കൊച്ചി: മിന്നല്‍ മുരളിയുടെ ബോണസ് ട്രെയ്‌ലര്‍ പുറത്തുവിട്ട് നെറ്റ്ഫ്‌ളിക്‌സ്. ഡയറക്റ്റ് ഒ.ടി.ടി റിലീസ് ആയി നെറ്റ്ഫ്‌ളിക്‌സിലൂടെ എത്തുന്ന ചിത്രം ക്രിസ്മസിനാണ് റിലീസ് ചെയ്യുന്നത്.

ടൊവിനോ തോമസ് നായകനാവുന്ന ചിത്രം സംവിധാനം ചെയ്യുന്നത് ബേസില്‍ ജോസഫാണ്. നേരത്തെ ചിത്രത്തിന്റെ ട്രെയ്‌ലര്‍ ഒരു കോടിയിലധികം പേരായിരുന്നു കണ്ടത്.

കുഞ്ഞിരാമായണം, ഗോദ എന്നീ ചിത്രങ്ങള്‍ക്ക് ശേഷം ബേസില്‍ ജോസഫ് സംവിധാനം ചെയ്യുന്ന ചിത്രം ബേസില്‍- ടൊവിനോ കൂട്ടുകെട്ടിന്റെ രണ്ടാമത്തെ ചിത്രം കൂടിയാണ്. സമീര്‍ താഹിറാണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നത്.

മലയാളമുള്‍പ്പെടെ അഞ്ച് ഭാഷകളിലാണ് ചിത്രമെത്തുന്നത്. മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിലുമായാണ് ചിത്രം ഒരുങ്ങുന്നത്. ജിഗര്‍തണ്ട, ജോക്കര്‍ എന്നീ ചിത്രങ്ങളിലൂടെ മലയാളികള്‍ക്കും പരിചിതനായ തമിഴ് താരം ഗുരു സോമസുന്ദരം ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.

അജു വര്‍ഗീസ്, ബൈജു, ഹരിശ്രീ അശോകന്‍, ഫെമിന ജോര്‍ജ്ജ് തുടങ്ങിയവരാണ് മറ്റ് പ്രധാന താരങ്ങള്‍. കഥ, തിരക്കഥ, സംഭാഷണം-അരുണ്‍ എ.ആര്‍, ജസ്റ്റിന്‍ മാത്യുസ്. സംഗീതം ഷാന്‍ റഹ്മാന്‍, സുഷിന്‍ ശ്യാം.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Not only comedy, Minnal Murali is a bit dark; Netflix releases bonus trailer