Modi-Sahrifന്യൂയോര്‍ക്ക്: ഐക്യരാഷ്ട്രസഭ പൊതുസഭായോഗങ്ങളുടെ പശ്ചാത്തലത്തില്‍ ഇന്ത്യാ പാക് പ്രധാനമന്ത്രി മാരുടെ കൂടിക്കാഴ്ച്ച നടന്നേക്കുമെന്ന് റിപ്പോര്‍ട്ടുകള്‍. പ്രധാനമന്ത്രി നരേന്ദ്ര മോദിയും പാകിസ്ഥാന്‍ പ്രധാനമന്ത്രി നവാസ് ഷെരീഫും തങ്ങുന്നത് ഒരോ ഹോട്ടലിലാണെന്ന വിവരം പുറത്തുവന്നതോടെയാണ് കൂടിക്കാഴ്ച്ചയ്ക്ക് സാധ്യതയുണ്ടെന്ന വാര്‍ത്തകളും പ്രചരിക്കുന്നത്.

പൊതുസഭയില്‍ പങ്കെടുക്കാനെത്തുന്ന ഇരുവരും ചൈനീസ് കമ്പനിയുടെ ഉടമസ്ഥതയിലുള്ള വാല്‍ഡ്രോഫ് ആസ്‌റ്റോറിയ എന്ന ഹോട്ടലിലാണ് താമസിക്കുക. അതുകൊണ്ടുതന്നെ ഒരുവ അപ്രതീക്ഷിത കൂടിക്കാഴ്ച്ചയ്ക്ക് സാധ്യത കല്‍പ്പിക്കപ്പെടുന്നു.

എന്നാല്‍ ഈ വാര്‍ത്തകളെ കേന്ദ്ര വിദേശകാര്യ മന്ത്രാലയവുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ നിഷേധിച്ചു. ഇരു നേതാക്കളും തമ്മില്‍ യായൊരു വിധ നയതന്ത്ര ചര്‍ച്ചകളും തീരുമാനിക്കപ്പെട്ടിട്ടില്ലെന്ന് അവര്‍ പറഞ്ഞു. പാകിസ്ഥാനും ഇക്കാര്യം നിഷേധിച്ചു.

ബുധനാഴ്ച്ചയാണ് നരേന്ദ്രമോദി ന്യൂയോര്‍ക്കിലെത്തുക. നവാസ് ഷെരീഫ് വെള്ളിയാഴ്ച്ചയും എത്തും. തിങ്കളാഴ്ച്ച നടക്കുന്ന ഐക്യരാഷ്ട്രസഭ സമാധാന പാലന ചര്‍ച്ചയിലും അതിനു മുമ്പ് വെള്ളിയാഴ്ച്ച നടക്കുന്ന സുസ്ഥിര വികസന സമ്മിറ്റിലുമായിരിക്കും ഇരുവരും ഒരുമിച്ചെത്തുക.

നേരത്തെ റഷ്യയിലെ ഉഫയില്‍ നടന്ന ഷാങ്ഹായ് സമ്മിറ്റിനിടെ ഇരുവരും കൂടിക്കാഴ്ച്ച നടത്തിയിരുന്നു. തീവ്രവാദ- അതിര്‍ത്തി വിഷയങ്ങളില്‍ സുപ്രധാന തീരുമാനങ്ങളെടുത്തിരുന്നുവെങ്കിലും ഇതിനു ശേഷം ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള സൈനിക സംഘര്‍ഷങ്ങള്‍ രൂക്ഷമാവുകയായിരുന്നു. ഈ കൂടിക്കാഴ്ച്ചയില്‍ തീരുമാനിച്ചിരുന്ന നയതന്ത്ര പ്രതിനിധികളുടെ നടക്കുകയും ചെയ്തില്ല.