'ബുദ്ധിയുള്ളവർക്ക് പത്രം വായിക്കണ്ട എന്ന് പറഞ്ഞിട്ട്... അതിനർത്ഥം ജോർജ് കുട്ടി പിടിക്കപ്പെട്ടു എന്നല്ലേ; ദൃശ്യം 3 ചർച്ചയാക്കി പ്രേക്ഷകർ
Malayalam Cinema
'ബുദ്ധിയുള്ളവർക്ക് പത്രം വായിക്കണ്ട എന്ന് പറഞ്ഞിട്ട്... അതിനർത്ഥം ജോർജ് കുട്ടി പിടിക്കപ്പെട്ടു എന്നല്ലേ; ദൃശ്യം 3 ചർച്ചയാക്കി പ്രേക്ഷകർ
നന്ദന എം.സി
Friday, 8th May 2026, 9:29 am

മോഹൻലാൽ നായകനായി എത്തുന്ന ജീത്തു ജോസഫ് ചിത്രമായ ദൃശ്യം 3 റിലീസിനൊരുങ്ങുന്നതിനിടെ സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയാകുന്നത് ചിത്രത്തിന്റെ പുതിയ പോസ്റ്ററാണ്.

ആദ്യ രണ്ട് ഭാഗങ്ങളും വമ്പൻ വിജയമായി മാറിയതോടെ മൂന്നാം ഭാഗത്തിനായുള്ള കാത്തിരിപ്പ് ഏറെ നാളായി തുടരുകയാണ്. ഇപ്പോഴിതാ ചിത്രത്തിന്റെ റിലീസ് പ്രഖ്യാപനത്തോടൊപ്പം പുറത്തുവന്ന ഒരു ചെറിയ ഡീറ്റെയിൽ പോലും ആരാധകർ സൂക്ഷ്മമായി പരിശോധിക്കുകയാണ്.

ദൃശ്യം3, Photo: Mohanlal/ Facebook

മോഹൻലാലിന്റെ ജന്മദിനമായ മെയ് 21നാണ് ചിത്രം ലോകവ്യാപകമായി റിലീസ് ചെയ്യുന്നത്. രാവിലെ 8 മണിക്ക് തന്നെ ആദ്യ പ്രദർശനം ആരംഭിക്കുമെന്ന വിവരവും ആരാധകരെ ആവേശത്തിലാഴ്ത്തിയിരുന്നു.

ആദ്യം ഏപ്രിൽ റിലീസായി തീരുമാനിച്ചിരുന്ന ചിത്രം പിന്നീട് മെയ് മാസത്തിലേക്ക് മാറ്റുകയായിരുന്നു. റിലീസ് പ്രഖ്യാപനത്തിനൊപ്പം മോഹൻലാൽ സോഷ്യൽ മീഡിയയിൽ പങ്കുവെച്ച പോസ്റ്ററാണ് ഇപ്പോൾ വൈറലാകുന്നത്.

പോസ്റ്ററിൽ ജോർജുകുട്ടി പത്രം വായിക്കുന്ന ദൃശ്യമാണ് കാണുന്നത്. പലരും അതിനെ സാധാരണ ഒരു പോസ്റ്റർ എന്ന നിലയിൽ മാത്രം കാണാതെ, ‘ദൃശ്യം’ സിനിമയിലെ സൂചനകൾ തിരയുകയാണ്. ഇതിനുപിന്നാലെ ചില കമന്റുകളും ചർച്ചകളും വീണ്ടും സോഷ്യൽ മീഡിയയിൽ നിറയുകയാണ്. ‘ബുദ്ധിയുള്ളവർക്ക് പത്രം വായിക്കണ്ട” എന്ന ഡയലോഗ് ഓർമിപ്പിച്ചുകൊണ്ടാണ് ഇപ്പോഴത്തെ ട്രോളുകളും ചർച്ചകളും പുരോഗമിക്കുന്നത്.

‘ജോർജുകുട്ടി പത്രം വായിക്കുന്നുണ്ടെങ്കിൽ ഇത്തവണ അവൻ ശരിക്കും കുടുങ്ങിയെന്നല്ലേ അർത്ഥം?’ എന്ന തരത്തിലുള്ള രസകരമായ കമന്റുകളാണ് സോഷ്യൽ മീഡിയയിൽ നിറയുന്നത്.

ദൃശ്യം3, Photo: X.com

മുൻ ഭാഗങ്ങളിലുമെല്ലാം പത്രം, വാർത്തകൾ, എന്നിവ കഥയിലെ നിർണായക ഘടകങ്ങളായി വന്നിരുന്നതുകൊണ്ട്, പുതിയ പോസ്റ്ററിലും ആരാധകർ അതേ രീതിയിലുള്ള സാധ്യതകൾ അന്വേഷിക്കുകയാണ്. ‘ജോർജുകുട്ടി പേപ്പർ വായിച്ചപ്പോഴൊക്കെ പൊലീസ് പിന്നാലെയുണ്ടായിരുന്നു’ അതിനാൽ ഇത്തവണയും ജോർജ്‌കുട്ടി കുടുങ്ങി എന്ന രീതിയിലുള്ള ട്രോളുകളും വൈറലായിക്കഴിഞ്ഞു.

അതേസമയം, സംവിധായകൻ ജീത്തു ജോസഫ് മുമ്പ് പറഞ്ഞതുപോലെ വലിയ ട്വിസ്റ്റുകളേക്കാൾ ജോർജുകുട്ടിയുടെ മാനസിക സംഘർഷങ്ങളും കുടുംബത്തെ രക്ഷിക്കാനുള്ള പോരാട്ടവുമാകും മൂന്നാം ഭാഗത്തിന്റെ പ്രമേയം എന്ന വിലയിരുത്തലും സിനിമാ പ്രേമികൾക്കിടയിലുണ്ട്.

ദൃശ്യം3, Photo: Mohanlal/ Facebook

എന്തായാലും ഒരു സാധാരണ പോസ്റ്ററിലൂടെ പോലും വലിയ ചർച്ച സൃഷ്ടിക്കാനുള്ള കഴിവ് ‘ദൃശ്യം’ ഫ്രാഞ്ചൈസിക്കുണ്ടെന്ന് വീണ്ടും തെളിയിച്ചിരിക്കുകയാണ്. റിലീസിനായി ദിവസങ്ങൾ മാത്രം ബാക്കി നിൽക്കേ, ജോർജുകുട്ടി ഇത്തവണ എന്ത് കളിയാണൊരുക്കിയിരിക്കുന്നത് എന്നറിയാൻ കാത്തിരിക്കുകയാണ് ലോകമെമ്പാടുമുള്ള ആരാധകർ.

Content Highlight: New discussions about Drishyam 3 are filling social media.

നന്ദന എം.സി
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. ചേളന്നൂര്‍ ശ്രീനാരായണ ഗുരു കോളേജില്‍ ബി.എ ഇംഗ്ലീഷില്‍ ബിരുദം, കാലിക്കറ്റ് സര്‍വകലാശാലയില്‍ ജേണലിസത്തില്‍ ബിരുദാനന്തര ബിരുദം.