അവിര എന്തൊരു വൃത്തികെട്ട പേരാണെന്ന് എല്ലാവരും ചോദിച്ചു: നിഖിൽ നായർ
Malayalam Cinema
അവിര എന്തൊരു വൃത്തികെട്ട പേരാണെന്ന് എല്ലാവരും ചോദിച്ചു: നിഖിൽ നായർ
കെ.എസ് ഷാബിന
Tuesday, 16th June 2026, 1:07 pm

മലയാള സിനിമയിലെ എക്കാലത്തെയും വലിയ വിസ്മയമാണ് ജീത്തു ജോസഫ് – മോഹൻലാൽ കൂട്ടുകെട്ടിലിറങ്ങിയ ‘ദൃശ്യം’ ഫ്രാഞ്ചൈസി. ജോർജുകുട്ടിയും കുടുംബവും തിയേറ്ററുകളിൽ സൃഷ്ടിച്ച തരംഗം വർഷങ്ങൾക്കിപ്പുറവും അവസാനിച്ചിട്ടില്ല. മലയാളി പ്രേക്ഷകർ ആകാംക്ഷയോടെ കാത്തിരുന്ന ‘ദൃശ്യം 3’ ഇപ്പോൾ ബോക്സ് ഓഫീസിൽ പുതിയ കളക്ഷൻ റെക്കോഡുകൾ ഭേദിച്ച് മുന്നേറുകയാണ്.

ചിത്രത്തിന്റെ റിലീസിന് ശേഷം ഇതിലെ കഥയും കഥാപാത്രങ്ങളും സോഷ്യൽ മീഡിയയിൽ ഏറെ ചർച്ച ചെയ്യപ്പെടുന്നുണ്ട്. സിനിമയിൽ പുതുമുഖങ്ങളായി എത്തിയ താരങ്ങളെയും മലയാളി പ്രേക്ഷകർ ഇരുകൈയ്യും നീട്ടിയാണ് സ്വീകരിച്ചത്. അത്തരത്തിൽ ‘ദൃശ്യം 3’ യിൽ പ്രധാന വേഷത്തിലെത്തിയ കഥാപാത്രമാണ് ‘അവിര’. സിനിമയിൽ അൻസിബ അവതരിപ്പിച്ച അഞ്ജുവിന്റെ വരനായിട്ടാണ് അവിര എന്ന കഥാപാത്രത്തെ അവതരിപ്പിച്ച നിഖിൽ നായർ എത്തിയത്.

ദൃശ്യം 3.Photo;X.com

സിനിമയിലെ നിഖിലിന്റെ കഥാപാത്രത്തിന്റെ ‘അവിര’ എന്ന പേര് സോഷ്യൽ മീഡിയയിൽ വലിയ രീതിയിൽ ട്രോളുകൾക്ക് വഴിവെച്ചിരുന്നു. നടൻ മോഹൻലാലിന്റെ ബന്ധു കൂടിയായ നിഖിൽ നായർ ഇപ്പോൾ ഈ കഥാപാത്രത്തെ കുറിച്ചും ദൃശ്യം 3-ലേക്ക് എത്തിയതിനെ കുറിച്ചും മനസ്സുതുറക്കുകയാണ്. ക്ലബ് എഫ്.എമ്മിന് നൽകിയ അഭിമുഖത്തിലാണ് താരം വിശേഷങ്ങൾ പങ്കുവെച്ചത്.

‘ആദ്യം ‘എന്തൊരു വൃത്തികെട്ട പേരാണ്’ എന്നാണ് എല്ലാവരും ചോദിച്ചത്. ഞാൻ ജീത്തു സാറിനോടും ചോദിച്ചു, എന്താണ് ഈ പേരെന്ന്. ‘അവറാച്ചൻ’ എന്ന പേരിന്റെ ഒരു മോഡേൺ വേർഷൻ ആണ് ഇതെന്നായിരുന്നു അദ്ദേഹം എനിക്ക് പറഞ്ഞുതന്നത്.ലാലേട്ടനുമായുള്ള ബന്ധം വഴിയല്ല ഞാൻ ഈ സിനിമയിലേക്ക് വന്നത്.

ദൃശ്യം 3.Photo;The New Indian Express

എന്റെ സുഹൃത്ത് അഭിനേഷ് ഈ ചിത്രത്തിൽ അസിസ്റ്റന്റ് ഡയറക്ടർ ആയിരുന്നു. അവൻ വിളിച്ച് ഇങ്ങനെ ഒരു കഥാപാത്രമുണ്ടെന്ന് പറഞ്ഞപ്പോൾ ഞാൻ ജീത്തു സാറിനെ വിളിച്ച് ചോദിക്കുകയായിരുന്നു. അദ്ദേഹം എന്നെ ഓഡിഷൻ ചെയ്തു, അങ്ങനെയാണ് ‘അവിര’ എന്ന കഥാപാത്രം എനിക്ക് ലഭിക്കുന്നത്.

ചെറുപ്പം മുതലേ സിനിമ വലിയൊരു ആഗ്രഹമായിരുന്നു. പക്ഷേ, പത്താം ക്ലാസ് കഴിഞ്ഞ ശേഷമാണ് അതിനെ ഗൗരവമായി എടുത്തു തുടങ്ങിയത്. അഭിനയമാണ് എന്റെ പ്രധാന പാഷൻ. അഭിനയവും പ്രൊഡക്ഷനും ഒരുപോലെ ഇഷ്ടമാണെങ്കിലും കൂടുതൽ താല്പര്യം അഭിനയത്തോടാണ്. കൂടാതെ മ്യൂസിക്കും ചെയ്യാറുണ്ട്; ‘ഹൃദയം’ സിനിമയിൽ ഹിഷാം അബ്ദുൽ വഹാബ് ഒരുക്കിയ ‘സർവം സദാ’ എന്ന ഗാനത്തിൽ ഞാൻ ഗിറ്റാർ വായിച്ചിരുന്നു. ഇനിയും നല്ല നല്ല സിനിമകളുടെ ഭാഗമാകണം എന്നാണ് എന്റെ ആഗ്രഹം,’ നിഖിൽ നായർ പറഞ്ഞു നിർത്തി.

Content Highlight : Nikhil Nayar talks about drishyam 3  character name avira

കെ.എസ് ഷാബിന
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയിനി. മഹാത്മാഗാന്ധി സര്‍വ്വകലാശാലയില്‍ നിന്നും ജേണലിസത്തില്‍ ബിരുദം.