ഇശ്രത് ജഹാന്‍ വ്യാജ ഏറ്റുമുട്ടല്‍ കേസിലെ അന്വേഷണ ഫയലുകള്‍ യു.പി.എ സര്‍ക്കാരിന്റെ കാലത്ത് ആഭ്യന്തര മന്ത്രാലയത്തില്‍നിന്ന് കാണാതായ സംഭവത്തില്‍ ദല്‍ഹി പൊലീസ് കേസെടുത്തു.


ന്യൂദല്‍ഹി: ഇശ്രത് ജഹാന്‍ വ്യാജ ഏറ്റുമുട്ടല്‍ കേസിലെ അന്വേഷണ ഫയലുകള്‍ യു.പി.എ സര്‍ക്കാരിന്റെ കാലത്ത് ആഭ്യന്തര മന്ത്രാലയത്തില്‍നിന്ന് കാണാതായ സംഭവത്തില്‍ ദല്‍ഹി പൊലീസ് കേസെടുത്തു. ആഭ്യന്തര മന്ത്രാലയവും ദല്‍ഹി സന്‍സത് മാര്‍ഗ് പോലീസും ചേര്‍ന്നാണ് എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തത്.

കേസിലെ രേഖകള്‍ “അറിഞ്ഞ അറിയാതെയോ നീക്കം ചെയ്യുകയോ നഷ്ടപ്പെുകയോ” ചെയ്തുവെന്ന അന്വേഷണ കമ്മീഷന്‍ ഉത്തരവിനെ തുടര്‍ന്നാണ് എഫ്.ഐ.ആര്‍.

2009 ല്‍ അന്നത്തെ ആഭ്യന്തര സെക്രട്ടറി അറ്റോര്‍ണി ജനറലിന് എഴുതിയ രണ്ട് കത്തുകളും അറ്റോര്‍ണി ജനറല്‍ സമര്‍പ്പിച്ച രണ്ട് സത്യവാങ്മൂലങ്ങളുമാണ് കാണാതായത്. 2009 സപ്തംബര്‍ 18 മുതല്‍ 28 വരെയുള്ള കാലത്താണ് രേഖകള്‍ കാണാതായത്. ഈ സത്യവാങ്മൂലമാണ് മുന്‍ ആഭ്യന്തര മന്ത്രി പി.ചിദംബരം തിരുത്തിയെന്ന് ആരോപണമുയര്‍ന്നിരുന്നത്.

കേസില്‍ ആരെയും പ്രതി ചേര്‍ത്തിട്ടില്ലെങ്കിലും യു.പി.എ കാലത്ത് അഭ്യന്തരമന്ത്രിയായിരുന്ന ചിദംബരത്തെയും അക്കാലത്തെ ഉദ്യോഗസ്ഥരെയും ഉന്നം വെച്ചുള്ള നീക്കമായാണ് പുതിയ നീക്കം വിലയിരുത്തപ്പെടുന്നത്.

2004 ജൂണ്‍ 15 നാണ് ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്ര മോഡിയെ വധിക്കാനെത്തിയവരെന്നാരോപിച്ച് ഇസ്രത്ത് ജഹാനും പ്രാണേഷ് പിള്ളയുമടക്കം നാല് പേരെ പോലീസ് വ്യാജ ഏറ്റുമുട്ടിലില്‍ വധിച്ചത്.

പാക്കിസ്താന്‍ തീവ്രവാദികളാണിവരെന്നായിരുന്നു പോലീസിന്റെ ഭാഷ്യം. സംഭവം വ്യാജ ഏറ്റുമുട്ടലായിരുന്നുവെന്ന് സി.ബി.ഐ കണ്ടെത്തിയിരുന്നു.