nad


താനൊരിക്കലും ആറളത്ത് പോയിട്ടില്ല.  ഇക്കാര്യം പല തവണ പൊലീസിനോട് പറഞ്ഞിരുന്നു. പൊലീസ് തന്നെ വേട്ടയാടുകയാണ്. അറസ്റ്റ് ചെയ്തുവെന്ന് പറഞ്ഞാണ് പൊലീസ് തന്നെ കൊണ്ടു പോയതെന്നും നദീര്‍ പറഞ്ഞു


കോഴിക്കോട്:   ആറളം കേസില്‍ തന്നെ തനിക്കെതിരായ കേസ് എഴുതി തള്ളിയിട്ടില്ലെന്ന് ഇരിട്ടി ഡി.വൈ.എസ്.പി തന്നോട് പറഞ്ഞതായി നദീര്‍. ജനുവരി 4ന് ഹാജരാവണമെന്നാവശ്യപ്പെട്ട് പൊലീസ് വീണ്ടും നോട്ടീസ് നല്‍കിയെന്നും നദീര്‍. വിട്ടയച്ച ശേഷം അല്‍പം മുമ്പ് കോഴിക്കോട് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു നദീര്‍.

പരിശോധനക്കായി ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിന് തയ്യാറാക്കിയ രേഖയിലും യു.എ.പി.എ എന്നുതന്നെയാണ് പോലീസ് രേഖപ്പെടുത്തിയിര്കകുന്നത്. പൊലീസ് തന്നെ അറസ്റ്റ് ചെയ്തപ്പോള്‍ കേസെന്താണെന്ന് പറയാന്‍ തയ്യാറായില്ല.

ഫോട്ടോയെടുക്കാന്‍ ശ്രമിച്ചപ്പോള്‍ അറസ്റ്റു രേഖപ്പെടുത്തിയാലേ ഫോട്ടോയെടുക്കാന്‍ സമ്മതിക്കൂ എന്ന് താന്‍ പറഞ്ഞപ്പോഴാണ് അറസ്റ്റു ചെയ്യുകയാണെന്ന് പൊലീസ് പറയുന്നത്.

കഴിഞ്ഞ ദിവസം കോഴിക്കോട് മെഡിക്കല്‍ കോളേജ് പോലീസ് കസ്റ്റഡിയിലെടുത്ത തന്നെ ഇരിട്ടി ഡി.വൈ.എസ്.പി ഓഫീസിലേക്ക് കൊണ്ടുപോയി. ഐ.ബിയും പോലീസുമുള്‍പ്പെടെ വിവിധ വിഭാഗങ്ങള്‍ രാത്രി രണ്ട് മണി വരെ മാറി മാറി ചോദ്യം ചെയ്തു.

2016 മാര്‍ച്ച് മൂന്നിന് ആറളത്ത് സി.പി.ഐ മാവോയിസ്റ്റ് പ്രവര്‍ത്തകരായ ആറ് പേര്‍ക്കൊപ്പം കാട്ടൂതീ പ്രസിദ്ധീകരണം വിതരണം ചെയ്തതിന് തെളിവുണ്ടെന്ന് പറഞ്ഞാണ് തന്നെ പ്രതിയാക്കിയത്. പിറ്റേദിവസം സര്‍ക്കാര്‍ അഭിഭാഷകന്‍ ഫോണില്‍ വിളിച്ച് 124, എ പ്രകാരമാണ് കേസെടുത്തിട്ടുള്ളതെന്നും ജാമ്യം കിട്ടില്ലെന്നും അറിയിച്ചു.

2.30 ന് തലശ്ശേരി കോടതിയില്‍ ഹാജരാക്കുമെന്നും ജാമ്യത്തിന് സാധ്യതയില്ലെന്നും പറഞ്ഞു. ചൊവ്വാഴ്ച രണ്ടരയോടെ തലശ്ശേരി സെഷന്‍സ് കോടതിയില്‍ ഹാജരാക്കുമെന്നും അഭിഭാഷകരാരെങ്കിലും ഉണ്ടോയെന്നും ഇരിട്ടി ഡി.വൈ.എസ്.പി പ്രജീഷ് ചോദിച്ചതായും നദീര്‍ വ്യക്തമാക്കി.

അതേസമയം കാര്യങ്ങള്‍ കീഴ്‌മേല്‍ മറിയുകയും വിവിധ കോണുകളില്‍ നിന്ന് പ്രതിഷേധം ഉയരുകയും ചെയ്തതോടെ തന്നെ വിട്ടയക്കാന്‍ തീരുമാനിക്കുകയായിരുന്നു. വിട്ടയക്കാന്‍ ഉത്തരവായശേഷം തലശ്ശേരി ഡി.വൈ.എസ്.പി തന്നെ വേണമെങ്കില്‍ റിമാന്‍ഡില്‍ വെക്കാമെന്നും എങ്കിലും വിട്ടയക്കുകയാണെന്നും പറഞ്ഞു. പുറത്തിറങ്ങിയാല്‍ മാധ്യമങ്ങളോട് സംസാരിക്കരുതെന്ന് പൊലീസ് ഭീഷണിപ്പെടുത്തി.  ആറളത്ത് പോയിട്ടില്ലെന്ന് മനസിലായെന്നും പോലീസിന് തെറ്റുപറ്റിയതാണെന്നുമാണ് കണ്ണൂര്‍ എസ്.പി സഞ്ജയ് പറഞ്ഞത്.

മാവോയിസ്റ്റുകള്‍ക്കൊപ്പം കണ്ടെന്ന് പറയുന്ന ദിവസം താന്‍ കോഴിക്കോട് നഗരത്തില്‍ തന്നെ ഉണ്ടായിരുന്നു. കഴിഞ്ഞ മെയ് മാസത്തിലാണ് ഖത്തറില്‍ നിന്ന് വന്നത്. അടുത്തുതന്നെ മടങ്ങാനിരിക്കുകയായിരുന്നെന്നും നദീര്‍ പറഞ്ഞു.

അതേ സമയം നദീറിനെ അറസ്റ്റ് ചെയ്തിട്ടില്ലെന്നും സംശയത്തിന്റെ പേരിലാണ് കസ്റ്റഡിയിലെടുത്തതെന്നും തെളിവില്ലാത്തതിനാണ് വിട്ടയച്ചതെന്നും ഡി.ജി.പി ലോക്‌നാഥ് ബെഹ്‌റ  പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് പൊലീസ് വീണ്ടും നോട്ടീസ് അയച്ചിരിക്കുന്നത്.

nadeer

താനൊരിക്കലും ആറളത്ത് പോയിട്ടില്ല.  ഇക്കാര്യം പല തവണ പൊലീസിനോട് പറഞ്ഞിരുന്നു. പൊലീസ് തന്നെ വേട്ടയാടുകയാണ്. അറസ്റ്റ് ചെയ്തുവെന്ന് പറഞ്ഞാണ് പൊലീസ് തന്നെ കൊണ്ടു പോയതെന്നും നദീര്‍ പറഞ്ഞു.

വിട്ടയച്ചതിന് പിന്നാലെ ഇന്ന് നദീറിന്റെ വീട്ടില്‍ പൊലീസ് റെയിഡ് നടത്തുകയും ചെയ്തിരുന്നു. ഇരിട്ടി സിഐയുടെയും ആറളം എസ്.ഐയുടെയും നേതൃത്വത്തിലുളള പൊലീസ് സംഘമായിരുന്നു റെയ്ഡ് നടത്തിയിരുന്നത്. റെയ്ഡില്‍ ആറളം എസ്‌ഐയും ഒപ്പമുണ്ടായിരുന്നു. ഒരു മണിക്കൂറിലേറെ നടത്തിയ തിരച്ചിലില്‍ നദീറിന്റെ വീട്ടില്‍ നിന്നും സംശയാസ്പദമായി ഒന്നും തന്നെ കണ്ടെത്താനായിരുന്നില്ല.

ചിത്രം: നിഖില്‍ കാരാളി