക് മാറ്റിയത്. ഇവരുടെ രോഗ ഉറവിടം എവിടെയെന്ന് ഇതുവരെ വ്യക്തമായിട്ടില്ല.

കൊവിഡ് ബാധിച്ച് മരിച്ച കോയ കോഴിക്കോട് മെഡിക്കല്‍ കോളെജില്‍ ചികിത്സയിലായിരുന്നു. ഇദ്ദേഹത്തിന് കാര്യമായ കൊവിഡ് ലക്ഷണങ്ങളുണ്ടായിരുന്നില്ല. അദ്ദേഹം ഹൃദ്രോഗത്തിന് ചികിത്സയിലായിരുന്നു.

അതേസമയം കഴിഞ്ഞ ദിവസവും കൊല്ലം ജില്ലയില്‍ കൊവിഡ് മരണം റിപ്പോര്‍ട്ട് ചെയ്തിരുന്നു. തിങ്കളാഴ്ച മരിച്ച കൊല്ലം പൂതക്കുളം സ്വദേശി ബി രാധാകൃഷ്ണനാണ് രോഗം സ്ഥിരീകരിച്ചത്.

ഇദ്ദേഹത്തിന് എവിടെ നിന്നാണ് രോഗം ബാധിച്ചതെന്ന് കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. ഇദ്ദേഹത്തിന് ഹൃദയസംബന്ധമായ രോഗങ്ങള്‍ ഉണ്ടായിരുന്നതായാണ് റിപ്പോര്‍ട്ടുകള്‍.

മകളോടൊപ്പം ഇന്റര്‍വ്യൂവിനായി തിരുവനന്തപുരത്തേക്ക് പോയവഴി കുഴഞ്ഞുവീഴുകയായിരുന്നു. ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ല.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാം,  പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക