ബോക്സ് ഓഫീസ് കളക്ഷന്റെ കാര്യത്തില്‍ മലയാളത്തില്‍ ഇന്ന് ഒന്നാം സ്ഥാനത്ത് നിലകൊള്ളുന്ന അഭിനേതാവാണ് നിവിന്‍ പോളി. വിനീത് ശ്രീനിവാസന്‍ സംവിധാനം ചെയ്ത മലര്‍വാടി ആര്‍ട്സ് ക്ലബ് എന്ന ചിത്രത്തിലൂടെ തന്റെ സ്വപ്രയത്നം കൊണ്ട് മലയാള സിനിമയിലേക്ക് അരങ്ങേറ്റം കുറിച്ച നിവിന്‍ പിന്നീട് നല്ല ഒട്ടനവധി ചിത്രങ്ങളുടെ ഭാഗമാകുകയും മലയാള സിനിമയില്‍ തന്റെ സ്ഥാനം നേടിയെടുക്കുകയും കേരളത്തിന് പുറത്തേക്ക് സ്റ്റാര്‍ഡം വ്യാപിപിക്കുകയുമായിരുന്നു.

സര്‍വ്വം മായ. Photo: X.com

നീണ്ട കാലത്തെ പരാജയങ്ങള്‍ക്ക് ശേഷം വീണ്ടും വിജയവഴിയിലേക്ക് തിരിച്ചെത്തിയിരിക്കുകയാണ് നിവിന്‍ പോളി. 2025 അവസാനത്തില്‍ അഖില്‍ സത്യന്‍ സംവിധാനം ചെയ്ത താരത്തിന്റെ സര്‍വ്വം മായ എന്ന ചിത്രം 150 കോടിയോളമായിരുന്നു തിയേറ്ററുകളില്‍ നിന്നും നേടിയത്. എന്നാല്‍ ഗിരീഷ് എ.ഡിയുടെ സംവിധാനത്തില്‍ കഴിഞ്ഞ മാസം തിയേറ്ററുകളിലെത്തിയ നിവിന്റെ ബെത്‌ലഹേം കുടുംബ യൂണിറ്റ് ബോക്‌സ് ഓഫീസിനെ പഞ്ഞിക്കിട്ടിരുന്നു. കേരള ബോക്‌സ് ഓഫീസില്‍ നിന്നും മാത്രം 150 കോടിയും ആഗോളതലത്തില്‍ 320 കോടിയിലധികവുമാണ് ചിത്രം നേടിയിരിക്കുന്നത്.

താരത്തിന്റേതായി തമിഴില്‍ പുറത്തിറങ്ങാനിരിക്കുന്ന ഏറ്റവും പുതിയ ചിത്രമാണ് യേഴ് കടല്‍ യേഴ് മലൈ. തമിഴിലെ മുന്‍നിര സംവിധായകരിലൊരാളായ റാം സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ നിവിന് പുറമെ സൂരിയും പ്രധാനവേഷത്തിലെത്തുന്നുണ്ട്. ചിത്രവുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം തമിഴില്‍ നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കവെ മലയാളത്തിലെ മറ്റൊരു യുവതാരം ടൊവിനോ തോമസിനെ കുറിച്ച് നിവിന്‍ പറഞ്ഞ വാക്കുകളാണ് സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധിക്കപ്പെടുന്നത്.

യേഴ് കടല്‍ യേഴ് മലൈ. Photo: X.com

‘ടൊവിയും ഞാനും കസിന്‍സാണ്. ഫസ്റ്റ് കസിന്‍ അല്ലെങ്കിലും സെക്കന്‍ഡ് കസിനാണ്. ചെറുപ്പത്തില്‍ ഫാമിലി ഫങ്ഷനെല്ലാം വരുമ്പോള്‍ കാണാറുണ്ട്. എന്റെ അമ്മയും ടൊവിനോയുടെ അച്ഛനും ഒരുമിച്ച് പഠിച്ചതാണ്. സ്‌കൂളിലോ ചര്‍ച്ചിലോ ആണ് അവര്‍ ഒന്നിച്ച് പഠിച്ചത്. ഞങ്ങള്‍ രണ്ട് പേരും ഒന്നിച്ച് ഇതുവരെ സിനിമ ചെയ്തിട്ടില്ല. ഞങ്ങള്‍ക്ക് എന്തെങ്കിലും സംശയം എല്ലാം വരുമ്പോള്‍ പരസ്പരം സംസാരിക്കാറുണ്ട്. അദ്ദേഹത്തിന്റെ വളര്‍ച്ചയിലും വിജയത്തിലും എനിക്ക് ഒരുപാട് സന്തോഷമുണ്ട്. കേരളത്തില്‍ ടൊവിനോയ്ക്ക് വലിയ ഫാന്‍ബേസുണ്ട്. ടൊവിനോയുടെ ലോകഃ 2 പോലെയുള്ള ചിത്രങ്ങള്‍ വരാനിരിക്കുകയാണ്. അതെല്ലാം വലിയ വിജയമായി തീരട്ടെ എന്ന് ആശംസിക്കുന്നു,’ നിവിന്‍ പറഞ്ഞു.

Content Highlight: Nivin Pauly talks about Tovino Thomas