മുംബൈ: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജീവിതകഥ പറയുന്ന വെബ് സീരിസ് വരുന്നു. ഉമേഷ് ശുക്ലയാണ് “മോദി: ജേണി ഓഫ് എ കോമണ്‍ മാന്‍” എന്നു പേരിട്ടിരിക്കുന്ന പത്തു ഭാഗങ്ങളുള്ള വെബ് സീരീസ് സംവിധാനം ചെയ്തിരിക്കുന്നത്.

വിവേക് ഒബേ്‌റോയിയെ നായകനാക്കി ഒമംഗ് കുമാര്‍ സംവിധാനം ചെയ്ത “പി.എം. നരേന്ദ്ര മോദി” എന്ന സിനിമയ്ക്കു പിന്നാലെ തെരഞ്ഞെടുപ്പു കാലത്താണ് വെബ് സീരിസും എത്തുന്നത്.


“പി.എം. നരേന്ദ്ര മോദി”യുടെ പേരില്‍ ബോംബെ ഹൈക്കോടതി തെരഞ്ഞെടുപ്പു കമ്മിഷന് നോട്ടീസ് അയച്ചിരിക്കേയാണ് മോദിയുടെ ജീവിതകഥ പറയുന്ന വെബ് സീരിസ് വരുന്നത്.

നരേന്ദ്രമോദിയുടെ കുട്ടിക്കാലം മുതല്‍ പ്രധാനമന്ത്രി പദം വരെയുള്ള ജീവിതം ചിത്രീകരിക്കുന്നതാണ് പരമ്പര. പരമ്പരയുടെ തിരക്കഥ എഴുതിയിരിക്കുന്നത് സെന്‍സര്‍ ബോര്‍ഡ് അംഗമായ മിഹിര്‍ ഭൂട്ടായും രാധിക ആനന്ദും ചേര്‍ന്നാണ്.

ഫൈസല്‍ ഖാന്‍, ആഷിഷ് ശര്‍മ, മഹേഷ് ഠാക്കൂര്‍ എന്നിവരാണ് സിനിമയില്‍ പല കാലങ്ങളിലുള്ള മോദിയുടെ വേഷമിടുന്നത്. “ഇറോസ് നൗ” വെബ്സൈറ്റിലാണ് സീരിസ് സംപ്രേഷണം ചെയ്യുക.


അതേസമയം, തെരഞ്ഞെടുപ്പു പെരുമാറ്റച്ചട്ടം വെബ് പരമ്പരയ്ക്കു ബാധകമാണോ എന്നറിയില്ലെന്ന് സംവിധായകന്‍ ഉമേഷ് ശുക്ല പറഞ്ഞു. അതേക്കുറിച്ച് ആശങ്കയില്ലെന്നും മുന്‍ നിശ്ചയിച്ച പ്രകാരം ഏപ്രിലില്‍ തന്നെ ഇതു പുറത്തിറക്കാനാണ് ഉദ്ദേശിക്കുന്നതെന്നും ഉമേഷ് ശുക്ല പറഞ്ഞു.