ആ സീനുകള്‍ കഴിഞ്ഞപ്പോഴൊന്നും പൃഥ്വിയോ ആസിഫോ വന്നിട്ട് കലക്കി ചേട്ടാ എന്ന് എന്നോട് പറഞ്ഞിട്ടില്ല: ഞാനും പറഞ്ഞില്ല: ജഗദീഷ്
Movie Day
ആ സീനുകള്‍ കഴിഞ്ഞപ്പോഴൊന്നും പൃഥ്വിയോ ആസിഫോ വന്നിട്ട് കലക്കി ചേട്ടാ എന്ന് എന്നോട് പറഞ്ഞിട്ടില്ല: ഞാനും പറഞ്ഞില്ല: ജഗദീഷ്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Thursday, 22nd December 2022, 4:34 pm

മലയാള ചലച്ചിത്ര രംഗത്തെ എക്കാലത്തെയും മികച്ച നടന്മാരില്‍ ഒരാളാണ് ജഗദീഷ്. അഭിനയത്തിന് പുറമെ കഥ ,തിരക്കഥ, സംഭാഷണം എന്നീ മേഖലകളിലും ജഗദീഷ് സജീവമായിരുന്നു. കോമഡി വേഷങ്ങളിലൂടെ മലയാള സിനിമയില്‍ എത്തിയ ജഗദീഷ് സ്വഭാവ നടനായും നായക നടനായുമൊക്കെ നിരവധി ചിത്രങ്ങളില്‍ തിളങ്ങിയിട്ടുണ്ട്.

ഒരിടവേളയ്ക്ക് ശേഷം മലയാള സിനിമയില്‍ ശക്തമായ കഥാപാത്രങ്ങളിലൂടെ തിരിച്ചെത്തുകയാണ് താരം. നിസാം ബഷീര്‍ സംവിധാനം ചെയ്ത റോഷാക്കിലെ പൊലീസ് കഥാപാത്രത്തിന് ശേഷം ഷാജി കൈലാസിന്റെ സംവിധാനത്തില്‍ എത്തിയ കാപ്പയിലും ശക്തമായ ഒരു കഥാപാത്രത്തെയാണ് ജഗദീഷ് അവതരിപ്പിക്കുന്നത്.

കാപ്പയുടെ ഷൂട്ടിംഗ് വിശേഷങ്ങള്‍ പങ്കുവെക്കുകയാണ് ജഗദീഷ്. ചിത്രത്തില്‍ അഭിനയിക്കുന്ന സമയത്ത് താന്‍ പൃഥ്വിരാജിനേയോ ആസിഫിനേയോ അഭിനന്ദിച്ചിട്ടില്ലെന്നും എന്നാല്‍ ഇപ്പോള്‍ അവരുടെ പെര്‍ഫോമന്‍സിനെ താന്‍ അഭിനന്ദിക്കുകയാണെന്നും ജഗദീഷ് പറയുന്നു.

നടന്മാരായ ആസിഫ് അലിക്കും പൃഥ്വിരാജിനുമൊപ്പം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഈ അടുത്തകാലത്തു ജഗദിഷേട്ടന്‍ ചെയ്ത കഥാപാത്രങ്ങളില്‍ നിന്ന് വളരെ വ്യത്യസ്തമായ ഒരു കഥാപാത്രമാണ് കാപ്പയിലേത് എന്ന ആസിഫ് അലിയുടെ പ്രതികരണത്തിനാണ് ജഗദീഷ് മറുപടി നല്‍കുന്നത്.

‘ഒരു മ്യുച്ചല്‍ അപ്പ്രീസിയേഷന് അവസരം കിട്ടുന്നത് കൊണ്ട് പറയുകയാണ്, ഞാന്‍ ഇതുവരെ ആസിഫ് കലക്കി അല്ലെങ്കില്‍ രാജു കലക്കി എന്ന് പറഞ്ഞിട്ടില്ല. ഓരോരുത്തരും ആയിട്ട് കോമ്പിനേഷന്‍ ചെയ്യുമ്പോഴും ഒരു രസമുണ്ടായിരുന്നു.

ആസിഫും ഞാനും തമ്മിലുള്ള ഒരു കണ്‍ഫ്രണ്‍ടേഷന്‍ സീനുണ്ട്. അത് ഞങ്ങള്‍ രണ്ടു പേരും എന്‍ജോയ് ചെയ്തു. അത് കഴിഞ്ഞിട്ട് ഗ്രേറ്റ് എന്ന് പറഞ്ഞ് ഷേക്ക് ഹാന്‍ഡ് ഒന്നും കൊടുത്തിട്ടില്ല. അതുപോലെ രാജുവിന്റെ കൂടെ വളരെ ത്രില്ലിംഗ് ആയിട്ടുള്ള സീനുകളുണ്ട്. അത് കഴിഞ്ഞിട്ടും കലക്കി ചേട്ടാ എന്ന് രാജു പറഞ്ഞിട്ടില്ല. ഞാനും അങ്ങോട്ട് ചെന്ന് രാജു കലക്കി എന്ന് പറഞ്ഞിട്ടില്ല പക്ഷെ ഇപ്പോള്‍ ഞാന്‍ പറയുകയാണ് അങ്ങനെയുള്ള കുറെ മൊമെന്റ്‌സ് ഉണ്ടായിരുന്നു’, എന്നായിരുന്നു ജഗദീഷിന്റെ മറുപടി.

അതേസമയം ജഗദീഷേട്ടന്റെ ഒരു പറന്നടിയെ പറ്റി കുറച്ചു മുന്‍പേ രാജുവേട്ടന്‍ ആലങ്കാരികമായി പറയുന്നുണ്ടായിരുന്നല്ലോ എന്ന അവതാരികയുടെ ചോദ്യത്തിന് സാധാരണഗതിയില്‍ തന്റെ പ്രായത്തിനനുസരിച്ചുള്ള ഒരു ക്യാരക്ടറിന് ഫൈറ്റ് ചെയ്യാനുള്ള അവസരം ലഭിക്കാറില്ലെന്നും എന്നാല്‍ കാപ്പയില്‍ അതിന് അവസരം ലഭിച്ചുവെന്നുമായിരുന്നു ജഗദീഷിന്റെ മറുപടി.

ഉള്ള പോര്‍ഷന്‍സ് ഒക്കെ വളരെ നന്നായിട്ടുണ്ടായിരുന്നു. വളരെ വ്യത്യസ്തമായ ആക്ഷന്‍ സ്വീകന്‍സാണ് ചിത്രത്തിലേതെന്നും ജഗദീഷ് പറഞ്ഞു.

Content highlight: Actor Jagadhish about Prithviraj and Asif Ali