ന്യൂദല്‍ഹി: കൊവിഡ് 19 ന്റെ പശ്ചാത്തലത്തില്‍ രാജ്യത്ത് പ്രധാനമന്ത്രി പ്രഖ്യാപിച്ച സമ്പൂര്‍ണ്ണ ലോക്ക് ഡൗണ്‍ തുടങ്ങി. 21 ദിവസം നീണ്ടുനില്‍ക്കുന്ന ലോക്ക് ഡൗണ്‍ ചൊവ്വാഴ്ച അര്‍ധരാത്രി മുതലാണ് ആരംഭിച്ചത്.

ഇക്കാലയളവില്‍ ജനതാകര്‍ഫ്യൂവിനു സമാനമായി ജനങ്ങള്‍ വീടിനുള്ളില്‍ കഴിയണമെന്ന് പ്രധാനമന്ത്രി അഭ്യര്‍ഥിച്ചു. ലോകത്ത് ആദ്യമായാണ് ഒരു രാജ്യത്ത് സമ്പൂര്‍ണ അടച്ചിടല്‍ പ്രഖ്യാപിക്കുന്നത്.

സംസ്ഥാനങ്ങള്‍, കേന്ദ്ര ഭരണപ്രദേശങ്ങള്‍, ജില്ലകള്‍, ഗ്രാമങ്ങള്‍ തുടങ്ങി എല്ലാ മേഖലകളും അടച്ചിടും. തെറ്റായ വാദം ഉന്നയിച്ച് വിലക്കിന് ഇളവ് നേടാന്‍ ശ്രമിച്ചാല്‍ രണ്ടു വര്‍ഷം വരെ തടവ് ലഭിക്കുന്ന കുറ്റം ചുമത്തുമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രാലയം അറിയിച്ചു.

അതേസമയം ആശുപത്രി, നഴ്‌സിങ് ഹോം, പൊലീസ് സ്‌റ്റേഷന്‍, ഫയര്‍ ഫോഴ്‌സ്, എ.ടി.എം എന്നിവ പ്രവര്‍ത്തിക്കും. റേഷന്‍ കടകള്‍ക്കൊപ്പം പച്ചക്കറി, പാല്‍, പഴം, പലവ്യഞ്ജനങ്ങള്‍, ഭക്ഷണം, മത്സ്യം, മാംസം, കാലിത്തീറ്റ എന്നിവക്കുള്ള കടകള്‍ തുറക്കാം.

ബാങ്ക്, ഇന്‍ഷുറന്‍സ്, അച്ചടി-ദൃശ്യ മാധ്യമങ്ങള്‍ എന്നിവക്ക് പ്രവര്‍ത്തിക്കാം. സംസ്‌കാര ചടങ്ങില്‍ 20ല്‍ കൂടുതല്‍ പേര്‍ പങ്കെടുക്കുന്നതിന് വിലക്കുണ്ട്.

അതേസമയം രാജ്യത്ത് വീണ്ടും കൊവിഡ് 19 മരണം റിപ്പോര്‍ട്ട് ചെയ്തു. വൈറസ് ബാധയില്‍ ചികിത്സയിലിരുന്ന തമിഴ്‌നാട് സ്വദേശിയായ 54 കാരനാണ് രാജാജി ആശുപത്രിയില്‍ മരിച്ചത്.

തമിഴ്‌നാട് ആരോഗ്യമന്ത്രി സി. വിജയഭാസ്‌കറാണ് ഇക്കാര്യം അറിയിച്ചത്. ഇയാള്‍ നേരത്തെ പ്രമേഹരോഗത്തിനും ചികിത്സയിലായിരുന്നു.

ഇതോടെ രാജ്യത്ത് കൊവിജ് 19 വൈറസ് ബാധയില്‍ മരണം 12 ആയി. മഹാരാഷ്ട്ര, കര്‍ണാടക, പഞ്ചാബ്, ദല്‍ഹി, ഗുജറാത്ത്, ഹിമാചല്‍ പ്രദേശ് സംസ്ഥാനങ്ങളിലും മരണം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

WATCH THIS VIDEO: