നൽസാർ വിദ്യാർഥികൾക്ക് പിന്തുണ; ബിരുദദാന ചടങ്ങിൽ സൂര്യകാന്തിനെയും BCI ചെയർമാനെയും ക്ഷണിക്കുന്നതിനെതിരെ NLSIU വിദ്യാർഥികളും പൂർവവിദ്യാർഥികളും
India
നൽസാർ വിദ്യാർഥികൾക്ക് പിന്തുണ; ബിരുദദാന ചടങ്ങിൽ സൂര്യകാന്തിനെയും BCI ചെയർമാനെയും ക്ഷണിക്കുന്നതിനെതിരെ NLSIU വിദ്യാർഥികളും പൂർവവിദ്യാർഥികളും
ശ്രീലക്ഷ്മി പി.പി
Sunday, 16th August 2026, 1:52 pm

ബെംഗളൂരു: ഹൈദരാബാദിലെ നൽസാർ യൂണിവേഴ്സിറ്റി ഓഫ് ലോയിലെ വിദ്യാർഥികളുടെ എൻറോൾമെന്റ് തടയാൻ ബാർ കൗൺസിൽ ഓഫ് ഇന്ത്യ (BCI) പുറപ്പെടുവിക്കുകയും പിന്നീട് പിൻവലിക്കുകയും ചെയ്ത ഉത്തരവിനെ ശക്തമായി അപലപിച്ച് ബെംഗളൂരുവിലെ നാഷണൽ ലോ സ്കൂൾ ഓഫ് ഇന്ത്യ യൂണിവേഴ്സിറ്റി (NLSIU) വിദ്യാർഥികളും പൂർവവിദ്യാർഥികളും രംഗത്ത്. നൽസാർ വിദ്യാർഥികൾ പ്രകടിപ്പിച്ച അഭിപ്രായ സ്വാതന്ത്ര്യത്തിനും അധികാരികളോട് നിലപാട് തുറന്ന് പറയാനും ഉള്ള അവരുടെ നിലപാടിനും പിന്തുണ പ്രഖ്യാപിച്ചാണ് പ്രതിഷേധം.

ചീഫ് ജസ്റ്റിസ് ഓഫ് ഇന്ത്യ (CJI) സൂര്യകാന്തിനെയും ബി.സി.ഐ ചെയർമാൻ മനൻ കുമാർ മിശ്രയെയും സർവകലാശാലയുടെ ബിരുദദാന ചടങ്ങിൽ പങ്കെടുക്കാൻ ക്ഷണിച്ചതിനെതിരെയാണ് എൻ.എൽ.എസ്.ഐ.യു വിദ്യാർഥികളും പൂർവവിദ്യാർഥികളും എതിർപ്പ് ഉയർത്തിയത്. നൽസാർ വിദ്യാർഥികളുടെ അഭിപ്രായ സ്വാതന്ത്ര്യത്തെ ചോദ്യം ചെയ്ത നടപടികൾക്ക് നേതൃത്വം നൽകിയ വ്യക്തികളെ വിദ്യാർഥികൾക്ക് ബിരുദം നൽകുന്ന ചടങ്ങിലേക്ക് ക്ഷണിക്കുന്നത് അപമാനകരമാണെന്ന് അവർ പ്രസ്താവനയിൽ ചൂണ്ടിക്കാട്ടി.

നൽസാർ സർവകലാശാലയിലെ വിദ്യാർഥികൾ ബിരുദദാന ചടങ്ങിൽ ചീഫ് ജസ്റ്റിസിന്റെ സാന്നിധ്യത്തെ എതിർത്തതിനെ തുടർന്ന്, അവരെ അഭിഭാഷകരായി എൻറോൾ ചെയ്യുന്നത് തടയാൻ ബി.സി.ഐ നിർദേശം നൽകിയിരുന്നു. വിദ്യാർഥികൾക്ക് പ്രതിഷേധിക്കാനുള്ള അവകാശമുണ്ടെന്ന് സി.ജെ.ഐ അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കിയതിന് പിന്നാലെയായിരുന്നു, അടുത്ത ഉത്തരവുണ്ടാകുന്നതുവരെ നൽസാറിലെ 2026 ബാച്ചിലെ ബിരുദധാരികളെ എൻറോൾ ചെയ്യിക്കരുത് എന്ന് സംസ്ഥാന ബാർ കൗൺസിലുകൾക്ക് ബി.സി.ഐ നിർദേശം നൽകിയത്. എന്നാൽ വ്യാപക പ്രതിഷേധം ഉയർന്നതോടെ മണിക്കൂറുകൾക്കുള്ളിൽ ഉത്തരവ് പിൻവലിച്ചു.

ബി.സി.ഐ പിന്നീട് നൽസാറിനെതിരായ നടപടികൾ അവസാനിപ്പിച്ചെങ്കിലും, ഇത്തരം നടപടികൾ ആരംഭിക്കാൻ കഴിഞ്ഞത് തന്നെ ഗൗരവമുള്ള വിഷയമാണെന്ന് എൻ.എൽ.എസ്.ഐ.യു വിദ്യാർഥികളും പൂർവവിദ്യാർഥികളും ചൂണ്ടിക്കാട്ടി. ഒരു പൊതുസർവകലാശാലയിലെ വിദ്യാർഥികൾക്കും അധ്യാപകർക്കുമെതിരെ ഒരു നിയമസ്ഥാപനത്തിന് ഭരണഘടനാവിരുദ്ധവും നിയമവിരുദ്ധവുമായ നടപടികൾ ആരംഭിക്കാൻ കഴിയുന്നത് അംഗീകരിക്കാനാകില്ലെന്നും അവർ വ്യക്തമാക്കി.

2026 ബാച്ചിൽ ബിരുദം നേടുന്ന 165 വിദ്യാർഥികൾ, നിലവിൽ പഠിക്കുന്ന 409 വിദ്യാർഥികൾ, 128 പൂർവവിദ്യാർഥികൾ എന്നിവർ ഒപ്പുവെച്ച പ്രസ്താവനയിലാണ് നിലപാട് വ്യക്തമാക്കിയത്.

ഒരു വിദ്യാർഥിയുടെ അക്കാദമിക ജീവിതത്തിലെ നിർണായക ഘട്ടമാണ് ബിരുദദാന ചടങ്ങെന്നും വർഷങ്ങളായുള്ള അധ്വാനത്തിന്റെയും സ്ഥിരോത്സാഹത്തിന്റെയും ആഘോഷമാണ് അതെന്നും പ്രസ്താവനയിൽ പറയുന്നു. ഉന്നതവിദ്യാഭ്യാസത്തിലേക്കുള്ള പ്രവേശനം തന്നെ വിവിധ സാമൂഹികവും ഘടനാപരവുമായ തടസ്സങ്ങൾക്ക് വിധേയമായ രാജ്യത്ത്, ഒരു ബിരുദദാന ചടങ്ങ് വിദ്യാർഥികൾക്കും അവരുടെ കുടുംബങ്ങൾക്കും ഏറെ പ്രാധാന്യമുള്ളതാണെന്നും അവർ ചൂണ്ടിക്കാട്ടി.

അതിനാൽ, വിദ്യാർഥികളോടുള്ള അവഹേളനവും അവജ്ഞയും പരസ്യമായി പ്രകടിപ്പിച്ച ഉന്നത പദവിയിലുള്ള വ്യക്തികളെ ബിരുദം നൽകാൻ ക്ഷണിക്കുന്നത് വിദ്യാർഥികളെയും അവരുടെ പോരാട്ടങ്ങളെയും അപമാനിക്കുന്ന നടപടിയാണെന്ന് എൻ.എൽ.എസ്.ഐ.യു വിദ്യാർഥികളും പൂർവവിദ്യാർഥികളും വിമർശിച്ചു.

നൽസാർ വിദ്യാർഥികളുടെ അഭിപ്രായ സ്വാതന്ത്ര്യത്തെ ഹനിക്കാൻ ശ്രമിച്ചതിന് ബി.സി.ഐ നിരുപാധികം മാപ്പുപറയണമെന്നും അവർ ആവശ്യപ്പെട്ടു. നൽസാർ വിദ്യാർഥികളോടും അധ്യാപകരോടും ബാർ കൗൺസിൽ ഓഫ് ഇന്ത്യ മാപ്പുപറയുക, ബി.സി.ഐ ചെയർമാൻ മനൻ കുമാർ മിശ്ര തന്റെ നടപടികളുടെ ഉത്തരവാദിത്തം ഏറ്റെടുക്കുക എന്നിവയാണ് പ്രധാന ആവശ്യങ്ങൾ.

അഭിപ്രായ സ്വാതന്ത്ര്യത്തിനും ജനാധിപത്യപരമായ പ്രതിഷേധത്തിനുമുള്ള നൽസാർ വിദ്യാർഥികളുടെ അവകാശത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചാണ് എൻ.എൽ.എസ്.ഐ.യു വിദ്യാർഥികളും പൂർവവിദ്യാർഥികളും പ്രതിഷേധവുമായി രംഗത്തെത്തിയത്.

Content Highlight:NALSAR Students’ Support: NLSIU Students and Alumni Oppose Inviting Justice Suryakant and BCI Chairman to Graduation Ceremony.

 

 

 

ശ്രീലക്ഷ്മി പി.പി
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയിനി. കണ്ണൂര്‍ സര്‍വകലാശാലയില്‍ നിന്നും ജേണലിസത്തില്‍ ബിരുദാനന്തര ബിരുദം.