പ്രായത്തെക്കുറിച്ച്, പ്രത്യേകിച്ചും പെണ്‍കുട്ടികളുടെ വിവാഹപ്രായത്തെക്കുറിച്ച് ഒരുപാട് ചര്‍ച്ചകള്‍ നടക്കുന്ന സമയമാണ് ഇത്.

ഒരു വ്യക്തി വിവാഹം കഴിക്കേണ്ട സമയത്തെക്കുറിച്ചുള്ള തന്റെ അഭിപ്രായം തുറന്ന് പറയുകയാണ് ഫില്‍മിബീറ്റിന് നല്‍കിയ അഭിമുഖത്തില്‍ നടി നവ്യ നായര്‍.

”കല്യാണം കഴിക്കണം, എന്ന് നമുക്ക് എപ്പോള്‍ തോന്നുന്നോ അതാണ് നമ്മുടെ വിവാഹപ്രായം.

പക്ഷെ, ഞാന്‍ അങ്ങനെയല്ല ചെയ്തത്. എന്റെ ഫ്രണ്ട്‌സ് ഒക്കെ കല്യാണം കഴിച്ച്, അച്ഛനും അമ്മയും എന്നോട് കല്യാണം കഴിക്കാന്‍ പറഞ്ഞ സമയത്താണ് ഞാന്‍ കല്യാണം കഴിച്ചത്.

എത്ര മനോഹരമായ ആചാരം. പറ്റിപ്പോയ് ആശാനേ പറ്റിപ്പോയി. ചേട്ടന്‍ കേള്‍ക്കണ്ട (ചിരിച്ചുകൊണ്ട്). പക്ഷെ ചേട്ടന് അറിയാം,” നവ്യ പറഞ്ഞു.

ഇന്റര്‍വ്യൂകളില്‍ എല്ലാ കാര്യങ്ങളും തുറന്ന് പറയുന്നതുകൊണ്ട് എന്തെങ്കിലും പ്രശ്‌നമുണ്ടാകുമെന്ന് തോന്നുന്നുണ്ടോ, എന്ന അവതാരകയുടെ ചോദ്യത്തിനും താരം മറുപടി നല്‍കി.

”എനിക്ക് അറിഞ്ഞൂട. ഇപ്പോള്‍ കുറച്ച് നാളായി ഇതിനെക്കുറിച്ച് റീതിങ്ക് ചെയ്യാനുള്ള സമയമില്ല. ഫുള്‍ ടൈം ഇന്റര്‍വ്യൂ കൊടുക്കല്‍ ആണ്.

ഞാന്‍ ഒരു ഇന്റര്‍വ്യൂവും കാണുന്നില്ല. കൊടുപ്പ് മാത്രേ നടക്കുന്നുള്ളൂ.

റിലീസ് ഒക്കെ കഴിഞ്ഞ്, തിരക്ക് കഴിഞ്ഞിട്ട് വേണം ഓരോന്നായി ഇരുന്ന് കാണാന്‍. ഞാന്‍ എന്തൊക്കെയാ പറഞ്ഞത് എന്ന് നോക്കാന്‍. എനിക്ക് ഒരു ലെവലും ഇല്ല,” നവ്യ കൂട്ടിച്ചേര്‍ത്തു.

വി.കെ. പ്രകാശ് സംവിധാനം ചെയ്ത ഒരുത്തീ എന്ന സിനിമയുടെ പ്രൊമോഷന്റെ ഭാഗമായുള്ള അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു നവ്യ. വിവാഹശേഷം സിനിമയില്‍ നിന്നും മാറിനിന്ന നവ്യയുടെ ശക്തമായ തിരിച്ചുവരവ് കൂടിയാണ് ഒരുത്തീ.

തിയേറ്ററില്‍ മികച്ച അഭിപ്രായം നേടി മുന്നേറുന്ന ചിത്രത്തില്‍ വിനായകന്‍, സൈജു കുറുപ്പ് എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. കെ.പി.എ.സി ലളിത അവസാനമായി അഭിനയിച്ച സിനിമ കൂടിയാണ് ഒരുത്തീ.

Content Highlight: Navya Nair on marriage age, her interviews and Oruthee movie