[share]

[]നിലമ്പൂര്‍: കോണ്‍ഗ്രസ് ഓഫീസില്‍ വച്ച് ജീവനക്കാരി കൊല്ലപ്പെട്ട സംഭവത്തില്‍ പിടിയിലായ പ്രതിയെ നുണ പരിശോധനയ്ക്ക് വിധേയമാക്കണമെന്ന് കൊല്ലപ്പെട്ട രാധയുടെ സഹോദരന്‍ ഭാസ്‌കരന്‍.

മന്ത്രി ആര്യാടന്‍ മുഹമ്മദിന്റെ പേഴ്‌സനല്‍ സ്റ്റാഫംഗമായ ബിജു നായരെയാണ് നുണ പരിശോധനയ്ക്ക് വിധേയമാക്കണമെന്ന് ഭാസ്‌കരന്‍ ആവശ്യപ്പെട്ടിരിയ്ക്കുന്നത്. ബിജു നായരും കോണ്‍ഗ്രസ് പ്രവര്‍ത്തകനായ ഷംസുദ്ധീനുമാണ് സംഭവത്തില്‍ പിടിയിലായ പ്രതികള്‍.

അന്വേഷണം പ്രഹസനം മാത്രമായിരുന്നുവെന്നും കേസിന്റെ വിശദ വിവരങ്ങള്‍ മലപ്പുറം എസ്.പിയോട് പറയരുതെന്ന് അന്വേഷണ ചുമതലയുള്ള ഉദ്യോഗസ്ഥര്‍ പറഞ്ഞിരുന്നുവെന്നും ഭാസ്‌കരന്‍ പറഞ്ഞു.

ബിജുവിനെ വേണ്ട രീതിയില്‍ ചോദ്യം ചെയ്തിരുന്നില്ല. സംഭവത്തില്‍ ഉന്നതര്‍ക്കുള്ള പങ്ക് അന്വേഷിയ്ക്കണം- ഭാസ്‌കരന്‍ പറഞ്ഞു.

കൊലപാതകം നടക്കുന്നതിന്റെ തലേദിവസം ബിജു ഭാര്യയുടെ മൊബൈല്‍ ഫോണാണ് ഉപയോഗിച്ചതെന്ന് തെളിഞ്ഞതോടെ ഇതിന്റെ കോള്‍ ഡീറ്റെയ്ല്‍സ് എടുക്കാനും അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് സമ്മര്‍ദ്ദമുണ്ട്.

പ്രത്യേക അന്വേഷണ സംഘത്തില്‍ ഉള്‍പ്പെട്ടിരുന്ന മലപ്പുറം എസ്.പിയെ സ്ഥലം മാറ്റിയത് ദുരൂഹതയുയര്‍ത്തിയ സാഹചര്യത്തിലാണ് എസ്.പിയോട് വിവരങ്ങള്‍ വെളിപ്പെടുത്തരുതെന്ന് ഐ.ജി നിര്‍ദേശിച്ച കാര്യം ഭാസ്‌കരന്‍ വ്യക്തമാക്കിയിരിയ്ക്കുന്നത്.

രണ്ടാഴ്ച മുമ്പാണ് പ്രദേശത്തെ പഞ്ചായത്ത് കുളത്തില്‍ നിന്ന് കോണ്‍ഗ്രസ് ഓഫീസ് ജീവനക്കാരിയായ രാധയുടെ മൃതദേഹം ലഭിച്ചത്.

ചാക്കില്‍ കെട്ടി കുളത്തില്‍ താഴ്ത്തിയ നിലയിലായിരുന്നു മൃതദേഹം.

പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പ്രകാരം രാധയെ ക്രൂരമായ ലൈംഗിക പീഡനത്തിന് ഇരയാക്കിയതിനു ശേഷം കഴുത്തില്‍ തോര്‍ത്ത് മുറുക്കി കൊലപ്പെടുത്തുകയായിരുന്നു.

എന്നാല്‍ ബലാത്സംഗം നടന്നിട്ടില്ലെന്നും ചൂലു കൊണ്ടുള്ള മര്‍ദ്ദനമേറ്റാണ് രാധയുടെ സ്വകാര്യ ഭാഗങ്ങളില്‍ മുറിവുണ്ടായതെന്നുമുള്ള വാദവുമായി പോലീസ് രംഗത്തു വന്നിരുന്നു.

അതേസമയം പോലീസിന്റെ വാദം തെറ്റാണെന്ന് ഫോറന്‍സിക് വിദഗ്ധ ഷേര്‍ളി വാസു അറിയിച്ചിരുന്നു. നിയമപ്രകാരം സ്ത്രീയുടെ ഗുഹ്യഭാഗങ്ങളില്‍ ചതവോ മുറിവോ കാണപ്പെട്ടാല്‍ ബലാത്സംഗമായി കണക്കാക്കാവുന്നതാണെന്ന് ഷേര്‍ളി വാസു പറഞ്ഞിരുന്നു.