ന്യൂദല്‍ഹി: “ചായ് പെ” മോഡല്‍ ചര്‍ച്ചയുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി വീണ്ടും. താന്‍ രാജ്യത്തിന്റെ കാവല്‍ക്കാരനാണ് എന്ന മോദിയുടെ പ്രസംഗത്തെ ചുവടു പിടിച്ചാണ് ചായ് പെ മോഡല്‍ ക്യാംപയിനിംഗ് ആരംഭിച്ചിരിക്കുന്നത്.

“ഞാനും കാവല്‍ക്കാരന്‍” ക്യാംപെയ്‌നിന്റെ ഭാഗമായി പ്രധാനമന്ത്രി ഇന്ന് രാജ്യത്തെ 500 ലധികം കേന്ദ്രങ്ങളിലുള്ളവരുമായി സംസാരിക്കും. ചായ് പെ ചര്‍ച്ചയുടെ മാതൃകയിലാണ് ഓണ്‍ലൈന്‍ സംവാദം സംഘടിപ്പിക്കുന്നത്.


2014ലെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ മോദിയുടെ പ്രധാന തെരഞ്ഞെടുപ്പ് ക്യാംപയിനായിരുന്നു ചായ് പെ ചര്‍ച്ച. ചെറുപ്പകാലത്ത് മോദി റെയില്‍വേ സ്റ്റേഷനിലെ ചായ വില്‍പ്പനക്കാരനായിരുന്നു എന്നത് തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഉപയോഗിക്കുകയായിരുന്നു. ഇതാണ് ചായ് പെ ചര്‍ച്ചയായി മാറിയതും.

രാജ്യത്തെ തെരഞ്ഞെടുക്കപ്പെട്ട ആയിരം ഹോട്ടലുകളിലാണ് ചായ് പെ ചര്‍ച്ച നടന്നത്. പ്രധാനമന്ത്രിയുടെ ക്യാംപെയ്ന്‍ ടീമായ സിറ്റിസണ്‍സ് ഫോര്‍ അക്കൗണ്ടബിള്‍ ഗവേണന്‍സാണ് ചായ് പെ ചര്‍ച്ച എന്ന ആശയം അവതരിപ്പിച്ചത്.

അഞ്ച് വര്‍ഷങ്ങള്‍ക്ക് ശേഷം ചായ് പെ ചര്‍ച്ചയ്ക്ക് അവധി കൊടുത്ത് കാവല്‍ക്കാരനുമായുള്ള സംവാദമാണ് തെരഞ്ഞെടുപ്പു പ്രചാരണമായി മോദി നടത്തുന്നത്.


രാഹുല്‍ ഗാന്ധി ഉയര്‍ത്തിയ കാവല്‍ക്കാരന്‍ കള്ളനാണെന്ന മുദ്രാവാക്യത്തിന് ബദലായാണ് ബി.ജെ.പി “ഞാനും കാവല്‍ക്കാരന്‍” പ്രചാരണം തുടങ്ങിയത്. അമിത് ഷാ ഉള്‍പ്പടെയുള്ള മുതിര്‍ന്ന ബി.ജെ.പി നേതാക്കളും പ്രവര്‍ത്തകരും ട്വിറ്റര്‍ ക്യാംപെയ്‌നിന്റെ ഭാഗമായിരുന്നു.

20 ലക്ഷം ട്വീറ്റുകളോടെ ട്വിറ്ററില്‍ മികച്ച പ്രതികരണമാണ് ഞാനും കാവല്‍ക്കാരന്‍ ക്യാംപെയ്‌ന് ലഭിച്ചതെന്നാണ് കേന്ദ്ര മന്ത്രി രവിശങ്കര്‍ പ്രസാദ് അവകാശപ്പെട്ടത്. മോദിയുടെ സംവാദത്തില്‍ കര്‍ഷകരും പ്രൊഫഷണലുകളും യുവവോട്ടര്‍മാരും പങ്കെടുക്കും.