തന്നെ പരോക്ഷമായി വിമര്‍ശിച്ച നടി മാളവിക മോഹന് മറുപടിയുമായി നയന്‍താര. രാജാ റാണി എന്ന ചിത്രത്തില്‍ നയന്‍താരയുടെ കഥാപാത്രം മരിക്കാന്‍ കിടക്കുമ്പോഴും ഫുള്‍ മേക്കപ്പില്‍ എങ്ങനെയാണ് അഭിനയിക്കുന്നതെന്നതെന്നാണ് മാളവിക ഒരു അഭിമുഖത്തില്‍ ചോദിച്ചിത്. കണക്ട് എന്ന നയന്‍താരയുടെ പുതിയ സിനിമയുമായി ബന്ധപ്പെട്ട അഭിമുഖത്തിലാണ് നയന്‍താര ഇക്കാര്യങ്ങള്‍ പറഞ്ഞത്. മാളവിക തന്റെ പേര് പറഞ്ഞില്ലെങ്കിലും അത് തന്നെയെണ് ഉദ്ദേശിച്ചതെന്ന് മനസ്സിലായെന്നും സംവിധായകന്‍ പറയുന്നതാണ് താന്‍ ചെയ്യുന്നതെന്നും നയന്‍താര പറഞ്ഞു.

‘ ഞാനൊരു സിനിമയില്‍ ഫുള്‍ മേക്കപ്പില്‍ അഭിനയിച്ചതിനെ ഒരു നടി വിമര്‍ശിച്ചത് കണ്ടിരുന്നു. അവര്‍ എന്റെ പേര് പരാമര്‍ശിക്കുന്നില്ലായെങ്കിലും അത് എന്നെപ്പറ്റിയാണെന്ന് എനിക്ക് മനസിലായി. ഒരു ആശുപത്രി രംഗത്തില്‍ ഞാന്‍ ഫുള്‍ മേക്കപ്പില്‍ അഭിനയിച്ചെന്നും എന്റെ മുടിയും മുഖവും ഒട്ടും ഉലയാതെ പെര്‍ഫെക്റ്റ് ആയിരുന്നുവെന്നുമാണ് അവര്‍ പറയുന്നത്. ആശുപത്രിയിലാണെന്ന് കരുതി ഒരാള്‍ മുടിയൊക്കെ അലങ്കോലമായി ഇരിക്കണമെന്നുണ്ടോ.

ആശുപത്രിയിലും രോഗിയുടെ മുടി വൃത്തിയാക്കി കൊടുക്കാനും നോക്കാനും പരിചരിക്കാനും ആളുണ്ടാകില്ലേ. റിയലിസ്റ്റിക് സിനിമയും വാണിജ്യ സിനിമയും തമ്മില്‍ വലിയ വ്യത്യാസമുണ്ട്. ഒരു റിയലിസ്റ്റിക് സിനിമ ചെയ്യുമ്പോള്‍ യഥാര്‍ഥ ജീവിതത്തില്‍ കാണുന്നതുപോലെ ഒട്ടും മേക്കപ്പില്ലാതെ അഭിനയിക്കേണ്ടി വരും. പക്ഷേ ഒരു വാണിജ്യ സിനിമയില്‍ പ്രേക്ഷകര്‍ക്ക് ഇഷ്ടം തോന്നുന്ന രീതിയിലാണ് മേക്കപ്പ് ചെയ്യുക. ഈ പറഞ്ഞ രംഗം ഒരു വാണിജ്യ സിനിമയിലേതായിരുന്നു. ആ സിനിമയില്‍ സംവിധായകന്‍ പറഞ്ഞ രീതിയിലാണ് ഞാന്‍ അഭിനയിച്ചത്. ഞാന്‍ എപ്പോഴും സംവിധായകനെ അനുസരിക്കുന്ന ആര്‍ട്ടിസ്റ്റാണ്,’ നയന്‍താര പറഞ്ഞു.

മാസ്റ്റര്‍ എന്ന സിനിമയുടെ പ്രൊമോഷന്റെ ഭാഗമായി നടത്തിയ അഭിമുഖത്തിലാണ് മാളവിക ഇക്കാര്യങ്ങള്‍ പറഞ്ഞത്.

‘അടുത്തിടെ ഒരു സൂപ്പര്‍സ്റ്റാര്‍ നടിയുടെ സിനിമ ഞാന്‍ കണ്ടു. അവര്‍ ഒരു ആശുപത്രി സീനിലായിരുന്നു അഭിനയിക്കുന്നത്. അവിടെ അവര്‍ മരിക്കാന്‍ കിടക്കുകയാണ്. പക്ഷെ ആ രംഗത്തില്‍ പോലും അവര്‍ ഫുള്‍ മേക്കപ്പിലായിരുന്നു. ഒരു മുടി പോലും അനങ്ങിയിരുന്നില്ല. ഒരു കച്ചവട സിനിമയാണെങ്കില്‍പോലും അഭിനയിക്കുമ്പോള്‍ കുറച്ച് യാഥാര്‍ഥ്യവുമായി ബന്ധമൊക്കെ വേണ്ടേ. മരിക്കാന്‍ കിടക്കുമ്പോള്‍ പോലും ഫുള്‍ മേക്കപ്പില്‍ ഒട്ടും കോട്ടം തട്ടാതെ എങ്ങനെയാണ് അഭിനയിക്കുന്നത്,’ എന്നായിരുന്നു അഭിമുഖത്തില്‍ മാളവിക പറഞ്ഞത്.

content highlight: nayanthara talks against actress malavika mohan