വിനീത് ശ്രീനിവാസന്‍ സംവിധാനം ചെയ്ത മലര്‍വാടി ആര്‍ട്സ് ക്ലബ് എന്ന ചിത്രത്തിലൂടെ സ്വപ്രയത്നം കൊണ്ട് മലയാള സിനിമയിലേക്ക് അരങ്ങേറ്റം കുറിച്ച അഭിനേതാവാണ് നിവിന്‍ പോളി. പിന്നീട് നല്ല ഒട്ടനവധി ചിത്രങ്ങളുടെ ഭാഗമായ താരം മലയാള സിനിമയില്‍ തന്റെ സ്ഥാനം നേടിയെടുക്കുകയും കേരളത്തിന് പുറത്തേക്കും തന്റെ സ്റ്റാര്‍ഡം വ്യാപിപിക്കുകയുമായിരുന്നു. റൊമാന്റിക് കോമഡി എന്റര്‍ടെയിനര്‍ ചിത്രങ്ങളില്‍ പ്രേക്ഷകരുടെ പ്രിയപ്പെട്ട നായകനായ നിവിന് എന്നാല്‍ 2019ല്‍ പുറത്തിറങ്ങിയ ലൗ ആക്ഷന്‍ ഡ്രാമ എന്ന ചിത്രത്തിന് ശേഷം തുടര്‍പരാജയങ്ങളായിരുന്നു ബോക്സ് ഓഫീസില്‍ നിന്നും ഏറ്റുവാങ്ങേണ്ടി വന്നത്. തന്റെ കംഫര്‍ട്ട് സോണിന് പുറത്ത് നിവിന്‍ ചെയ്ത ചിത്രങ്ങളെല്ലാം തന്നെ ഡിസാസ്റ്ററായി മാറുകയായിരുന്നു.

ബാംഗ്ലൂര്‍ ഡേയ്‌സ്. Photo: IMDB
ഇതോടെ താരം ഫീല്‍ഡ് ഔട്ടായെന്നടക്കം വലിയ വിമര്‍ശനങ്ങളായിരുന്നു ഉയര്‍ന്നത്. ഇത്തരക്കാര്‍ക്കുള്ള മറുപടിയായിട്ടായിരുന്നു 2025 ഡിസംബറില്‍ പുറത്തിറങ്ങിയ സര്‍വ്വം മായയുമായി നിവിനെത്തിയത്. 150 കോടി നേടിയ വിജയത്തിലൂടെ താന്‍ ഇവിടെ തന്നെയുണ്ടെന്ന് താരം വിളിച്ചുപറയുകയായിരുന്നു. ഇപ്പോഴിതാ ഗിരീഷ് എ.ഡി സംവിധാനം ചെയ്ത റോം-കോം ചിത്രം ബെത്ലഹേം കുടുംബ യൂണിറ്റിലൂടെ 320 കോടിയും സ്വന്തമാക്കി മോളിവുഡ് ബോക്സ് ഓഫീസിലെ കിരീടം വെക്കാത്ത രാജവായി മാറിയിരിക്കുകയാണ് നിവിന്‍.
നിവിന്റെ കരിയറില്‍ ഏറ്റവും കൂടുതല്‍ റിപ്പീറ്റ് വാല്യൂവുള്ള ചിത്രങ്ങളിലൊന്നാണ് അഞ്ജലി മേനോന്‍ സംവിധാനം ചെയ്ത് 2014ല്‍ പുറത്തിറങ്ങിയ ബാംഗ്ലൂര്‍ ഡേയ്‌സ്. നിവിന് പുറമെ ദുല്‍ഖര്‍ സല്‍മാന്‍, ഫഹദ് ഫാസില്‍, നസ്രിയ നസീം, ഇഷ തല്‍വാര്‍, പാര്‍വതി തിരുവോത്ത് തുടങ്ങി വമ്പന്‍ താരനിര അണിനിരന്ന ചിത്രം കേരളത്തിലെ ട്രെന്‍ഡ് സെറ്ററായി മാറിയിരുന്നു.
നിവിന്റേതായി തമിഴില്‍ പുറത്തിറങ്ങാനിരിക്കുന്ന പുതിയ ചിത്രം യേഴ് കടല്‍ യേഴ് മലൈയുമായി ബന്ധപ്പെട്ട് സംസാരിക്കവെ ബാംഗ്ലൂര്‍ ഡേയ്‌സിനെ പറ്റി താരം പറഞ്ഞ വാക്കുകളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധിക്കപ്പെടുന്നത്.
‘എന്റെ ഫേവറിറ്റ് ചിത്രങ്ങളിലൊന്നാണ് ബാഗ്ലൂര്‍ ഡേയ്‌സ്. ഞങ്ങളെല്ലാവരും ഒരുപാട് എന്‍ജോയ് ചെയ്ത് ജോളിയായി ചെയ്ത ചിത്രമായിരുന്നു അത്. ദുല്‍ഖര്‍, ഫഹദ്, നസ്രിയ, ഇഷ തുടങ്ങി വലിയ താരനിര ചിത്രത്തിലുണ്ടായിരുന്നു. അഞ്ജലി മേനോനായിരുന്നു ചിത്രത്തിന്റെ സംവിധായക. അവര്‍ സെറ്റില്‍ എല്ലാവരെയും കംഫര്‍ട്ടബിള്‍ ആക്കി നിര്‍ത്തി. അത് പ്രധാനപ്പെട്ട കാര്യമാണല്ലോ. ഇത്രയും ആളുകള്‍ ചിത്രത്തില്‍ ഉണ്ടാകുമ്പോള്‍ നമ്മുടെ റോള്‍ ചെറുതായി പോകുമോ എന്ന ഇന്‍സെക്യൂരിറ്റി ഉണ്ടാകും. പക്ഷേ അതെല്ലാം അവര്‍ നന്നായി കൈകാര്യം ചെയ്തു. എന്റെ കരിയറില്‍ ഒരിക്കലും മറക്കാന്‍ പറ്റാത്ത ചിത്രമാണ് ബാംഗ്ലൂര്‍ ഡേയ്‌സ്,’ നിവിന്‍ പറഞ്ഞു.

ബാംഗ്ലൂര്‍ ഡേയ്‌സ്. Photo: Reddit
പേരന്‍പ്, തങ്ക മീന്‍കള്‍, തരമണി, കട്രത് തമിഴ് തുടങ്ങിയ തമിഴിലെ ക്ലാസിക് സിനിമകള്‍ ഒരുക്കിയ റാം സംവിധാനം ചെയ്യുന്ന ചിത്രമാണ് യേഴ് കടല്‍ യേഴ് മലൈ. നിവിന് പുറമെ സൂരിയും ചിത്രത്തില്‍ പ്രധാനവേഷത്തിലെത്തുന്നുണ്ട്.
Content Highlight: Nivin Pauly Shares his memories from Banglore Days movie
