നെന്മാറ ഇരട്ട കൊലപാതകം; പ്രതി ചെന്താമരയ്ക്ക് വധശിക്ഷ
Kerala
നെന്മാറ ഇരട്ട കൊലപാതകം; പ്രതി ചെന്താമരയ്ക്ക് വധശിക്ഷ
നിഷാന. വി.വി
Monday, 20th July 2026, 12:49 pm

പാലക്കാട്: പോത്തുണ്ടി ഇരട്ട കൊലപാചതക കേസില്‍ ചെന്താമരയ്ക്ക് വധശിക്ഷ. പാലക്കാട് അഡീഷണല്‍ സെഷന്‍സ് കോടതിയുടെതാണ് വിധി. കേസ് അപൂര്‍വങ്ങളില്‍ അപൂര്‍വ്വവമാണെന്നാണ് കോടതി വിലയിരുത്തിയിരിക്കുന്നത്.

പ്രതി സമൂഹത്തിന് തന്നെ ഭീഷണിയാണെന്നും യാതൊരുവിധ മാനസാന്തരത്തിനും സാധ്യതയില്ലെന്നും കോടതി നിരീക്ഷിച്ചു. കേസില്‍ ഇരുഭാഗത്തിന്റെയും വിശദാമായ വാദം കേട്ട ശേഷമാണ് സെഷന്‍സ് കോടതി ജഡ്ജി കെന്നത്ത് ജോര്‍ജ് വിധി പ്രഖ്യാപിച്ചത്.

ചെന്താമര 20 ലക്ഷം രൂപ പിഴയടക്കണമെന്നും ഇത് സുധാകരന്റെ മക്കള്‍ക്ക് നല്‍കണമെന്നും കോടതി ഉത്തരവില്‍ പറയുന്നു. പ്രതിഭാഗത്തിന്റെ എല്ലാ വാദങ്ങളും കോടതി തള്ളികളഞ്ഞു. തുക നല്‍കാന്‍ ചെന്താമരയ്ക്ക് കഴിഞ്ഞില്ലെങ്കില്‍ സര്‍ക്കാര്‍ സഹായം നല്‍കണമെന്നും കോടതി നിരീക്ഷിച്ചിട്ടുണ്ട്.

പ്രതിക്ക് മാനസിക പ്രശ്‌നങ്ങള്‍ ഇല്ലെന്നും സൈക്കോളജി, സൈക്യാട്രി റിപ്പോര്‍ട്ടുകളും ശരിവെക്കുന്നുണ്ടെന്നും കോടതി വ്യക്തമാക്കി. നെന്മാറ തിരുത്തംപാടം ബോയല്‍ ഉന്നതിയില്‍ സുധാകരന്‍ (55), അമ്മ ലക്ഷ്മി (75) എന്നിവരെ വെട്ടികൊലപ്പെടുത്തിയ കേസിലാണ് വധശിക്ഷ പ്രഖ്യാപിച്ചിരിക്കുന്നത്.

2025 ജനുവരിയിലായിരുന്നു കേസിനാസ്പദമായ സംഭവം. സുധാകരന്റെ ഭാര്യ സജിതയെ കൊലപ്പെടുത്തിയ കേസില്‍ അഞ്ച് വര്‍ഷത്തെ തടവ് ശിക്ഷ അനുഭവിച്ച് ജാമ്യത്തില്‍ ഇറങ്ങിയപ്പോഴായിരുന്നു നാടിനെ നടുക്കിയ ഇരട്ട കൊലപാകം. തന്റെ കുടുംബം തകര്‍ത്തത് സജിതയുടെ കുടുംബമാണെന്നായിരുന്നു ചെന്താമരയുടെ വാദം.

ഗാന്ധിയല്ല താനെന്നും അങ്ങോട്ട് പ്രശ്‌നത്തിന് പോകില്ല. ഇങ്ങോട്ട് വന്നാല്‍ വെറുതെ വിടില്ലെന്നും പ്രതി കോടതിയില്‍ പറഞ്ഞിരുന്നു. ഇതും കോടതി ചൂണ്ടിക്കാട്ടി. പ്രതിക്ക് മാനസാന്തരമുണ്ടാകില്ല. ഇരകളുടെ ഭാഗത്ത് നിന്ന് പ്രകോപനം ഉണ്ടായിട്ടില്ല. പ്രകോപനം ഇല്ലാതെയാണ് ചെന്താമരയുടെ കുറ്റകൃത്യം. മനസാന്തരപ്പെടാനുള്ള സാധ്യത കൂടി നോക്കിയാണ് ശിക്ഷ വിധിക്കാറുള്ളത്.

സമൂഹത്തിനു പ്രതി പ്രശ്‌നക്കാരന്‍ ആണെങ്കില്‍ വധശിക്ഷ നല്‍കാമെന്നു വിവിധ ഹൈക്കോടതി വിധികള്‍ ഉണ്ട്. എല്ലാ കുറ്റവാളികള്‍ക്കും ഭാവിയുണ്ട്. എല്ലാ വിശുദ്ധര്‍ക്കും ഭൂതം ഉണ്ട്. സുധാകരന്റെ മക്കള്‍ക്ക് ചെന്താമര ഭീഷണിയാണ്. കൊലപാതകങ്ങള്‍ ചെയ്തതില്‍ പ്രതിക്ക് കുറ്റബോധം ഇല്ല. ജാമ്യം ലംഘിച്ച് ആണ് കൊലപാതകങ്ങള്‍ നടത്തിയത്. ചെന്താമര വീണ്ടും കുറ്റം ചെയ്യാന്‍ സാധ്യത ഉള്ളയാളാണെന്ന് ജില്ലാ പ്രോബേഷന്‍ ഓഫീസറുടെ റിപ്പോര്‍ട്ട് ഉണ്ടെന്നും കോടതി പറഞ്ഞു.

Content HIghlight: Nemmara double murder: Death sentence for accused Chenthamara.

നിഷാന. വി.വി
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. വാദി ഹുദ കോളേജില്‍ നിന്നും ബി.എ ഇംഗ്ലീഷില്‍ ബിരുദം. കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും ജേണലിസത്തില്‍ പി.ജി ഡിപ്ലോമ.