തല്ലുമാലക്ക് ശേഷം ഖാലിദ് റഹ്‌മാന്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിനുള്ള കാത്തിരിപ്പിലായിരുന്നു സിനിമാപ്രേമികള്‍. സ്പോര്‍ട്സ് കോമഡി ഴോണറിലാണ് അദ്ദേഹത്തിന്റെ ഏറ്റവും പുതിയ സിനിമയായ ‘ആലപ്പുഴ ജിംഖാന’ എത്തുന്നത്.

ബോക്സിങ് പശ്ചാത്തലമാക്കി എത്തുന്ന സിനിമയില്‍ നസ്‌ലെന്‍, ലുക്മാന്‍, അനഘ രവി, ഗണപതി എന്നിവരാണ് പ്രധാനവേഷത്തില്‍ അഭിനയിക്കുന്നത്. ഇവര്‍ക്ക് പുറമെ സന്ദീപ് പ്രദീപ്, ഫ്രാങ്കോ ഫ്രാന്‍സിസ്, ബേബി ജീന്‍, ശിവ ഹരിഹരന്‍, ഷോണ്‍ ജോയ്, കാര്‍ത്തിക്, നന്ദ നിഷാന്ത് തുടങ്ങിയവരും സിനിമക്കായി ഒന്നിക്കുന്നുണ്ട്.

ഖാലിദ് റഹ്‌മാനൊപ്പം സിനിമ ചെയ്തതിനെ കുറിച്ച് പറയുകയാണ് നസ്‌ലെന്‍. അദ്ദേഹത്തിനൊപ്പമുള്ള എക്‌സ്പീരിയന്‍സ് വളരെ വലുതായിരുന്നു എന്നാണ് നടന്‍ പറയുന്നത്. ഒപ്പം തണ്ണീര്‍മത്തന്‍ ദിനങ്ങള്‍ എന്ന സിനിമക്ക് ശേഷം താന്‍ സംവിധായകന് അങ്ങോട്ട് മെസേജിട്ടുവെന്നും നസ്‌ലെന്‍ പറയുന്നു.

ചെറിയ റോളാണെങ്കിലും തരണമെന്ന രീതിയിലാണ് താന്‍ അദ്ദേഹത്തിന് മെസേജിട്ടതെന്നും നടന്‍ കൂട്ടിച്ചേര്‍ത്തു. സില്ലി മോങ്ക്‌സ് മോളിവുഡിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു നസ്‌ലെന്‍.

‘ഖാലിദ് റഹ്‌മാനൊപ്പമുള്ള എക്‌സ്പീരിയന്‍സ് വളരെ വലുതായിരുന്നു. തണ്ണീര്‍മത്തന്‍ സിനിമയൊക്കെ കഴിഞ്ഞ ശേഷം ഞാന്‍ അങ്ങോട്ടേക്ക് മെസേജിട്ട ഒരു ആളാണ് റഹ്‌മാനിക്ക. ഏതെങ്കിലും സിനിമയില്‍ ചാന്‍സുണ്ടെങ്കില്‍ തരണമെന്ന് ഞാന്‍ പറഞ്ഞിരുന്നു. ചെറിയ റോളാണെങ്കിലും തരണമെന്ന രീതിയിലാണ് ഞാന്‍ അദ്ദേഹത്തിന് മെസേജിട്ടത്.

അപ്പോള്‍ അദ്ദേഹം സംവിധാനം ചെയ്യുന്ന ഒരു സിനിമയില്‍ അത്രയും പ്രധാനപ്പെട്ട വേഷം ചെയ്യാന്‍ അവസരം കിട്ടുന്നത് വലിയ ഭാഗ്യമായിരുന്നു. അതില്‍ ഒരുപാട് സന്തോഷം തോന്നിയിരുന്നു. റഹ്‌മാനിക്കയുടെ കൂടെയുള്ള ജേര്‍ണി അടിപൊളിയായിരുന്നു.

ഇപ്പോള്‍ ഞാനുമായി വളരെ ക്ലോസായി നില്‍ക്കുന്ന ആളാണ് അദ്ദേഹം. ഇനിയും അത് അങ്ങനെ തന്നെ നിലനിന്ന് പോകട്ടേയെന്നാണ് എന്റെ ആഗ്രഹം,’ നസ്‌ലെന്‍ പറഞ്ഞു.


Content Highlight: Naslen Talks About Director Khalid Rahman