വെടിക്കെട്ട് വിജയത്തിന് പിന്നാലെ വമ്പന്‍ തിരിച്ചടി; ബ്ലാക് ക്യാപ്‌സിന് കിട്ടിയത് എട്ടിന്റെ പണി!
Cricket
വെടിക്കെട്ട് വിജയത്തിന് പിന്നാലെ വമ്പന്‍ തിരിച്ചടി; ബ്ലാക് ക്യാപ്‌സിന് കിട്ടിയത് എട്ടിന്റെ പണി!
ശ്രീരാഗ് പാറക്കല്‍
Wednesday, 11th February 2026, 9:32 am

ടി-20 ലോകകപ്പില്‍ യു.എ.ഇയെ തകര്‍ത്ത് ന്യൂസിലാന്‍ഡ് രണ്ടാം വിജയം സ്വന്തമാക്കിയിരിക്കുകയാണ്. ചെപ്പോക്കില്‍ നടന്ന മത്സരത്തില്‍ പത്ത് വിക്കറ്റിന്റെ കൂറ്റന്‍ വിജയമാണ് ന്യൂസിലാന്‍ഡ് സ്വന്തമാക്കിയത്.

യു.എ.ഇ ഉയര്‍ത്തിയ 174 റണ്‍സിന്റെ വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ കിവീസ് 15.2 ഓവറില്‍ വിജയലക്ഷ്യം മറികടന്നു. ഓപ്പണര്‍ ടിം സീഫെര്‍ട്ടിന്റെയും (42 പന്തില്‍ 89*) ഫിന്‍ അലന്റെയും (50 പന്തില്‍ 84*) കരുത്തിലാണ് ന്യൂസിലാന്‍ഡ് വിജയം സ്വന്തമാക്കിയത്.

എന്നാല്‍ കൂറ്റന്‍ വിജയത്തിന് പിന്നാലെ ഒരു വമ്പന്‍ തിരിച്ചടിയാണ് ബ്ലാക് ക്യാപ്‌സിന് നേരിടേണ്ടി വന്നിരിക്കുന്നത്. ടീമിന്റെ സൂപ്പര്‍ സിപിന്‍ ഓള്‍റൗണ്ടര്‍ മൈക്കല്‍ ബ്രേസ്വെല്‍ ലോകകപ്പിന്റെ ശേഷിക്കുന്ന മത്സരങ്ങളില്‍ നിന്ന് പുറത്തായിരിക്കുകയാണ്. ഇടത് കാലിന് വീണ്ടും പരിക്കേറ്റതിനെ തുടര്‍ന്നാണ് താരം ടൂര്‍ണമെന്റില്‍ നിന്ന് പുറത്തായത്.

കഴിഞ്ഞ മാസം ഇന്ത്യയ്ക്കെതിരായ മൂന്നാം ഏകദിനത്തിനിടെ ഉണ്ടായ പരിക്കില്‍ നിന്ന് ബ്രേസ്വെല്‍ മോചിതനായെങ്കിലും ലോകകപ്പിന് മുന്നോടിയായി നടന്ന സന്നാഹ മത്സരത്തിനിടെ പേശികള്‍ക്ക് വീണ്ടും പരിക്കേല്‍ക്കുകയായിരുന്നു.

പരിക്കില്‍ നിന്ന് താരത്തിന് സുഖം പ്രാപിക്കാന്‍ ഏകദേശം മൂന്ന് ആഷ്ചയോളം സമയം വേണമെന്നാണ് റിപ്പോര്‍ട്ട്. താരത്തിന് പകരം ഓഫ് സ്പിന്‍ ഓള്‍റൗണ്ടര്‍ കോള്‍ മക്കോഞ്ചി ഇന്ത്യയിലേക്ക് പോകും. ആഭ്യന്തര ടി-20യില്‍ മികച്ച പ്രകടനം കാഴ്ചവെച്ചതിന് ശേഷമാണ് മക്കോഞ്ചി ടീമില്‍ ചേരുന്നത്.

അതേസമയം യു.എ.ഇക്കെതിരായ വിജയത്തിന് പിന്നാലെ കളിച്ച രണ്ട് മത്സരവും ജയിച്ച് നാല് പോയിന്റോടെ ഗ്രൂപ്പ് ഡി സ്റ്റാന്‍ഡിങ്സില്‍ ഒന്നാമതാണ് ന്യൂസിലാന്‍ഡ്.

ഫെബ്രുവരി 14നാണ് ന്യൂസിലാന്‍ഡിന്റെ അടുത്ത മത്സരം. ഗുജറാത്ത് ക്രിക്കറ്റ് അസോസിയേഷന്‍ സ്റ്റേഡിയത്തില്‍ നടക്കുന്ന മത്സരത്തില്‍ സൗത്ത് ആഫ്രിക്കയാണ് എതിരാളികള്‍.

Content Highlight: New Zealand All Rounder Michael Bracewell has been ruled out of the remainder of the ICC Men’s T20 World Cup

ശ്രീരാഗ് പാറക്കല്‍
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും പി.ജി ഡിപ്ലോമ