പി.എം ശ്രീ നിലപാടിൽ മാറ്റമില്ല; അറബിക്കടലിനപ്പുറം അഴുക്കുചാലുണ്ടെങ്കിൽ അവിടെ എറിയണം: കെ.എം. ഷാജി
Kerala
പി.എം ശ്രീ നിലപാടിൽ മാറ്റമില്ല; അറബിക്കടലിനപ്പുറം അഴുക്കുചാലുണ്ടെങ്കിൽ അവിടെ എറിയണം: കെ.എം. ഷാജി
ശ്രീലക്ഷ്മി പി.പി
Sunday, 16th August 2026, 3:16 pm

കണ്ണൂർ: പി.എം ശ്രീ പദ്ധതിക്കെതിരായ തന്റെ രാഷ്ട്രീയ നിലപാടിൽ മാറ്റമില്ലെന്ന് കെ.എം. ഷാജി. കണ്ണൂരിൽ മുസ്‌ലിം യൂത്ത് ലീഗ് സംഘടിപ്പിച്ച ‘ഫ്രീഡം ടോക്ക്’ പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘ഞാൻ പറഞ്ഞത് രാഷ്ട്രീയമാണ്. അതിൽ ഞാൻ ഇപ്പോഴും വിശ്വസിക്കുന്നത് അറബിക്കടലിൽ അല്ല, അതിനപ്പുറം വേറെയൊരു അഴുക്കുചാലുണ്ടെങ്കിൽ അവിടെ വലിച്ചെറിയേണ്ടതാണ്. എനിക്ക് അതിൽ യാതൊരു അഭിപ്രായ വ്യത്യാസവുമില്ല,’കെ.എം. ഷാജി പറഞ്ഞു.

ഒരു ഉത്തരവാദിത്തം ഏറ്റെടുത്ത് നിൽക്കുമ്പോൾ തങ്ങൾക്ക് മാത്രമായി എല്ലാം ചെയ്യാൻ കഴിയില്ലെന്നും അദ്ദേഹം വ്യക്തമാക്കി. തന്റെ വകുപ്പിൽപ്പെടുന്ന വിഷയങ്ങളിൽ മാത്രമല്ല, രാഷ്ട്രീയ വിഷയങ്ങളിലും അഭിപ്രായം പറയുമെന്നും ഷാജി പറഞ്ഞു.

അധികാരത്തിലെത്തുമ്പോൾ ചില സാഹചര്യങ്ങളിൽ നേരത്തെ ഉയർത്തിയ നിലപാടുകളിൽ പ്രായോഗികമായ മാറ്റങ്ങൾ വരുത്തേണ്ടി വരാറുണ്ടെന്ന് അദ്ദേഹം ന്യൂയോർക്ക് മേയർ സൊഹ്‌റാൻ മംദാനിയുടെ ഉദാഹരണത്തിലൂടെ വിശദീകരിച്ചു. ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു ന്യൂയോർക്കിലെത്തിയാൽ മനുഷ്യാവകാശ ലംഘനങ്ങളുടെ പേരിൽ അറസ്റ്റ് ചെയ്യുമെന്ന് മംദാനി നേരത്തെ പറഞ്ഞിരുന്നെങ്കിലും, അധികാരത്തിലെത്തിയ ശേഷം നിയമസംവിധാനം അതിന് അനുവദിക്കുന്നില്ലെന്ന് അദ്ദേഹം വ്യക്തമാക്കിയിരുന്നു. എന്നാൽ അതുകൊണ്ട് തങ്ങൾ ഉയർത്തിയ രാഷ്ട്രീയം പണയപ്പെടുത്തിയെന്ന് അർത്ഥമില്ലെന്നും ഷാജി ചൂണ്ടിക്കാട്ടി.

പ്രതിപക്ഷത്തായിരുന്ന കാലത്ത് ‘ഞങ്ങൾ അധികാരത്തിൽ വന്നാൽ പി.എം ശ്രീ പദ്ധതി അറബിക്കടലിൽ എറിയും’ എന്നായിരുന്നു കെ.എം ഷാജിയുടെ നിലപാട്. എന്നാൽ യു.ഡി.എഫ് അധികാരത്തിലെത്തിയതിന് പിന്നാലെ പദ്ധതിയുമായി മുന്നോട്ടുപോകുന്ന സാഹചര്യമുണ്ടായി.

ഇതുമായി ബന്ധപ്പെട്ട് നേരത്തെ മാധ്യമങ്ങളോട് പ്രതികരിക്കവെ, ‘അറബിക്കടലിൽ പോയി സർക്കാരിന്റെ കരാർ എറിയാൻ പറ്റുമോ?’ എന്നായിരുന്നു ഷാജിയുടെ മറുപടി. ഇതിനെ തുടർന്ന് അദ്ദേഹത്തിനെതിരെ വിമർശനങ്ങളും ഉയർന്നിരുന്നു.

പി.എം ശ്രീ പദ്ധതിയുമായി സർക്കാർ മുന്നോട്ടുപോകുന്നതിൽ മുസ്ലിം ലീഗിനുള്ള അതൃപ്തി നിലനിൽക്കുന്നതിനിടെയാണ് കെ.എം. ഷാജി തന്റെ മുൻ നിലപാട് വീണ്ടും പരസ്യമായി ആവർത്തിച്ചിരിക്കുന്നത്.

Content Highlight:No change in stance on PM SHRI; if there’s a sewer beyond the Arabian Sea, it should be thrown there: K.M. Shaji

ശ്രീലക്ഷ്മി പി.പി
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയിനി. കണ്ണൂര്‍ സര്‍വകലാശാലയില്‍ നിന്നും ജേണലിസത്തില്‍ ബിരുദാനന്തര ബിരുദം.