ഇന്ത്യ-ബ്രസീൽ പോരാട്ടം ഒരുങ്ങുന്നു; ചരിത്ര മത്സരത്തിന്റെ തീയതി പുറത്ത്?
Football
ഇന്ത്യ-ബ്രസീൽ പോരാട്ടം ഒരുങ്ങുന്നു; ചരിത്ര മത്സരത്തിന്റെ തീയതി പുറത്ത്?
സുദേവ് എ
Thursday, 30th July 2026, 12:46 pm

ബ്രസീല്‍ ഫുട്‌ബോള്‍ ടീമിന്റെ ഇന്ത്യന്‍ പര്യടനത്തില്‍ പുതിയ അപ്‌ഡേറ്റ് പുറത്ത്. ബ്രസീല്‍ ഇന്ത്യക്കെതിരെ ഒക്ടോബര്‍ മൂന്നിന് സൗഹൃദ മത്സരം കളിക്കുമെന്നാണ് ഇപ്പോള്‍ പുറത്തുവരുന്ന റിപ്പോര്‍ട്ട്. ബ്രസീലിയന്‍ മാധ്യമമായ ജെ ഗ്ലോബ് ആണ് റിപ്പോര്‍ട്ട് പുറത്തുവിട്ടത്.

ബ്രസീല്‍ ടീം കൊല്‍ക്കത്തയില്‍ ആയിരിക്കും പന്തുതട്ടുക. റിപ്പോര്‍ട്ട് വന്നതിന് പിന്നാലെ ഇന്ത്യയിലെ ഫുട്‌ബോള്‍ ആരാധകരും ആവേശത്തിലായിരിക്കുകയാണ്.

സെപ്റ്റംബര്‍ 21 മുതല്‍ ഒക്ടോബര്‍ ആറ് വരെയാണ് ഫിഫയുടെ ഇന്റര്‍നാഷണല്‍ മത്സരങ്ങളുടെ വിന്‍ഡോയുള്ളത്. ഇതില്‍ ബ്രസീല്‍ ടീം ഏഷ്യയില്‍ പര്യടനം നടത്തുന്നുണ്ട്.

ബ്രസീലിന്റെ എതിരാളികള്‍ ആരായിരിക്കുമെന്ന് ഇതിന് മുമ്പ് തീരുമാനമായിരുന്നില്ല. എന്നാല്‍ പുതിയ അപ്‌ഡേറ്റില്‍ ഇന്ത്യയുടെ പേര് കണ്ടതോടെ ആരാധകരും ത്രില്ലിലായിരിക്കുകയാണ്.

ഇന്ത്യന്‍ ഫുട്ബോളിലെ ഈറ്റില്ലമായ കൊല്‍ക്കത്തയില്‍ ഇതിന് മുമ്പും ബ്രസീലിയന്‍ ഫുട്ബോളിന്റെ കാല്‍പാടുകള്‍ പതിഞ്ഞിട്ടുണ്ട്. 1977ല്‍ ഈഡന്‍ ഗാര്‍ഡന്‍സില്‍ ഇതിഹാസ താരം പെലെ കളത്തിലിറങ്ങിയിട്ടുണ്ട്.

ന്യൂയോര്‍ക്ക് കോസ്‌മോസിന് വേണ്ടി മോഹന്‍ബഗാനെതിരെയായിരുന്നു പെലെ കൊല്‍ക്കത്തയുടെ മണ്ണില്‍ പന്തുതട്ടിയിരുന്നത്. ഇപ്പോള്‍ നീണ്ട വര്‍ഷങ്ങള്‍ക്ക് ശേഷം വീണ്ടും കാനറിപ്പട കൊല്‍ക്കത്തയില്‍ ഇന്ത്യക്കെതിരെ പന്തുതട്ടുമ്പോള്‍ ഒരു ചരിത്ര നിമിഷത്തിന് കൂടിയാവും ഇന്ത്യന്‍ ഫുട്‌ബോള്‍ ലോകം സാക്ഷ്യം വഹിക്കുക.

2026 ഫിഫ ലോകകപ്പില്‍ കളിച്ച പല സൂപ്പര്‍താരങ്ങളും ഇന്ത്യയിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. ബ്രസീലിന് പ്രീക്വാര്‍ട്ടര്‍ വരെയാണ് ബ്രസീലിന് മുന്നേറാന്‍ സാധിച്ചത്. നോര്‍വേയോട് പരാജയപ്പെട്ടാണ് ബ്രസീല്‍ ആറാം ലോക കിരീടമെന്ന സ്വപ്നം അവസാനിപ്പിച്ചുകൊണ്ട് മടങ്ങിയത്.

ന്യൂയോര്‍ക്ക് ന്യൂ ജേഴ്‌സി സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കായിരുന്നു ബ്രസീലിനെതിരെ നോര്‍വേ വിജയിച്ചുകയറിയത്. തുടര്‍ച്ചയായ ആറാം ലോകകപ്പിലും യൂറോപ്യന്‍ ടീമിനോട് തോറ്റാണ് ബ്രസീലിന്റെ മടക്കം. 1990ന് ശേഷം ഇതാദ്യമായിട്ടായിരുന്നു ബ്രസീല്‍ പ്രീ ക്വാര്‍ട്ടറില്‍ പരാജയപ്പെട്ടിരുന്നത്.

 

Content Highlight: New update on Brazil football team’s tour of India released

 

സുദേവ് എ
കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം. നിലവില്‍ ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി.