ഇസ്‌ലാമാബാദ്: സമാധാന ചര്‍ച്ചകള്‍ നടക്കുന്നതിനാല്‍ ഇന്ത്യാവിരുദ്ധ പരാമര്‍ശങ്ങള്‍ നടത്തരുതെന്ന് മന്ത്രിസഭാംഗങ്ങള്‍ക്ക് പാക് പ്രധാനമന്ത്രി നവാസ് ഷെരീഫിന്റെ നിര്‍ദേശം. സമാധാനശ്രമങ്ങള്‍ക്ക് കോട്ടം തട്ടുമെന്നതിനാല്‍ ഉദ്യോഗസ്ഥര്‍ക്കും സമാനമായ നിര്‍ദേശം നവാസ് ഷെരീഫ് നല്‍കിയതായി പാക് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഭീകരവാദം, കശ്മീര്‍, വ്യാപാരം തുടങ്ങിയ വിഷയങ്ങള്‍ക്ക് മുന്‍ഗണന നല്‍കി ചര്‍ച്ച നടത്താനാണ് ഷെരീഫ് ആഗ്രഹിക്കുന്നതെന്നും പാക് വൃത്തങ്ങള്‍ അറിയിച്ചു.
ഇന്ത്യാ-പാക് ബന്ധത്തില്‍ മുന്നോട്ടുള്ള ഏക മാര്‍ഗം ചര്‍ച്ചയാണെന്നും വിശ്വാസത്തോടെയാണ് പാക്കിസ്ഥാനുമായി സമഗ്ര ഉഭയകക്ഷി ചര്‍ച്ചയ്ക്ക് ഇന്ത്യ തയ്യാറാവുന്നതെന്നും വിദേശകാര്യ മന്ത്രി സുഷമാ സ്വരാജ് കഴിഞ്ഞ ദിവസം പാര്‍ലമെന്റില്‍ പ്രസ്താവന നടത്തിയിരുന്നു. ഇതിന്റെയടിസ്ഥാനത്തില്‍ വിദേശകാര്യ സെക്രട്ടറിമാരുടെ ചര്‍ച്ചകള്‍ ഉടന്‍ പുനരാരംഭിക്കുമെന്നും സൂചിപ്പിച്ചിരുന്നു. ഡിസംബര്‍ 8ന് ഇസ്‌ലാമാബാദില്‍ ഹാര്‍ട്ട് ഓഫ് ഏഷ്യ കോണ്‍ഫറന്‍സില്‍ പങ്കെടുത്തതിന്റെ പശ്ചാത്തലത്തില്‍ സംസാരിക്കുകയായിരുന്നു സുഷമ സ്വരാജ്.
പാരിസില്‍ നടന്ന കാലാവസ്ഥ ഉച്ചകോടിയില്‍ നവാസ് ഷെരീഫുമായി പ്രധാനമന്ത്രി നരേന്ദ്ര മോദിയും കൂടിക്കാഴ്ച നടത്തിയിരുന്നു. ജനുവരിയില്‍ സ്വിറ്റ്‌സര്‍ലാണ്ടില്‍ വേള്‍ഡ് ഇക്കണോമിക് ഫോറത്തില്‍ പങ്കെടുക്കുന്ന അവസരത്തില്‍ ഇരുവരും വീണ്ടും ചര്‍ച്ചകള്‍ നടത്തും.
