ആസിഫിന്റെ ഫൈറ്റ് സീന്‍ ഷൂട്ട് ചെയ്തത് ഞാനാണ്, അന്നേ സംവിധായകനോട് പറഞ്ഞിരുന്നു അദ്ദേഹം ഒരു സ്റ്റാര്‍ മെറ്റീരിയലാണെന്ന്: പൃഥ്വിരാജ്
Entertainment news
ആസിഫിന്റെ ഫൈറ്റ് സീന്‍ ഷൂട്ട് ചെയ്തത് ഞാനാണ്, അന്നേ സംവിധായകനോട് പറഞ്ഞിരുന്നു അദ്ദേഹം ഒരു സ്റ്റാര്‍ മെറ്റീരിയലാണെന്ന്: പൃഥ്വിരാജ്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Thursday, 22nd December 2022, 6:14 pm

ആസിഫ് അലിയും പൃഥ്വിരാജും ഒരുമിച്ച് അഭിനയിച്ച സിനിമയാണ് അനില്‍ രാധാകൃഷ്ണ മേനോന്റെ സംവിധാനത്തില്‍ 2014ല്‍ പുറത്തിറങ്ങിയ സപ്തമശ്രീ തസ്‌കര. ഏഴ് കള്ളന്മാരുടെ കഥപറയുന്ന സിനിമയില്‍ ആസിഫ് അലിയുടെ ഇന്‍ട്രോ സീന്‍ ഷൂട്ട് ചെയ്തത് താനാണെന്ന് പറയുകയാണ് നടന്‍ പൃഥ്വിരാജ്. ഷൂട്ട് ചെയ്തപ്പോള്‍ തന്നെ ആസിഫ് ഒരു സ്റ്റാര്‍ മെറ്റീറിയലാണെന്ന് തനിക്ക് മനസിലായെന്നും പൃഥ്വിരാജ് പറഞ്ഞു. കാപ്പ എന്ന സിനിമയുടെ പ്രൊമോഷനുമായി ബന്ധപ്പെട്ട് മാധ്യമങ്ങളോട് സംസാരിക്കുകയാണ് താരം.

‘ഞാനും ആസിഫും സപ്തമശ്രീ തസ്‌കരയില്‍ ഒരുമിച്ച് അഭിനയിച്ചിട്ടുണ്ട്. സിനിമയിലെ ആസിഫിന്റെ ഇന്‍ട്രോ സീന്‍ ഞാനാണ് അന്ന് ഷൂട്ട് ചെയ്തത്. അതൊരു ഫൈറ്റ് സീനായിരുന്നു. അന്ന് തന്നെ ഞാന്‍ സിനിമയുടെ സംവിധായകനോട് പറഞ്ഞിരുന്നു. ഒരു സ്റ്റാര്‍ മെറ്റീരിയലാണ് കക്ഷിയെന്ന്. ഉറപ്പായും ഉയര്‍ന്നുവരുമെന്നും എനിക്ക് അറിയാമായിരുന്നു. അതൊക്കെ എനിക്ക് ഇപ്പോഴും നല്ല ഓര്‍മയുണ്ട്.

റോഷാക്കില്‍ ആസിഫ് ഗംഭീരമായിരുന്നു. എനിക്ക് ഭയങ്കരമായി ഇഷ്ടപ്പെട്ട ഒരു സിനിമയാണ് റോഷാക്ക്. തിയേറ്ററില്‍ പോയി എനിക്ക് ആ സിനിമ കാണാന്‍ സാധിച്ചിരുന്നില്ല. ഒ.ടി.ടിയില്‍ വന്നപ്പോഴാണ് ഞാന്‍ റോഷാക്ക് കണ്ടത്. കണ്ടപ്പോള്‍ തന്നെ ഞാന്‍ മമ്മൂക്കയേയും നിസാമിനെയും വിളിച്ച് സിനിമ നല്ലതാണെന്ന് പറഞ്ഞിരുന്നു.

അതുപോലെ തന്നെ സിനിമയുടെ ക്യാമറമാനെ എനിക്ക് വ്യക്തിപരമായി അറിയാം. അദ്ദേഹത്തെയും ഞാന്‍ വിളിച്ചിരുന്നു. റോഷാക്കിലെ ഒരു കഥാപാത്രം ചെയ്ത കുട്ടിയാണ് വിലായത്ത് ബുദ്ധയിലെ ഫീമെയില്‍ ലീഡ് ചെയ്യുന്നത്. പ്രിയംവദ എന്നാണ് ആ കുട്ടിയുടെ പേര്. ആ കുട്ടിയോടും ഞാന്‍ റോഷാക്കിലെ അഭിനയത്തെ കുറിച്ച് സംസാരിച്ചിരുന്നു.

അതുപോലെ തന്നെ സിനിമയുടെ ക്യാമറമാനെ എനിക്ക് വ്യക്തിപരമായി അറിയാം. അദ്ദേഹത്തെയും ഞാന്‍ വിളിച്ചിരുന്നു. റോഷാക്കിലെ ഒരു കഥാപാത്രം ചെയ്ത കുട്ടിയാണ് വിലായത്ത് ബുദ്ധയിലെ ഫീമെയില്‍ ലീഡ് ചെയ്യുന്നത്. പ്രിയംവദ എന്നാണ് ആ കുട്ടിയുടെ പേര്. ആ കുട്ടിയോടും ഞാന്‍ റോഷാക്കിലെ അഭിനയത്തെ കുറിച്ച് സംസാരിച്ചിരുന്നു,’ പൃഥ്വിരാജ് പറഞ്ഞു.

അതേസമയം സിബി മലയില്‍ സംവിധാനം ചെയ്ത കൊത്താണ് ആസിഫ് അലിയുടെ ഏറ്റവും പുതിയ സിനിമ. നിഖില വിമല്‍, റോഷന്‍ മാത്യു, രഞ്ജിത് എന്നിവരാണ് സിനിമയില്‍ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. തിയേറ്ററില്‍ മികച്ച പ്രതികരണമാണ് സിനിമക്ക് ലഭിച്ചത്.

 

content highlight: prithviraj talks about sapthamasree thaskara movie