ധര്‍മേന്ദ്ര പ്രധാന്റെ രാജിക്ക് പകരം എന്‍.ടി.എയിലെ 47 ഉദ്യോഗസ്ഥരെ പിരിച്ച് വിട്ടു; സി.ജെ.പി സമരം തുടരുന്നതിനിടെ കേന്ദ്രത്തിന്റെ മുഖം രക്ഷിക്കല്‍ നടപടി
India
ധര്‍മേന്ദ്ര പ്രധാന്റെ രാജിക്ക് പകരം എന്‍.ടി.എയിലെ 47 ഉദ്യോഗസ്ഥരെ പിരിച്ച് വിട്ടു; സി.ജെ.പി സമരം തുടരുന്നതിനിടെ കേന്ദ്രത്തിന്റെ മുഖം രക്ഷിക്കല്‍ നടപടി
റെന്വര്‍ പി
Friday, 24th July 2026, 9:20 pm

ന്യൂദല്‍ഹി: നീറ്റ് പരീക്ഷ സംഘടിപ്പിക്കുന്ന ഏജന്‍സിയായ നാഷണല്‍ ടെസ്റ്റിങ് ഏജന്‍സിയില്‍ (എന്‍.ടി.എ) നിന്ന് 47 ഉദ്യോഗസ്ഥരെ പിരിച്ച് വിട്ടതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. നീറ്റ് പരീക്ഷയിലെ ക്രമക്കേട് ആവശ്യപ്പെട്ട് കോക്രോച്ച് ജനതാ പാര്‍ട്ടിയുടെ നേതൃത്വത്തില്‍ ദല്‍ഹി ജന്തര്‍ മന്ദറില്‍ വിദ്യാര്‍ത്ഥി സമരം തുടരുന്നതിനിടെയാണ് പുതിയ നടപടി.

പിരിച്ചുവിട്ടവരില്‍ ചില ഉദ്യോഗസ്ഥര്‍ക്കെതിരെ നിയമ നടപടി സ്വീകരിക്കുമെന്നും എന്‍.ടി.എയില്‍ നിന്ന് വിവരം ലഭിച്ചതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ക്രിമിനല്‍ കേസ് അടക്കമുള്ള നിയമ നടപടികളാവും ഇവര്‍ക്കെതിരെയുണ്ടാവുക.

നീറ്റ് ചോദ്യപ്പേപ്പര്‍ ചോര്‍ച്ച അടമക്കമുള്ള വിഷയങ്ങളില്‍ ഉത്തരവാദിത്തം ഏറ്റെടുത്ത് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധര്‍മേന്ദ്ര പ്രധാന്‍ രാജിവെക്കണമെന്നാണ് ജന്തര്‍ മന്ദറില്‍ സമരം ചെയ്യുന്ന വിദ്യാര്‍ത്ഥികള്‍ ആവശ്യപ്പെടുന്നത്. എന്നാല്‍ ഈ ആവശ്യം അംഗീകരിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തയ്യാറാവുന്നില്ല. ഇന്ന് (ജൂലൈ 24, വെള്ളി) കേന്ദ്രമന്ത്രിമാരും സി.ജെ.പി പ്രതിനിധികളും നടത്തിയ ചര്‍ച്ചയിലും വിദ്യാര്‍ത്ഥികളുടെ ഈ ആവശ്യം കേന്ദ്രസര്‍ക്കാര്‍ അംഗീകരിച്ചിരുന്നില്ല.

നീറ്റ് ക്രമക്കേടില്‍ മന്ത്രിയുടെ രാജി ആവശ്യപ്പെട്ടുകൊണ്ടുള്ള സി.ജെ.പി സമരം ഒരു മാസത്തിലധികം പിന്നിട്ട ശേഷമാണ് ഇപ്പോള്‍ എന്‍.ടി.എ ഉദ്യോഗസ്ഥര്‍ക്കെതിരായ നടപടി. സി.ജെ.പി സമരത്തിന് വ്യാപക പിന്തുണ ലഭിക്കുന്നുണ്ട്. ഈ തിങ്കളാഴ്ച സി.ജെ.പി മാര്‍ച്ചിന് നേര്‍ക്കുണ്ടായ പൊലീസ് അതിക്രമത്തില്‍ കേന്ദ്രസര്‍ക്കാരിനെതിരെ വ്യാപക വിമര്‍ശനവും ഉയരുന്നുണ്ട്.

ധര്‍മേന്ദ്ര പ്രധാന്റെ രാജി അടക്കം ആകെ മൂന്ന് ആവശ്യങ്ങളാണ് മന്ത്രിമാരുമായുള്ള ചര്‍ച്ചയില്‍ സി.ജെ.പി മുന്നോട്ട് വച്ചത്. നീറ്റ് ചോദ്യപ്പേപ്പര്‍ ചോര്‍ച്ചയെ തുടര്‍ന്ന് ആത്മഹത്യ ചെയ്ത വിദ്യാര്‍ത്ഥികളുടെ കുടുംബങ്ങള്‍ക്ക് ഒരു കോടി രൂപ വീതം നഷ്ടപരിഹാരം നല്‍കുക എന്നതാണ് രണ്ടാമത്തെ ആവശ്യം. ദല്‍ഹി പൊലീസ് സമരക്കാര്‍ക്കെതിരെ ചുമത്തിയ എഫ്.ഐ.ആറുകള്‍ റദ്ദാക്കുക എന്നതായിരുന്നു മൂന്നാമത്തെ ആവശ്യം.

ഇതില്‍ ധര്‍മേന്ദ്ര പ്രധാന്റെ രാജി ഒഴികെയുള്ള മറ്റ് രണ്ട് ആവശ്യങ്ങളോട് കേന്ദ്ര സര്‍ക്കാര്‍ അനുകൂല സമീപനം സ്വീകരിച്ചതായാണ് ചര്‍ച്ചയില്‍ പങ്കെടുത്ത സി.ജെ.പി വക്താവ് സൗരവ് ദാസ് അറിയിച്ചത്. ധര്‍മേന്ദ്ര പ്രധാന്റെ രാജി എന്ന ആവശ്യവുമായി മുന്നോട്ട് പോകുമെന്നും അദ്ദേഹം വ്യക്തമാക്കി.

24 മണിക്കൂറിനുള്ളില്‍ ധര്‍മേന്ദ്ര പ്രധാന്‍ രാജിവെക്കണമെന്ന് ചര്‍ച്ചയില്‍ ആവശ്യപ്പെട്ടതായും സി.ജെ.പി അറിയിച്ചിരുന്നു. ഈ സമയത്തിനുള്ളില്‍ പ്രധാന്‍ രാജിവെച്ചില്ലെങ്കില്‍ പ്രതിഷേധം ശക്തമാക്കുമെന്നും അവര്‍ വ്യക്തമാക്കിയിരുന്നു.

നീറ്റ് ചോദ്യപേപ്പര്‍ ചോര്‍ച്ചയിലും വിദ്യാര്‍ത്ഥി സമരത്തിന് നേര്‍ക്കുള്ള പൊലീസ് അതിക്രമത്തിലും സര്‍ക്കാരിനെതിരെ വ്യാപക വിമര്‍ശനം ഉയരുന്നതിനിടെയാണ് എന്‍.ടി.എയിലെ ഇപ്പോഴത്തെ പിരിച്ചുവിടല്‍. ധര്‍മേന്ദ്ര പ്രധാന്റെ രാജി ആവശ്യം അംഗീകരിക്കാത്ത സര്‍ക്കാറിന്റെ ഒരു മുഖം രക്ഷിക്കല്‍ നടപടിയായും ഈ പിരിച്ചുവിടല്‍ വിലയിരുത്തപ്പെടുന്നു.

Content Highlight: NTA: 47 officials of National Testing Agency sacked amid student protests

റെന്വര്‍ പി
കേരള പ്രസ് അക്കാദമിയില്‍ നിന്നുംപബ്ലിക് റിലേഷന്‍സ് ആന്‍ഡ് അഡ്വര്‍ടൈസിങില്‍ പി.ജി ഡിപ്ലോമ. തേജസ്, തത്സമയം, ഇന്ത്യന്‍ എക്‌സ്പ്രസ് മലയാളം എന്നീ മാധ്യമങ്ങളില്‍ പ്രവര്‍ത്തിച്ചു. 2026 മെയ് മുതല്‍ ഡൂള്‍ന്യൂസില്‍ ജോലി ചെയ്യുന്നു.